നിത്യവും ബ്രഷ് ചെയ്യുന്നത് കൊണ്ടുമാത്രം പല്ല് സുരക്ഷിതമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ തെറ്റി. പല്ലുകളെ ബാധിക്കുന്ന അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചേ മതിയാകൂ. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

രാത്രിയില്‍ ഭക്ഷണശേഷം വൃത്തിയായി ബ്രഷ് ചെയ്യുക. ഇത് എപ്പോഴും ഡെന്റിസ്റ്റുകള്‍ നിര്‍ദേശിക്കാറുളള കാര്യമാണ്. എന്നാല്‍ പതിവായി ഇത് ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നതാണ് സത്യം. കൃത്യമായും ഈ ശീലം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ ക്രമേണ പല്ലിന്റെ ആരോഗ്യം പ്രശ്‌നത്തിലാകും. 

രണ്ട്...

പല്ല് തേക്കാനായി തെരഞ്ഞെടുക്കുന്ന ബ്രഷിന്റെ കാര്യത്തിലും ചില കരുതല്‍ വേണം. 

 


വളരെ പരുക്കന്‍ ആയിട്ടുള്ള ബ്രഷുപയോഗിച്ച് ഒരിക്കലും പല്ല് തേക്കരുത്. ഇത് പല്ലിിന്റെ സ്വാഭാവിക ഘടനയെ പ്രശ്‌നത്തിലാക്കുകയും പല്ലിന് നാശം സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യും. 

മൂന്ന്...

അധികമാരും ചെയ്യാത്ത ഒരു സംഗതിയെക്കുറിച്ചാണ് ഇനി പറയുന്നത്. പല്ലുകള്‍ക്കിടയില്‍ നൂല് കടത്തി വൃത്തിയാക്കുന്നതിനെ പറ്റിയാണ് സൂചിപ്പിച്ചത്. രണ്ട് നേരം ബ്രഷ് ചെയ്യുന്നവര്‍ പോലും ഇത് ശീലങ്ങളില്‍ പെടുത്തുന്നത് കാണാറില്ല. ദിവസത്തിലൊരിക്കല്‍ മാത്രമേ ഇത് ചെയ്യേണ്ടൂ, അതുതന്നെ പല്ലിന്റെ ആരോഗ്യത്തിന് ധാരാളം. 

നാല്...

സോഡ പോലുള്ള പാനീയങ്ങള്‍ അമിതമായി കുടിക്കുന്നതാണ് പല്ലിനെ നശിപ്പിക്കുന്ന മറ്റൊരു ശീലം. ഇത്തരം പാനീയങ്ങള്‍ പല്ലിന്റെ ഇനാമലിനെ തകര്‍ക്കും. ഇനാമല്‍ തകരുന്നതോടെ പതിയെ പല്ലിന്റെ ആകെ ആരോഗ്യവും കെടുന്നു. 

 

 

അതുപോലെ സോഫ്റ്റ് ഡ്രിംഗ്‌സ് പോലുള്ളവയിലുള്ള കൃത്രിമമധുരവും പല്ലിന് ആപത്ത് തന്നെ. 

അഞ്ച്...

പുകവലിയാണ് പല്ലിനെ തകര്‍ക്കുന്ന മറ്റൊരു വില്ലന്‍. ശരീരത്തിനെ പല തരത്തിലാണ് പുകവലി ബാധിക്കുക. അതില്‍ പ്രധാനമാണ് പല്ല്. പുകവലിയും ഇനാമലിനെ തന്നെയാണ് ആദ്യം ബാധിക്കുക. പിന്നീട് പല്ലിനെ ആകെയും നശിപ്പിക്കുന്ന തരത്തിലേക്ക് അത് വഴി മാറുന്നു.