രണ്ടു പതിറ്റാണ്ടു മുന്നേ അമേരിക്കയിൽ വയാഗ്ര എന്നൊരു ലൈംഗികോത്തേജക മരുന്നു കണ്ടെത്തപ്പെട്ടപ്പോൾ അത് അവിടെ വലിയ കോളിളക്കങ്ങൾക്ക് കാരണമായി. പുരുഷന്മാരുടെ ലിംഗോദ്ധാരണക്കുറവിന് പരിഹാരമേകുന്ന ആ കുഞ്ഞൻ ഗുളിക അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത് അവാച്യമായ ലൈംഗികവിപ്ലവമായിരുന്നു. ഇതുമായി തുലനം ചെയ്യാവുന്നത്ര വിപ്ലവകരമായ ഒരേയൊരു ഫാർമാ കണ്ടുപിടുത്തം അറുപതുകളുടെ തുടക്കത്തിൽ നടത്തപ്പെട്ട ഗർഭനിരോധന ഗുളികയുടേതാണ്. എന്നാൽ, ഫൈസർ എന്ന ഫാർമ കമ്പനി, ഇന്നോളം ഏറ്റവും കൂടുതൽ വിറ്റഴിച്ചിട്ടുള്ള  മരുന്നുകളിൽ ഒന്നാണ് വയാഗ്ര എങ്കിലും അവരുടെ ഗവേഷണശാല ഇങ്ങനെ ഒരു മരുന്ന് കണ്ടുപിടിക്കാൻ 20 വർഷം മുമ്പ് ഉദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. ആ കണ്ടെത്തൽ തികച്ചും യാദൃച്ഛികമായിരുന്നു. വയാഗ്ര എന്ന ഗുളികയിലെ പ്രധാനഘടകമായ 'സിൽഡനാഫിൽ' ഫൈസർ വികസിപ്പിച്ചെടുത്തത്, കാർഡിയോ വാസ്കുലാർ പ്രശ്നങ്ങൾക്ക്, അതുമൂലമുണ്ടാകുന്ന ഹൈപ്പർ ടെൻഷന്‌ ശമനമുണ്ടാക്കാൻ വേണ്ടിയായിരുന്നു.  ക്ലിനിക്കൽ ട്രയലിനിടെയാണ് സിൽഡനാഫിൽ കാരണം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മറ്റൊരു രസകരമായ പാർശ്വഫലം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. 

അത് ഒരു നഴ്‌സിന്റെ ജാഗ്രതയുടെ കൂടി ഫലമാണ്. ട്രയലിൽ പങ്കെടുക്കുന്ന രോഗികളുടെ പ്രെഷറും ഷുഗറും പൾസും ഒക്കെ എടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടതായിരുന്നു ആ നഴ്സ്. റീഡിങ്‌സ് എടുക്കാൻ വേണ്ടി താൻ ട്രയലിലുള്ള ആളുകളുടെ അടുത്തേക്ക് ചെല്ലുമ്പോളൊക്കെ അവർ കമിഴ്ന്നാണ് കിടക്കുന്നത് എന്ന് നഴ്‌സിന്റെ ശ്രദ്ധയിൽ പെട്ടു. അവരുടെ ദേഹം ഒന്നുകൂടി വിശദമായി പരിശോധിച്ചപ്പോൾ  രോഗികൾ എല്ലാവരും കമിഴ്ന്നു കിടക്കുന്നതിന്റെ കാരണവും നഴ്‌സിന് മനസ്സിലായി. സിൽഡനാഫിൽ അകത്താക്കുന്ന  ആ പുരുഷരോഗികൾക്കെല്ലാം വല്ലാത്ത ലിംഗോദ്ധാരണം സംഭവിക്കുന്നുണ്ട്. നഴ്‌സുമാർ പരിശോധനയ്ക്ക് വരുമ്പോൾ തങ്ങൾ ഉധൃതാവസ്ഥയിൽ ഇരിക്കുന്നതിൽ ആകെ നാണക്കേടുതോന്നുന്ന അവർ തങ്ങളുടെ ഉദ്ധാരണം നഴ്‌സിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടി കമിഴ്ന്നു കിടക്കുന്നതാണ്. അതേപ്പറ്റി, ഫെയ്‌സറിന്റെ 'സിൽഡനാഫിൽ' റിസർച്ച് ഹെഡ് ആയിരുന്ന ജോൺ ലാ മാറ്റിന പറഞ്ഞത് ഇങ്ങനെ," എന്റെ മരുന്ന് ഏൽക്കുന്നുണ്ടായിരുന്നു. ഉറപ്പ്. പക്ഷേ, രക്തക്കുഴലുകൾ വികസിക്കുന്നത് ഹൃദയത്തിലല്ല, കുറേക്കൂടി താഴെ ആയിരുന്നു എന്ന് മാത്രം.

