ജീവിതരീതികളില്‍ ചില മാറ്റങ്ങളെല്ലാം വരുത്തുന്നതും ആരോഗ്യകരമായി ജീവിതരീതികളെ ക്രമീകരിക്കുന്നതുമെല്ലാം ഒരു പരിധി വരെ സൈനസ് സംബന്ധമായ പ്രയാസങ്ങളെ അകറ്റുന്നതിന് സഹായിക്കും

സൈനസ് അണുബാധയുള്ളവര്‍ക്ക് നിത്യജീവിതത്തില്‍ ഇതിന്‍റെ ഭാഗമായി പലവിധത്തിലുള്ള പ്രയാസങ്ങളും നേരിടേണ്ടിവരും. എപ്പോള്‍ വേണെമങ്കിലും ആരോഗ്യാവസ്ഥ മോശമാകാവുന്ന സാഹചര്യമാണ് സൈനസ് അണുബാധയിലുണ്ടാവുക. മുഖത്ത് നീര്, വേദന, ഓക്കാനം, തലവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം സൈനസ് അണുബാധയില്‍ സഹജമാണ്. 

ജീവിതരീതികളില്‍ ചില മാറ്റങ്ങളെല്ലാം വരുത്തുന്നതും ആരോഗ്യകരമായി ജീവിതരീതികളെ ക്രമീകരിക്കുന്നതുമെല്ലാം ഒരു പരിധി വരെ സൈനസ് സംബന്ധമായ പ്രയാസങ്ങളെ അകറ്റുന്നതിന് സഹായിക്കും. ഇത്തരത്തില്‍ സൈനസ് പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം. ചില ഭക്ഷണ-പാനീയങ്ങള്‍ സൈനസുള്ളവര്‍ക്ക് ആശ്വാസം നല്‍കും. ഇവയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചൂടുള്ള പാനിയങ്ങള്‍ കഴിക്കുന്നത് സൈനസ് സംബന്ധമായ പ്രയാസങ്ങള്‍ക്ക് വളരെ ആശ്വാസം നല്‍കും. വെള്ളം തന്നെ അല്‍പം ചൂടായി കുടിക്കാം. ഇതിന് പുറമെ ഇഞ്ചിച്ചായ, പുതിനച്ചായ, ഗ്രീൻ ടീ, സൂപ്പുകള്‍ എന്നിങ്ങനെയുള്ള പാനീയങ്ങളെല്ലാം ഡയറ്റില്‍ പതിവാക്കാൻ നോക്കാം. 

രണ്ട്...

സിട്രസ് ഫ്രൂട്ട്സ് എന്ന വിഭാഗത്തില്‍ പെടുന്ന പഴങ്ങള്‍ കഴിക്കുന്നതും സൈനസ് പ്രശ്നത്തിന് ഏറെ ആശ്വാസം നല്‍കും. ഓറഞ്ച്, മധുരനാരങ്ങ എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സിലുള്‍പ്പെടുന്നവയാണ്. ഒന്ന്, ഇവ വൈറ്റമിൻ -സിയാല്‍ സമ്പന്നമായതിനാല്‍ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു എന്നതിനാലും രണ്ട്, ഇവയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് നീര് കളയാനും മൂക്കടപ്പ് മാറാനുമെല്ലാം സഹായിക്കുമെന്നതിനാലാണ് ഇവ കഴിക്കാൻ നിര്‍ദേശിക്കുന്നത്. 

മൂന്ന്...

ഇഞ്ചിയും വെളുത്തുള്ളിയുമാണ് അടുത്തതായി സൈനസ് പ്രശ്നമുള്ളവര്‍ എപ്പോഴും ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. ഇവ രണ്ടും തന്നെ വേദനകള്‍ കുറയ്ക്കാനും, അണുബാധകള്‍ക്കെതിരെ പോരാടാനും എല്ലാം നമ്മെ സഹായിക്കുന്നതാണ്. 

നാല്...

സൈനസ് സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് തേനിനെയും നമുക്ക് ആശ്രയിക്കാവുന്നതാണ്. അണുബാധ മൂലമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും എല്ലാം ലഘൂകരിക്കുന്നതിന് തേൻ സഹായിക്കുന്നു. അതുപോലെ രോഗകാരികളായ ബാക്ടീരിയകള്‍ക്കെതിരെ പോരാടുന്നതിനും തേൻ സഹായിക്കുന്നുണ്ട്. 

Also Read:- ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo