കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ജനങ്ങള്‍ ഇതിനിടെ പൊതുവിൽ കണ്ടുവരുന്ന കാര്യമാണ് ആളുകൾ വ്യാപകമായി ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൂപ്പർമാർക്കറ്റിൽ ടോയ്‌ലറ്റ് പേപ്പർ വാങ്ങാനായി തല്ലുണ്ടാക്കുന്നവരുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  എന്തിനാണ് ആളുകൾ ഇങ്ങനെ ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്നത്? ഇതേക്കുറിച്ച് സൈക്കോളജി ഓഫ് പാൻഡമിക് എന്ന പുസ്തകമെഴുതിയ പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. സ്റ്റീവൻ ടെയ്ലർ പറയുന്നത് ഇങ്ങനെ: 'പൊതുവിൽ അണുബാധയിൽനിന്ന് സുരക്ഷ നൽകുന്നതിന്‍റെ ആഗോള അടയാളമായി ടോയ്‌ലറ്റ് പേപ്പർ മാറിയതിനാലാണ് ആളുകൾ ഇതിന്‍റെ പുറകെ പോകുന്നത്'- ടെയ്ലർ  പറഞ്ഞു. 

അസുഖം വ്യാപിക്കുമ്പോൾ പൊതുവായ വേണ്ടുന്ന അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾക്ക് തോന്നുന്നത് സ്വാഭാവികമാണെന്ന് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ടെയ്‌ലർ പറയുന്നു.
വ്യക്തിശുചിത്വം പാലിക്കണമെന്നും കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് തന്നെ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ കൂടുതലായി വാങ്ങിക്കൂട്ടാൻ ജനങ്ങൾ തയ്യാറെടുക്കുന്നതെന്നും ഡോ. ടെയ്ലർ ചൂണ്ടിക്കാണിച്ചു. 

ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ചാൽ കൊറോണ വൈറസ് തടയാനാകുമെന്ന് അവർ കരുതുന്നു. മഹാവ്യാധി പടർന്നുപിടിക്കുമ്പോൾ ടോയ്‌ലറ്റ് പേപ്പർ പോലെയുള്ള വസ്തുക്കൾ ആളുകൾ വാങ്ങിക്കൂട്ടുന്നത് പുതിയ സ്ഥിതിവിശേഷമല്ലെന്നും ഡോക്ടർ ടെയ്ലർ ചൂണ്ടിക്കാണിക്കുന്നു. 1918ൽ യൂറോപ്പിൽ വൻ നാശം വിതച്ച സ്പാനിഷ് ഇൻഫ്ലുവൻസ പടർന്നുപിടിച്ചപ്പോൾ ആളുകൾ വിക്സ് വെപോറബ് വാങ്ങിക്കൂട്ടനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിക്സ് വെപോറബിനോ ടോയ്‌ലറ്റ് പേപ്പറിനെ ഏതെങ്കിലും വൈറസ് ബാധയെ പ്രതിരോധിക്കാൻ കഴിയില്ല എന്നതാണ് ശാസ്ത്രീയമായ വസ്തുത എന്നും അദ്ദേഹം വ്യക്തമാക്കി.