 

 

അതേ, ആ രാസവസ്തു മനുഷ്യരിൽ ഉണ്ടാക്കിയ ഫലം വളരെ വിചിത്രമായിരുന്നു. മൃഗങ്ങളുടെ ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് വികാസമുണ്ടാക്കിയ 'സിൽഡനാഫിൽ', വികസിപ്പിച്ചത് പുരുഷന്മാരുടെ ലിംഗങ്ങളിലെ രക്തക്കുഴലുകളായിരുന്നു. അതോടെ കൂടുതൽ രക്തപ്രവാഹം അങ്ങോട്ടുണ്ടാവുകയും, നമ്മൾ ഉദ്ധാരണം എന്ന് വിളിക്കുന്ന പ്രക്രിയ നടക്കുകയും ചെയ്തു. അതാണുണ്ടായത്. അതോടെ ലാ മാറ്റിനയുടെ ഉള്ളിൽ ഒരു ലഡ്ഡുപൊട്ടി. ഹൈപ്പർ ടെൻഷൻ കുറയ്ക്കാൻ വേണ്ടി നിക്ഷേപിച്ച പൈസയൊക്കെ വെള്ളത്തിലായി എങ്കിലും, അഞ്ചു പൈസ ചെലവില്ലാതെ അദ്ദേഹത്തിന് ചുളുവിലൊരു പൊട്ടൻസി ഡ്രഗ് അഥവാ ലിംഗോദ്ധാരണമരുന്ന് കിട്ടിയിരിക്കുന്നു. ആ സമയത്ത് വിപണിയിൽ ആ പണി ചെയ്യാൻ ഫലപ്രദവും കാര്യമായ സൈഡ് ഇഫക്ടുകൾ ഇല്ലാത്തതുമായ ഒരു മരുന്നും ഇല്ലായിരുന്നു. വലിയൊരു വിപണിയാണ് ഫൈസറിനെ കാത്തിരുന്നത്. അവർ അത് കൃത്യമായി ഉപയോഗപ്പെടുത്തി. ആ ദിശയിലേക്ക് തങ്ങളുടെ ഗവേഷണത്തെ നീക്കി അവർ നിർമിച്ചെടുത്തതാണ് ഇന്ന് വയാഗ്ര എന്നപേരിൽ ജനം അറിയുന്ന നീല ഗുളിക. ഉദ്ധാരണക്കുറവിനുള്ള മാർക്കറ്റിലെ ഒരേയൊരു ഗുളികയായി വയാഗ്ര ഏറെക്കാലം തകർത്തു വില്പന നടത്തി.ആദ്യത്തെ ഒരൊറ്റ കൊല്ലം കൊണ്ട് മാത്രം ഫൈസർ വിറ്റത് 140 കോടി രൂപയ്ക്കുള്ള വയാഗ്രയാണ്. ചെറുപ്പക്കാർക്കും മധ്യവയസ്കർക്കും വൃദ്ധർക്കും ഒക്കെ ഒരുപോലെ വയാഗ്ര ഒരനുഗ്രഹമായി മാറി. അവരുടെ ആദ്യത്തെ പരസ്യങ്ങളിൽ ഒന്നു തന്നെ മധ്യവയസ്സു പിന്നിട്ട, വാർദ്ധക്യത്തിലേക്ക് കാലെടുത്തുവെക്കുന്ന ദമ്പതികളുടെ ചിത്രത്തോട് ചേർന്ന്, " ലെറ്റ്  ദ ഡാൻസ് ബിഗിൻ " എന്ന ഒരു ടാഗ് ലൈൻ ആയിരുന്നു. 

