രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയുന്നതാണ് ഏറ്റവും ഭാഗ്യകരമെന്ന്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാറില്ല. രോഗം കാണിക്കുന്ന ലക്ഷണങ്ങളെ നേരാംവണ്ണം തിരിച്ചറിയാതെ പോകുന്നതോടെയാണ് രോഗവും കണ്ടെത്താനാകാതെ ഇരിക്കേണ്ടിവരുന്നത്
വൈദ്യശാസ്ത്രരംഗം ഏറെ പുരമോഗമിച്ചുവെങ്കില്‍ പോലും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒരു രോഗമായിത്തന്നെയാണ് നമ്മള്‍ ക്യാന്‍സറിനെ കണക്കാക്കുന്നത്. ഏത് ഘട്ടത്തില്‍ തിരിച്ചറിയുന്നു, എന്നതിന് അനുസരിച്ചാണ് അതിന്റെ ചികിത്സയും അതില്‍ നിന്നുള്ള മുക്തിയും കിടക്കുന്നത്.
അതായത് രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയുന്നതാണ് ഏറ്റവും ഭാഗ്യകരമെന്ന്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാറില്ല. രോഗം കാണിക്കുന്ന ലക്ഷണങ്ങളെ നേരാംവണ്ണം തിരിച്ചറിയാതെ പോകുന്നതോടെയാണ് രോഗവും കണ്ടെത്താനാകാതെ ഇരിക്കേണ്ടിവരുന്നത്.
ഓരോ തരം ക്യാന്‍സറിനും, അതിന്റെ തീവ്രതയ്ക്കും അനുസരിച്ചാണ് ലക്ഷണങ്ങള്‍ ഉണ്ടാവുക. പലതിനും പൊതുവേയുള്ള ചില ലക്ഷണങ്ങളും ഉണ്ടായേക്കാം. എങ്കിലും സാധാരണഗതിയില്‍ ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കാതെ, ഉപേക്ഷിച്ചുവിടുന്ന പ്രധാനപ്പെട്ട ഒരുപിടി ലക്ഷണങ്ങളുണ്ട്. അവയില്‍ പത്തെണ്ണം ഏതെല്ലാമാണെന്ന് നോക്കാം.
ഒന്ന്...
പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയാണ് ഒരു ലക്ഷണം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഭാരം കുറയുന്നു, അതും വര്‍ക്കൗട്ടോ ഡയറ്റോ പോലുമില്ലാതെ.

ആമാശയത്തിലെ ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, അന്നനാളത്തിലെ ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം എന്നിവയുടെ ലക്ഷണമായി ഇത് കണ്ടേക്കാമെന്ന് 'അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി' പറയുന്നു.
രണ്ട്...
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയും ഒരുപക്ഷേ ക്യാന്‍സറിന്റെ ലക്ഷണമാകാം. ആവശ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും മാനസികമായ സ്വസ്ഥതയും എല്ലാം ലഭിക്കുമ്പോഴും ഈ ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ ഒന്ന് കരുതുക, ആമാശയത്തിലെ ക്യാന്‍സര്‍, ലുക്കീമിയ, മലാശയ ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമായേക്കാം ഇത്.
മൂന്ന്...
വിട്ടുമാറാത്ത വേദനകളും ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. തലവേദന, വയറുവേദന, വായ്ക്കകത്ത് വേദന- ഇതെല്ലാം അതത് അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമാകാം. ചെറിയ തോതിലുള്ള ചികിത്സകളില്‍ ഭേദമാകാത്ത വേദനകള്‍ അതിനാല്‍ ഒന്ന് ശ്രദ്ധിക്കുക.
നാല്...
എപ്പോഴും ജലദോഷവും കഫക്കെട്ടും തൊണ്ടയടപ്പും ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം.

