സൗന്ദര്യ സംരക്ഷണത്തിനായി എത്ര ചിലവേറിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാൽ അവയിലടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യുന്നു. അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപെടാത്തത്? സുന്ദരവും യുവത്വവുമായ ചർമ്മം നേടാൻ ഇനി എപ്പോഴും ബ്യൂട്ടി പാർലറുകളിലേക്ക് പോകേണ്ട. ഇരുണ്ട ചർമം അകറ്റി ചർമ്മത്തിന് കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ സഹായിക്കുന്ന അഞ്ച് അടുക്കള ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്...

1. തേൻ...

വരണ്ട ചർമ്മവും മുഖക്കുരുവിന്റെ പ്രശ്നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ തേൻ മികച്ച ഒരു ക്ലെൻസറായി ഉപയോഗിക്കാം. മുഖക്കുരുവിനെയും മുറിവുകളെയും ഫലപ്രദമായി സുഖപ്പെടുത്താൻ തേനിന് കഴിയും, ഇത് ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു.

 

 

ഉപയോ​ഗിക്കേണ്ട വിധം...

ആദ്യം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. തേൻ മുഖത്ത് പുരട്ടി നല്ല പോലെ മസാജ് ചെയ്യുക. അതിനുശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളഞ്ഞ് ചർമ്മത്തിലെ വെള്ളം തുടച്ച് നീക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തേൻ ഉപയോഗിക്കാം.

2. കറ്റാർവാഴ...

വരണ്ട ചർമ്മമുള്ളവർക്ക് മികച്ചതാണ് കറ്റാർവാഴ.  കറ്റാർവാഴയിൽ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ കറ്റാർവാഴ മുഖക്കുരുവിനെ അകറ്റിനിർത്താൻ സഹായിക്കും.

 

 

ഉപയോ​ഗിക്കേണ്ട വിധം...

മുഖത്തെ ചുളിവുകൾ അകറ്റാൻ കറ്റാർവാഴ ജെൽ അല്പം പനിനീരിൽ ചേർത്ത് പുരട്ടാവുന്നതാണ്. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ തേയ്ക്കുന്നത് ഒഴിവാക്കി മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടുക. 20 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം ലഭിക്കും.

3. പപ്പായ....

ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു മികച്ച മാർ​ഗമാണ് പപ്പായ. പപ്പായയിൽ കാണപ്പെടുന്ന എൻസൈമായ 'പപ്പെയ്ൻ' ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉള്ളവയാണ്. ചർമ്മത്തെ ജലാംശം നൽകുന്നതിനും ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും ടോൺ മെച്ചപ്പെടുത്തുന്നതിനും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു.

 

 

ഉപയോ​ഗിക്കേണ്ട വിധം....

അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടുക.  ഏകദേശം 15 മിനിറ്റ് നേരം കാത്തിരുന്ന ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് പുരട്ടാവുന്നതാണ്.

4. വെള്ളരിക്ക...

ചർമ്മത്തിന് അനുകൂലമായ വിറ്റാമിനുകളും പോഷകങ്ങളും വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. 

 

 

ഉപയോ​ഗിക്കേണ്ട വിധം....

മൂന്ന് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാനും നിറം വർദ്ധിപ്പിക്കാനും ഏറെ ​ഗുണം ചെയ്യും. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.

5. തക്കാളി....

 ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങൾ നിറഞ്ഞതാണ് തക്കാളി. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന തക്കാളി മുഖത്തെ കറുത്ത പാടുകൾ മങ്ങുകയും പരുക്കൻ ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. 

 

 

ഉപയോ​ഗിക്കേണ്ട വിധം....

മൂന്ന് ടീസ്പൂൺ തക്കാളി ജ്യൂസിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തിടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ച്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പ് മാറി കിട്ടും.

മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...