മാറിയ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും പലരുടെയും ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടുത്തിടെയായി സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ ക്യാന്‍സര്‍. ഗര്‍ഭാശയത്തെയും പ്രത്യുല്‍പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോ​​ഗത്തെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ സൗത്ത് എന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ പറയുന്നു.

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തിലെ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. അണ്ഡാശയ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴേ ചേർക്കുന്നു.

ഒന്ന്...

വയറ് വീർക്കുന്നതാണ് പ്രധാനലക്ഷണം. മൂന്ന് ആഴ്ചയിൽ ഏറെയായി വയർ വീർക്കൽ മാറാതെ നിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക.

രണ്ട്...

അടിവയറ്റിൽ, പെൽവിക് ഭാഗത്ത്‌ അല്ലെങ്കിൽ നടുവിന് വേദന തോന്നുക. മാസമുറയ്ക്ക് ശേഷവും നീണ്ട് നിൽക്കുന്ന നടുവേദന ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് അൾട്രാ സൗണ്ട് സ്കാൻ ചെയ്യണം.

മൂന്ന്...

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക. മൂന്ന് ആഴ്ചയിൽ ഏറെയായി വിശപ്പ്‌ കുറയുകയാണെങ്കിൽ ക്യാൻസർ സംശയിക്കാം. വയർ സംബന്ധമായോ കുടൽ സംബന്ധമായോ ഉള്ള അസുഖങ്ങളും വിശപ്പ്‌ കുറയ്ക്കാം.

നാല്...

ചെറിയ ഇടവേളകളിൽ തന്നെ മൂത്രം ഒഴിക്കാൻ തോന്നുന്നത് അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണമാണ്‌. കൂടുതലായി വെള്ളമോ പാനീയങ്ങളോ കുടിക്കാതെ തന്നെ പെട്ടെന്ന് തന്നെ മൂത്രം നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക. മൂത്രത്തിൽ അണുബാധയ്ക്കും ഇതേ ലക്ഷണങ്ങൾ ഉണ്ടാകും. 

മൂന്ന് ആഴ്ചയോ അതിൽ കൂടുതലോ ദിവസങ്ങളായി ഈ ലക്ഷണങ്ങൾ പ്രകടമാണെങ്കിൽ, ലക്ഷണങ്ങൾ ദിവസവും കാണപ്പെടുക, സാധാരണ ശാരീരിക അവസ്ഥയിൽ നിന്ന് വ്യത്യാസം അനുഭവപ്പെടുക എന്നിവ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.