ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാൻ ചില കാര്യങ്ങളെല്ലാം പുരുഷന്മാര്‍ക്ക് മുൻകൂട്ടി ചെയ്യാൻ സാധിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഹൃദ്രോഗങ്ങളോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ എല്ലാം സ്ത്രീകളെ താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. സ്ത്രീകളില്‍ വലിയൊരു പരിധി വരെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നത് അവരിലെ സ്ത്രീ ഹോര്‍മോണിന്‍റെ (ഈസ്ട്രജൻ) സാന്നിധ്യം കൊണ്ടാണ്. 

അതേസമയം പുരുഷന്മാരില്‍ സ്വതവേ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത, അവരുടെ ചില ജീവിതരീതികളും കൂടി ചേരുമ്പോള്‍ ഇരട്ടിയാവുകയാണ്. ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഇവ ബാധിച്ച് മരിക്കുന്നവരുടെ എണ്ണമെടുത്ത് നോക്കിയാലും പുരുഷന്മാര്‍ തന്നെയാണ് മുമ്പിലെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 

രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്ന അവസ്ഥ, കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹാര്‍ട്ട് ഫെയിലിയര്‍, സ്ട്രോക്ക് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പുരുഷന്മാരില്‍ കൂടുതലായി കാണാം. 

ഹൃദയസംബന്ധമായ പ്രശ്നങ്ങളും പാരമ്പര്യമായി വരാറുണ്ട്. ഇതിന് പുറമെ ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍, പുകവലി, വ്യായാമമില്ലായ്മ എന്നിങ്ങനെ പല കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ സാഹചര്യം കുറെക്കൂടി മോശമാവുകയാണ്. 

നെഞ്ചുവേദന, ശ്വാസതടസം, നെഞ്ചിടിപ്പില്‍ വ്യത്യാസം, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം പുരുഷന്മാര്‍ വൈകാതെ തന്നെ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തേ അറിയുന്നത് അത്രയും അപകടം ഒഴിവാക്കും. 

ഇനി ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാൻ ചില കാര്യങ്ങളെല്ലാം പുരുഷന്മാര്‍ക്ക് മുൻകൂട്ടി ചെയ്യാൻ സാധിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

1- ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ കൃത്യമായി അവയെ നിയന്ത്രിച്ച് തന്നെ മുന്നോട്ടുപോവുക.

2- ദിവസവും വ്യായാമം പതിവാക്കണം. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം യോജിക്കും വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്താല്‍ മതി. 30- 40 മിനുറ്റെങ്കിലും ദിവസവും വ്യായാമത്തിനായി മാറ്റിവയ്ക്കുക. 

3- പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യപാനം ഉപേക്ഷിക്കുകയോ വളരെയധികം നിയന്ത്രിക്കുകയോ ചെയ്യണം. ലഹരി ഉപയോഗം എപ്പോഴും ഹൃദയത്തിന് വെല്ലുവിളി തന്നെയാണ്. 

4- ദിവസവും രാത്രി കുറഞ്ഞത് 6-7 മണിക്കൂര്‍ നേരത്തെ ഉറക്കമെങ്കിലും ഉറപ്പാക്കാൻ സാധിക്കണം. പതിവായി ഇതിലും കുറവ് സമയമാണ് ഉറങ്ങുന്നതെങ്കില്‍ അത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂട്ടുന്നു. 

5- സ്ട്രെസ് ഹൃദയത്തിന്‍റെ കാര്യത്തില്‍ വലിയ വില്ലനാണ്. അതിനാല്‍ ഏത് തരത്തിലുള്ള സ്ട്രെസ് ആണെങ്കിലും അതില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനും അതിനെ കൈകാര്യം ചെയ്യുന്നതിനും പഠിക്കണം.

6- ഹൃദ്രോഗങ്ങളെ കുറിച്ചും, അവയുടെ ലക്ഷണങ്ങളെയും സാധ്യതകളെയും കുറിച്ചുമെല്ലാം വ്യക്തമായ അവബോധമുണ്ടാവണം. ശാരീരികകാര്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിനും സമയബന്ധിതമായി പരിഹാരം തേടുന്നതിനും ഈ അവബോധം സഹായിക്കും. 

7- പുരുഷന്മാര്‍ കൃത്യമായ ഇടവേളകളില്‍ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കും. ഇതും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായകമായിരിക്കും. 

Also Read:- മാറിവരുന്ന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അറിയൂ; ചികിത്സ തേടാം നേരത്തെ തന്നെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo