ഹൃദ്രോഗത്തെ തടയണമെങ്കിൽ ആദ്യം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. അതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. 

മാറിയ ജീവിത ശൈലിയും വ്യായാമക്കുറവും, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളുമൊക്കെ ചീത്ത കൊളസ്ട്രോൾ (cholesterol) വർദ്ധിക്കാൻ കാരണമാകുന്നു. ഹൃദ്രോഗത്തെ തടയണമെങ്കിൽ ആദ്യം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. അതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. ചീത്ത കൊളസ്ട്രോൾ (ldl cholesterol) പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകും. ഹൃദ്രോ​ഗ സാധ്യത (heart disease) കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട 10 ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഓട്സാണ് ആദ്യമായി പറയേണ്ട ഭക്ഷണം. ഓട്സിൽ അടങ്ങിയിരിക്കുന്ന സോല്യുബിൾ ഫൈബർ ആയ ബീറ്റാ ഗ്ലൂക്കൺ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. 

രണ്ട്...

ധാന്യങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ധാന്യങ്ങളിൽ നാരുകളുടെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് ബാർലി. ഒരു കപ്പ് ബാർലിയിൽ 6 ഗ്രാം ഫൈബറാണ് ഉള്ളത്. 

മൂന്ന്...

എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ബീന്‍സ്. ബീൻസ് നാരുകളാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാനും ബീൻസ് സഹായിക്കും. 

നാല്...

ചീരയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. വൈറ്റമിന്‍ ബി, മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര.

അഞ്ച്...

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന പഴമാണ് അവോക്കാഡോ. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അവോക്കാഡോയ്ക്ക് കഴിയും. 

ആറ്...

ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് 5 ശതമാനം ക്രമത്തിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 

ഏഴ്...

സാല്‍മൺ, മത്തി ,അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് ഹൃദയത്തിനും ഏറെ ഗുണകരമാണ്. ഒമേഗ 3 ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണെന്ന് 'ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്' വ്യക്തമാക്കി.

എട്ട്...

ഭക്ഷണത്തിൽ വെളുത്തുള്ളി ധാരാളമായി ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും. വെളുത്തുള്ളിയിൽ ഉള്ള 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നത്. 

ഒൻപത്...

ഗ്രീൻ ടീയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി ​അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറത്ത് കളയാൻ സഹായിക്കും. ഗ്രീൻ ടീ സ്ഥിരമായി കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായകമാണ്.

പത്ത്...

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോൾ കൂട്ടാനും നെല്ലിക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കും. 

തലയില്‍ അഴുക്ക് അടിയുന്നതാണോ താരന്‍ വരാന്‍ കാരണം?