അതിനാല്‍ നീണ്ടുനില്‍ക്കുന്ന ചുമയും നീര്‍ക്കെട്ടും കാര്യമാക്കാതെ എടുക്കരുത്. അവയെ ഗൗരവപൂര്‍വ്വം പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുക.
അഞ്ച്...
പനിയും പല തരം ക്യാന്‍സറുകളുടെ ലക്ഷണമാണ്. ക്യാന്‍സറിനെ തുടര്‍ന്നുണ്ടാകുന്ന വിവിധ അണുബാധകളുടെ ഭാഗമായാണ് പനി വരുന്നത്. ലുക്കീമിയയുടേയോ ലിംഫോമയുടേയോ ലക്ഷണമായാണ് പ്രധാനമായും പനി വരാറ്. അതിനാല്‍ ഇടയ്ക്കിടെ പനി വരുന്നുണ്ടെങ്കില്‍ പ്രത്യേകം കരുതുക.
ആറ്...
നേരത്തേ സൂചിപ്പിച്ചത് പോലെ വേദനകള്‍ പല തരത്തിലും വരും. എന്നാല്‍ അസഹനീയമായ ചില വേദനകളും ക്യാന്‍സറിന്റെ ലക്ഷണമായി വരും. എല്ലിനെ ബാധിക്കുന്ന ക്യാന്‍സറാണ് ഇതിനൊരു ഉദാഹരണം. കഠിനമായി വേദനയായതിനാല്‍ സന്ധിവേദനയോ മറ്റോ ആണെന്ന് ധരിച്ച് വേദനസംഹാരി വാങ്ങിക്കഴിക്കും. ഇത് വളരെ അപകടം പിടിച്ച ഒരു പ്രവണതയാണ്. അതിനാല്‍ ശരീരത്തിലെവിടെയെങ്കിലും വേദനയനുഭവപ്പെട്ടാല്‍ അതിന്റെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തുക.
ഏഴ്...
തൊലിപ്പുറത്തെ ചില മാറ്റങ്ങളും ക്യാന്‍സറിന്റെ ലക്ഷണമാകാം. മഞ്ഞയോ ചുവപ്പോ കലര്‍ന്നുവരുന്ന നിറവ്യത്യാസം, ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത്, രോമവളര്‍ച്ച അമിതമാകുന്നത്, ചൊറിച്ചില്‍- ഇതെല്ലാം ചര്‍മ്മത്തെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമാകാം.
എട്ട്...
ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നതും ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. ദീര്‍ഘനാളായി തുടരുന്ന മലബന്ധം, മലത്തിന്റെ നിറത്തിലോ അളവിലോ വ്യത്യാസം വരുന്നത്, വയറിളക്കം- ഇവയെല്ലാം മലാശയത്തിലോ അതിന്റെ പരിസരങ്ങളിലോ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

മൂത്രമൊഴിക്കുമ്പോള്‍ വേദനയോ അതില്‍ രക്തം കണ്ടെത്തുകയോ ചെയ്തുവെങ്കിലും ശ്രദ്ധിക്കണം. ഇത് മൂത്രാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് ലക്ഷണമായി വരാറുണ്ട്.
ഒമ്പത്...
ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ മുഴകള്‍ നമ്മള്‍ കാണാതെ പോകാറുണ്ട്. അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാല്‍ ഇതും ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. സ്തനാര്‍ബുദം, വൃഷണത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ഇവയ്‌ക്കൊക്കെ മുഴകള്‍ പുറത്തേക്ക് ലക്ഷണമായി കാണാറുണ്ട്.
പത്ത്...
അസാധാരണമായ തരത്തില്‍ രക്തം കാണുന്നതും ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെയാണ്. കഫത്തില്‍ രക്തം കാണുന്നത് ശ്വാസകോശാര്‍ബുദത്തിന്റെയും മലത്തില്‍ രക്തം കാണുന്നത് മലാശയ ക്യാന്‍സറിന്റെയും ഒരു ലക്ഷണമാണ്. യോനിയിലൂടെ ആര്‍ത്തവമല്ലാത്ത സമയത്ത് രക്തം വരുന്നത് ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണമാകാം. അതുപോലെ മൂത്രത്തില്‍ രക്തം കാണുന്നത് വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണവുമാകാം.

മേല്‍ പറഞ്ഞ പത്ത് ലക്ഷണങ്ങളും പല അസുഖങ്ങളുടേയും ഭാഗമായി കാണാറുണ്ട്. കൂട്ടത്തില്‍ ഇവയെല്ലാം ക്യാന്‍സറിന്റെ ലക്ഷണങ്ങളിലും പെടുന്നു. എന്നുവച്ചാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ഒന്ന് നിങ്ങളി ഉണ്ടെന്നതിന് അര്‍ത്ഥം നിങ്ങള്‍ക്ക് ക്യാന്‍സര്‍ ആണെന്നല്ല. മറിച്ച് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞുവയ്ക്കുന്നതിലൂടെ അതിനെ നല്ലരീതിയില്‍ പ്രതിരോധിക്കാനാകും. ശരീരത്തിന്റെ ഓരോ താളപ്പിഴകളും എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ഡോക്ടറുടെ സഹായത്തോടെ അപ്പപ്പോള്‍ മനസിലാക്കുക. കൂടാതെ ആറ് മാസത്തിലൊരിക്കലോ മറ്റോ വിശദമായ ചെക്കപ്പും ശീലമാക്കാം.
