ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ നൂറിലധികം പൂച്ചകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ സമയത്ത് ശേഖരിച്ച സാമ്പിളുകളില്‍ തന്നെ 15 പൂച്ചകളിലാണ് വൈറസ് ബാധ കണ്ടെത്തപ്പെട്ടിട്ടുള്ളത്

കൊവിഡ് 19 വ്യാപകമായ ആദ്യഘട്ടങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്ന ഒരു പ്രധാന ആശങ്കയായിരുന്നു വളര്‍ത്തുമൃഗങ്ങളിലോ മനുഷ്യരുമായി നിത്യജീവിതത്തില്‍ ഇടപഴകുന്ന മൃഗങ്ങളിലോ കൊവിഡ് ഉണ്ടാകുമോ എന്നത്. തുടര്‍ന്ന് അധികം വൈകാതെ തന്നെ വിവിധയിടങ്ങളില്‍ പട്ടികളിലും പൂച്ചകളിലും കൊവിഡ് കണ്ടെത്തുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇവരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളൊന്നും തന്നെ ശാസ്ത്രലോകത്തിന് കിട്ടിയിരുന്നില്ല. ഇപ്പോഴിതാ അല്‍പം കൂടി ആശങ്കപ്പെടുത്തുന്ന ഒരു വിവരമാണ് ചൈനയിലെ വുഹാനില്‍ നിന്നുള്ള ഒരു പഠനം പങ്കുവയ്ക്കുന്നത്. 

കൂടുതല്‍ പൂച്ചകളില്‍ കൊവിഡ് 19 കണ്ടേക്കാമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ നൂറിലധികം പൂച്ചകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ സമയത്ത് ശേഖരിച്ച സാമ്പിളുകളില്‍ തന്നെ 15 പൂച്ചകളിലാണ് വൈറസ് ബാധ കണ്ടെത്തപ്പെട്ടിട്ടുള്ളത്.

അങ്ങനെയാണെങ്കില്‍ നിലവില്‍ ഇതിന്റെ തോത് വര്‍ധിച്ചിരിക്കാം എന്നാണ് ഗവേഷകരുടെ അനുമാനം. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍, തെരുവില്‍ അലഞ്ഞുനടക്കുന്ന പൂച്ചകള്‍, ഷെല്‍ട്ടര്‍ ഹോമുകളിലുള്ള പൂച്ചകള്‍ എന്നിവയില്‍ നിന്നെല്ലാം ഗവേഷകര്‍ പഠനത്തിനായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 

മൃഗങ്ങളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് കൊവിഡ് 19 പകര്‍ന്നതിന് തെളിവുകളൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നും എങ്കില്‍ക്കൂടിയും ഈ സാഹചര്യത്തില്‍ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നത് തന്നെയാണ് ഉചിതമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- യുകെയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്; ഉടമസ്ഥനില്‍ നിന്ന് പകര്‍ന്നതെന്ന് വിദഗ്ധര്‍...