തലയില്‍ താരനുണ്ടെങ്കില്‍ പിന്നെ, ദുഖിക്കാന്‍ മറ്റൊരു കാരണവും വേണ്ടാത്തവരുണ്ട്. അത്രമാത്രം ശല്യമാണ് താരന്‍ കൊണ്ട് അവരനുഭവിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, സത്യത്തില്‍ താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങള്‍ കാണാറുണ്ട്. 

പൊതുവേ മഴക്കാലത്ത്, അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. അതിന്റെ ഭാഗമായി തലയോട്ടിയിലെ ചര്‍മ്മം വരണ്ടുപോകുന്നു. ഇങ്ങനെയാണ് മഴക്കാലത്ത് താരന്‍ കൂടുന്നത്. ഇതിന് പുറമെ, പതിവായി മുടിയില്‍ ഉപയോഗിക്കുന്ന എണ്ണ, ക്രീം മറ്റ് 'ഹെയര്‍ പ്രോഡക്ടുകള്‍' എന്നിവയും താരന്‍ കൂട്ടാന്‍ കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

ഇത് ഒഴിവാക്കാന്‍ ചില കരുതലുകള്‍ നമുക്കെടുക്കാവുന്നതാണ്. ഒരു പരിധി വരെ ഇത് താരനില്‍ നിന്ന് രക്ഷ നേടാന്‍ സഹായകമായേക്കും. 

മഴക്കാലത്ത്, ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും മുടി നന്നായി കഴുകുക. ഇതിന് വീര്യം കുറഞ്ഞ ഷാമ്പൂകള്‍ ഉപയോഗിക്കാം. അതുപോലെ താരനകറ്റാന്‍ വേണ്ടിയുള്ള ഷാമ്പൂകള്‍ ലഭ്യമാണ്. അത്തരത്തിലുള്ളവയും പരീക്ഷിക്കാം. ഷാമ്പൂവിട്ട് മുടി കഴുകുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണയെടുത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കണം. തലയോട്ടി, നല്ലപോലെ ഒന്ന് തണുത്തതിന് ശേഷം മാത്രം തല നനയ്ക്കുക. 

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഒരു കാരണവശാലും തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാക്കി മാറ്റുന്ന തരത്തിലുള്ള ഷാമ്പൂകള്‍ ഉപയോഗിക്കരുത്. ഇത് താരന്‍ ശല്യം വീണ്ടും വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. അതുപോലെ ആദ്യം സൂചിപ്പിച്ചതനുസരിച്ച്, എപ്പോഴും മഴക്കാലങ്ങളില്‍ മുടി വൃത്തിയായി കൊണ്ടുനടക്കുക.