യുഎസില്‍ ആശങ്കപ്പെടുത്തും വിധം സിഫിലിസ് കേസുകള്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഒരു പകര്‍ച്ചവ്യാധി പോലെയാണ് സിഫിലിസ് കേസുകള്‍ യുഎസില്‍ പെരുകിവരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്

ലൈംഗിക രോഗമായ സിഫിലിസിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എന്നാല്‍ ഈ രോഗത്തെ കുറിച്ച് വിശദമായി അധികപേരും മനസിലാക്കിയിരിക്കില്ല. ഇത് എത്രത്തോളം ഗുരുതരമാണ്, എങ്ങനെയെല്ലാം പകരുന്നു എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസിലാക്കുന്നത് നല്ലതുതന്നെ.

ഇപ്പോഴിതാ യുഎസില്‍ ആശങ്കപ്പെടുത്തും വിധം സിഫിലിസ് കേസുകള്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഒരു പകര്‍ച്ചവ്യാധി പോലെയാണ് സിഫിലിസ് കേസുകള്‍ യുഎസില്‍ പെരുകിവരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെ സിഫിലിസ് പടരുന്ന അവസ്ഥയുണ്ടായിട്ടില്ലത്രേ. 2018നും 2022നും ഇടയില്‍ മാത്രം 80 ശതമാനത്തോളം വര്‍ധനവാണ് സിഫിലിസ് കേസുകളിലുണ്ടായിരിക്കുന്നതെന്ന് 'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവൻഷൻ' വ്യക്തമാക്കുന്നു. 

2022ല്‍ മാത്രം സിഫിലിസ് ബാധിച്ച് 3,755 കുഞ്ഞുങ്ങള്‍ ജനിച്ചത്രേ. രോഗബാധ എത്രത്തോളം രൂക്ഷമായി എന്നതിന്‍റെ തെളിവായിട്ടാണ് ഇത് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം എടുക്കുന്നത്. 

'ഒട്ടും ഉള്‍ക്കൊള്ളാൻ സാധിക്കാത്തവിധത്തിലുള്ളതാണ് ഇപ്പോഴുള്ള സിഫിലിസ് പടര്‍ച്ച. കുഞ്ഞുങ്ങള്‍ വരെ രോഗബാധയുമായി ജനിച്ചുവീണുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അത് എന്തുമാത്രം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഉടൻ തന്നെ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടതാണ്....'- 'ഹെല്‍ത്ത് ആന്‍റ് ഹ്യൂമണ്‍ സര്‍വീസ്' സെക്രട്ടറി സേവ്യര്‍ ബെക്കേറ പറയുന്നു. 

അമ്പതുകളില്‍ സിഫിലിസ് രോഗം വലിയ രീതിയില്‍ അമേരിക്കയില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ മരുന്നുകള്‍ എത്തിയതോടെ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരാൻ തുടങ്ങി. പക്ഷേ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വീണ്ടും സിഫിലിസ് കേസുകള്‍ കൂടിവരുന്ന കാഴ്ചയാണ് അമേരിക്കയിലുള്ളത്. 

'ട്രിപോനെമ പെലിഡം' എന്ന ബാക്ടീരിയ ആണ് സിഫിലിസ് രോഗമുണ്ടാക്കുന്നത്. ഇത് പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. അമ്മയ്ക്ക് സിഫിലിസ് രോഗമുണ്ടാകുമ്പോള്‍ അത് ഗര്‍ഭാവസ്ഥയിലിരിക്കുന്ന ശിശുവിലേക്കും എത്തുകയാണ്. അല്ലെങ്കില്‍ പ്രസവസമയത്ത് കുഞ്ഞുങ്ങളിലേക്ക് രോഗമെത്തുകയാണ്.

നിലവില്‍ യുഎസില്‍ കോണ്ടം ഉപയോഗം തീരെ കുറഞ്ഞതാണ് രോഗം വ്യാപകമാകുന്നതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാമതായി പറയുന്ന കാരണം, സിഫിലിസ് രോഗത്തെ കുറിച്ചുള്ള അ‍‌ജ്ഞതയാണ്. 

സ്വകാര്യഭാഗങ്ങളിലോ വായിലോ ചെറിയൊരു മുറിവായിട്ടാണ് സിഫിലിസ് തുടങ്ങുക. ഇതിന് വേദനയൊന്നും അനുഭവപ്പെടണമെന്നില്ല. പക്ഷേ ചികിത്സയെടുത്തില്ലെങ്കില്‍ സിഫിലിസ് ഹൃദയവും തലച്ചോറും അടക്കം പല അവയവങ്ങളെയും തകരാറിലാക്കാം, അന്ധതയിലേക്ക് നയിക്കാം, ജീവൻ വരെ നഷ്ടപ്പെടുന്നതിലേക്കും നയിക്കാം. 

Also Read:- അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevidoe