കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുക സാമൂഹിക അകലം പാലിക്കുക എന്നതാണ്. ലോകമെങ്ങും ലോക്ക് ഡൗണിലാണ്. ഇന്നുമുതൽ വീണ്ടും 19 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. എത്ര കാലം സാമൂഹിക അകലം പാലിക്കേണ്ടി വരും ? 

വാക്സിൻ പെട്ടന്ന് കണ്ടെത്തിയില്ലെങ്കിൽ നിലവിൽ തുടരുന്ന സാമൂഹിക അകലം വർഷങ്ങൾ നീണ്ടുനിൽക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ യുഎസ് അടക്കമുള്ള കൊവിഡ‍് തീവ്ര മേഖലയിലാകും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുക. വാക്സിനോ പ്രതിരോധ മരുന്നോ എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ യുഎസ് അടക്കമുള്ള കൊവിഡ് തീവ്ര മേഖലയില്‍  ലോക്ക്ഡൗൺ 2022 വരെ നീണ്ടേക്കാമെന്നാണ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

2024 വരെ കൊവിഡ് നിരീക്ഷണം അനിവാര്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയന്ത്രണങ്ങൾ നീക്കുന്നതോടെ വൈറസ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നത്.