മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയ സമയത്ത് കോണ്ടം വില്പനയിൽ 50 ശതമാനം വരെ വർധനവുണ്ടായി എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, അടുത്തമാസം ആയപ്പോഴേക്കും വില്പനയിൽ രേഖപ്പെടുത്തിയത് 15 ശതമാനം വരെ ഇടിവാണ്. ലോക്ഡൗൺ നീട്ടിക്കൊണ്ട് ഉത്തരവുണ്ടായ ശേഷം കോണ്ടം വില്പനയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നാണ്  'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തത്.

ഈ കുറവ് ഇന്ത്യക്കാർ സെക്‌സിലേർപ്പെടുന്നത് കുറഞ്ഞതുകൊണ്ടോ, അല്ലെങ്കിൽ ലോക്ഡൗൺ കാലത്ത് 'സെക്സ്' എന്ന ഏർപ്പാട് അവർക്ക് മടുത്തു തുടങ്ങിയിട്ടോ ഒന്നുമല്ല. പ്രധാനമായി രണ്ട് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, കോണ്ടം വേണ്ടവർക്ക് മെഡിക്കൽ ഷോപ്പ് വരെ ചെന്നെത്താൻ പറ്റുന്നില്ല. രണ്ട്, അച്ഛനമ്മമാരോടൊപ്പം താമസിക്കുന്ന പലരും ഹോം ഡെലിവറി ചെയ്യിക്കാൻ മടിക്കുന്ന ഒരുത്പന്നമാണ് കോണ്ടം.

ഗർഭനിരോധന വിൽപ്പനയിലെ ഈ താഴ്‌ന്ന പ്രവണത, നിലവിലുള്ള ലോക്ഡൗണിൽ അനാവശ്യ ഗർഭധാരണത്തിനും ഒരുപക്ഷേ സുരക്ഷിതമല്ലാത്ത അലസിപ്പിക്കലുകൾക്കും കാരണമാകുമെന്ന് വിദഗ്ദ്ധർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

കൊവിഡ് 19: ലോകത്തെ ഏറ്റവും വലിയ കമ്പനിയും ലോക്ക്ഡൗണ്‍; കോണ്ടത്തിന് കടുത്ത ക്ഷാമം...

' ലോക്ഡൗൺ സമയത്ത് ഗർഭനിരോധന വിഭാഗത്തിലുടനീളമുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിൽപ്പന കുറഞ്ഞു' -  ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെ (AIOCD), ജനറൽ സെക്രട്ടറി രാജീവ് സിംഘൽ പറഞ്ഞു. 

കോണ്ടം മുതൽ ഗർഭനിരോധന ഗുളികകൾ, എമർജൻസി ഗുളികകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവയുടെ വിൽപ്പന 10 മുതൽ 50 ശതമാനം വരെ ഇടിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ, എ‌ഐ‌ഒ‌സി‌ഡി പുറത്ത് വിട്ട ഡാറ്റ അനുസരിച്ച്, സിപ്ലയുടെ ഐ പിൽ ഗുളികകളുടെ വിൽ‌പന 55 ശതമാനവരെ കുറഞ്ഞതായി സൂചിപ്പിക്കുന്നു.

ലോക്ഡൗണ്‍ കാലത്ത് ആളുകൾ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ തോത് കുറഞ്ഞെന്ന് അടുത്തിടെ പ്രമുഖ കോണ്ടം നിര്‍മാതാക്കളായ ഡ്യൂറെക്‌സ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലടക്കം കോണ്ടം വില്‍പനയില്‍ വന്‍ ഇടിവുണ്ടായെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

കൊവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വര്‍ധിച്ചതാണ് ആളുകളിൽ ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമായതെന്ന് ഡ്യൂറക്‌സ് കോണ്ടം നിര്‍മാതാക്കൾ പറയുന്നു. ലോക്ഡൗൺ അവസാനിക്കുന്നതോടെ സ്ഥിതിഗതികൾ പൂർവ്വാവസ്ഥയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറയുന്നു.