ടൈപ്പ്- 2 പ്രമേഹമാണ് ജീവിതചര്യയുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ളത്. അതായത് അമിതമായ ശരീരഭാരമുള്ളവരെയാണ് ടൈപ്പ്- 2 പ്രമേഹം മിക്കവാറും പിടികൂടുന്നത്. ഇതിന് കഴിക്കുന്ന മരുന്ന് മറ്റൊരു രോഗത്തെ കൂടി തടയുമെന്നാണ് പുതിയ കണ്ടെത്തൽ 

നിത്യവും നമ്മള്‍ കാണുകയും ഇടപഴകുകയും ചെയ്യുന്ന എത്രയോ പേര്‍ക്കാണ് പ്രമേഹമുള്ളതായി പറയാറ്. അത്രമാത്രം വ്യാപകമായ രീതിയിലാണ് ഇപ്പോള്‍ പ്രമേഹംം പടര്‍ന്നുപിടിക്കുന്നത്. പ്രധാനമായും ജീവിതശൈലികള്‍ തന്നെയാണ് പ്രമേഹത്തിന് കാരണമാകുന്നത്. 

ഇതില്‍ തന്നെ ടൈപ്പ്- 2 പ്രമേഹമാണ് ജീവിതചര്യയുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ളത്. അതായത് അമിതമായ ശരീരഭാരമുള്ളവരെയാണ് ടൈപ്പ്- 2 പ്രമേഹം മിക്കവാറും പിടികൂടുന്നത്. എന്നാല്‍ ഇതിനുള്ള മരുന്ന് കഴിക്കുമ്പോള്‍ അത് വൃക്കസംബന്ധമായ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

'ന്യൂ ഇംഗ്ലണ്ട് ജോണല്‍ ഓഫ് മെഡിസിന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ടൈപ്പ്- 2 പ്രമേഹമുള്ള 13,000 പേരെ വച്ചാണ് ഡോക്ടര്‍മാര്‍ പഠനം നടത്തിയത്. ലഭിച്ച റിപ്പോര്‍ട്ടില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും, ഇത് പൂര്‍ണ്ണമായി ഉറപ്പിക്കാനായാല്‍ ഭാവിയില്‍ അത് മെഡിക്കല്‍ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നുമാണ ഇവര്‍ അഭിപ്രായപ്പെടുന്നത്. 

വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുന്ന അവസ്ഥ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഒരു പരിധി വരെ ടൈപ്പ് - പ്രമേഹത്തിന്റെ മരുന്നുകള്‍ തടയുന്നതത്രേ. വിശദമായ പഠനം ഇപ്പോള്‍ കിട്ടിയിരിക്കുന്ന പഠനറിപ്പോര്‍ട്ടിനെ ഉറപ്പിക്കുന്നതായാല്‍ മരുന്നുല്‍പാദന മേഖലയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.