ഇന്റർഫെറോൺ പോലുള്ള മരുന്നുകൾ 

ഒരു രോഗത്തിന്റെ ചികിത്സയ്ക്കായി ഗവേഷണങ്ങൾ നടത്തി, ക്ലിനിക്കൽ ട്രയലിലൂടെ പുറത്തുവരുന്ന മരുന്നുകൾ ചിലപ്പോൾ മറ്റു പല രോഗങ്ങൾക്കും ഫലപ്രദമായേക്കാം. ഇക്കാര്യത്തിൽ ചിലപ്പോൾ ആ മരുന്നുകളുടെ പാർശ്വഫലങ്ങളെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തേണ്ടതായി വരും എന്ന് മാത്രം. ഇക്കാര്യത്തിൽ വയാഗ്ര ഒരു അപവാദമല്ല. അതുപോലെ നിരവധി മരുന്നുകൾ വേറെയുമുണ്ട്.  വിദഗ്ധർ പറയുന്നത് ഇങ്ങനെ ഉണ്ടാകുന്നത് രോഗികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നാണ്. ഇപ്പോൾ കോവിഡിന് മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ഇത്തരത്തിൽ മറ്റുള്ള രോഗങ്ങൾക്കുവേണ്ടി വികസിപ്പിച്ചെടുക്കപ്പെട്ട പല മരുന്നുകളും പരീക്ഷിക്കപ്പെടുന്നുണ്ട്. 

 

 

ക്ളോറോക്വിൻ ആണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ക്ളോറോക്വിന്റെ ഒരു വകഭേദമായ ഹൈഡ്രോക്സി ക്ളോറോക്വിൻ, എബോളയ്‌ക്കു വേണ്ടി കണ്ടെത്തപ്പെട്ട റെംഡിസിവിർ, ബീറ്റാ ഇന്റർഫെറോൺ തുടങ്ങിയ പല മരുന്നുകളെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. കൊറോണയ്ക്കുവേണ്ടി ഗവേഷണങ്ങൾ നടത്തപ്പെട്ടു കണ്ടുപിടിക്കപ്പെട്ടതല്ല ഈ മരുന്നുകൾ എന്നതുകൊണ്ട്, എത്രമാത്രം ഫലപ്രദമാകും ഇവ എന്ന് പറയുക എളുപ്പമല്ല. 

ഡ്രഗ് റീപൊസിഷനിംഗ് അഥവാ മരുന്നിന്റെ പുനഃസ്ഥാപനം 

ഇങ്ങനെ ഒരു രോഗത്തിന് വേണ്ടി വികസിപ്പിച്ചെടുക്കപ്പെട്ട മരുന്ന് മറ്റൊരു രോഗത്തിന് പ്രയോജനപ്പെടുത്തുന്നതിനെ വൈദ്യശാസ്ത്രത്തിൽ പറയുന്നത് 'ഡ്രഗ് റീപൊസിഷനിംഗ്' എന്നാണ്. സമയം ഏറെ ലഭിച്ചെടുക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഒരു മരുന്ന് പുതുതായി, ഒരു പ്രത്യേക ലക്ഷ്യത്തോടെ വികസിപ്പിച്ചെടുക്കാനുള്ള പ്രക്രിയ ഏറെ ജടിലമാണ്. ആദ്യം ലബോറട്ടറിയിൽ ആ രാസസംയുക്തം വികസിപ്പിച്ചെടുക്കണം,  എന്നിട്ട് ലബോറട്ടറി സാഹചര്യങ്ങളി അവ വെള്ളെലികൾക്കും മറ്റും മേലെ പരീക്ഷിക്കണം. പിന്നീട് ഹ്യൂമൻ ക്ലിനിക്കൽ ട്രയലുകൾ. അതിനിടെ നിരവധി നൂലാമാലകൾ വേറെയുമുണ്ട്. സമയം ഏറെ ചെലവാകുന്ന ഒരു പ്രക്രിയയാണ് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുക്കുക എന്നത്. ലൈസൻസ് നേടുന്നതിന് നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടതുണ്ട്. ഒരുപാടു കാലമെടുക്കും അതൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും . ചുരുങ്ങിയത് നാലഞ്ച് വർഷമെങ്കിലും പിടിച്ചേക്കും. അതിനൊന്നും ഇപ്പോൾ നമുക്ക് നേരമുണ്ടെന്ന് തോന്നുന്നില്ല. 

ക്ലിനിക്കൽ ട്രയലുകൾ നടത്തേണ്ടതില്ല എന്നത് 

ഈ പഴയ മരുന്നുകൾ മനുഷ്യരിൽ സുരക്ഷിതമാണോ എന്നറിയാനുള്ള സുദീർഘമായ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കി വിപണിയിലെത്തിയവയാണ്. അവ പുതിയ രോഗത്തിന് ഫലം ചെയ്യുന്നുണ്ടോ എന്ന പഠനം മാത്രമാണ് നടത്താനുള്ളത്. പുതുതായി ഒരു മരുന്ന് റിസർച്ച് ചെയ്ത ടെസ്റ്റ് ചെയ്ത വിപണിയിലെത്തിക്കാൻ കോടിക്കണക്കിനു രൂപ ചെലവുണ്ട്. ആസ്പിരിൻ എന്ന മരുന്നിന് ഇത്തരത്തിൽ പുതിയ ദൗത്യങ്ങൾ കൈവന്നത് ഫാർമ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു നൂറ്റാണ്ടു മുമ്പ് വേദനാസംഹാരിയുടെ രൂപത്തിൽ അവതരിച്ച ഈ മരുന്ന്, ഇന്നും ഹൃദ്രോഗികൾക്ക് പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഈയടുത്താണ്, ഇതേ മരുന്ന് ചില കാൻസറുകളുടെ ചികിത്സയിൽ ഗുണകരമാണ് എന്ന് കണ്ടെത്തപ്പെട്ടത്. 

 

 

1950 -ൽ, ഗ്രുനെന്താൽ എന്ന ജർമൻ ഫാർമ കമ്പനി വികസിപ്പിച്ചെടുത്ത താലിഡോമൈഡ് എന്ന മരുന്ന് മറ്റൊരു ഉദാഹരണമാണ്. ഗര്ഭവതികളിൽ ആദ്യത്തെ മൂന്നുമാസം ബോധക്ഷയം വരുന്നത് തടയാൻ ഉപയോഗിക്കപ്പെട്ടിരുന്നതാണ് ഈ മരുന്ന്. എന്നാൽ അറുപതുകളോടെ കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നപേരിൽ ആ മരുന്ന് പിന്വലിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കിപ്പുറം ഇതേ മരുന്ന് ബോൺ മാരോ കാൻസറിനുള്ള മരുന്നായി റീ പൊസിഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്. 

ആദ്യം യാദൃച്ഛികമായി കണ്ടെത്തുന്ന പാർശ്വഫലങ്ങൾക്കുമേൽ പിന്നീട് നടക്കുന്ന ഗവേഷണങ്ങളാണ് ഇത്തരത്തിലുള്ള ഡ്രഗ് റീപൊസിഷനിങ്ങുകൾക്ക് ബലമേകുന്നത്. ഈ പ്രക്രിയ ഇന്ന് പണ്ടത്തേക്കാൾ എത്രയോ എളുപ്പമാണ്. ബിഗ് ഡാറ്റയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒക്കെ അരങ്ങുതകർക്കുന്ന ഇന്നത്തെക്കാലത്ത് ഫാർമക്കോളജി പഠനങ്ങളും വിശകലനങ്ങളും എല്ലാം, താരതമ്യേന എളുപ്പത്തിൽ നടത്താനാകും. വൈറൽ രോഗങ്ങൾക്ക് വേണ്ടി കണ്ടുപിടിക്കപ്പെട്ട പല മരുന്നുകളെയും ഇന്ന് കൊവിഡ്  ചികിത്സയ്ക്കുവേണ്ടി റീ പൊസിഷനിംഗ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എബോളയ്ക്കുവേണ്ടി കണ്ടെത്തപ്പെട്ട, ആ രോഗത്തെ നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട റെംഡിസിവിർ എന്ന മരുന്ന് ഇക്കൂട്ടത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ ഇന്നും പുരോഗമിച്ചുവരുന്നതേയുള്ളൂ എന്നതിനാൽ ഒന്നും തീർത്തു പറയാനാവില്ല എങ്കിലും..!