Asianet News MalayalamAsianet News Malayalam

മാറിവരുന്ന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അറിയൂ; ചികിത്സ തേടാം നേരത്തെ തന്നെ...

ഹൃദയാഘാതത്തില്‍ തന്നെ ഓരോ രോഗിയിലും ലക്ഷണങ്ങളും, അതിന്‍റെ തീവ്രതയും, സ്വഭാവവും എല്ലാം മാറി വരാറുണ്ട്. എങ്കിലും ഹൃദയാഘാതത്തിന് പൊതുവില്‍ തന്നെ ചില ലക്ഷണങ്ങളുണ്ട്. ഇത് വലിയൊരു വിഭാഗം രോഗികളിലും കാണാം

know about the varying symptoms of heart attack
Author
First Published Jan 21, 2024, 2:05 PM IST

ഹൃദയാഘാതം, അഥവാ ഹാര്‍ട്ട് അറ്റാക്ക് രോഗികളെ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നത് സമയബന്ധിതമായ ചികിത്സയുടെ അഭാവത്തിലാണ്. രോഗിക്കോ കൂടെയുള്ളവര്‍ക്കോ ഹൃദയാഘാതം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതാണ് ഏറ്റവും വലിയ 'റിസ്ക്'. ഇതാണ് ചികിത്സയെടുക്കുന്നതിനും വൈകിക്കുന്നത്.

ഹൃദയാഘാതത്തില്‍ തന്നെ ഓരോ രോഗിയിലും ലക്ഷണങ്ങളും, അതിന്‍റെ തീവ്രതയും, സ്വഭാവവും എല്ലാം മാറി വരാറുണ്ട്. എങ്കിലും ഹൃദയാഘാതത്തിന് പൊതുവില്‍ തന്നെ ചില ലക്ഷണങ്ങളുണ്ട്. ഇത് വലിയൊരു വിഭാഗം രോഗികളിലും കാണാം. സമയത്തിന് ഇത് മനസിലാക്കി ചികിത്സ തേടലാണ് ചെയ്യേണ്ടത്. 

നെഞ്ചുവേദന, നെഞ്ചില്‍ സമ്മര്‍ദ്ദം, നെഞ്ചില്‍ നിന്ന് തോളിലേക്കും കൈകളിലേക്കും നടുവിലേക്കും മുകള്‍ വയറിലേക്കും കഴുത്തിലേക്കും അവിടെ നിന്ന് കീഴ്ത്താടിയിലേക്കും  വരെ കയറുന്ന വേദനയും ഭാരവും ആണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഇതിന് പുറമെ ഓക്കാനം, ദഹനക്കുറവ്, തലകറക്കം, ബോധക്ഷയം, നെഞ്ചെരിച്ചില്‍, ശ്വാസതടസം, അസഹനീയമായ തളര്‍ച്ച, വല്ലാത്ത വിയര്‍പ്പ്, ഛര്‍ദ്ദി എന്നിവയെല്ലാം ഹൃദയാഘാത ലക്ഷണങ്ങളായി വരുന്നത് തന്നെയാണ്. 

ഇവ എല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. പല ലക്ഷണങ്ങളായി പല തോതില്‍ കാണാം. അതുപോലെ തന്നെ ലക്ഷണങ്ങളില്‍ മാറ്റവും വരും. ഇത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കാം. ചികിത്സ വൈകിക്കുന്നതിലേക്കും നയിക്കാം. 

സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ മാറി വരാറുണ്ട്. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് നെഞ്ചുവേദന കുറവാണ് കാണാറ്. അതുപോലെ സ്ത്രീകള്‍ ഹൃദയാഘാത ലക്ഷണങ്ങളെ ഗ്യാസ് സംബന്ധമായ പ്രയാസങ്ങളായി തെറ്റിദ്ധരിക്കുന്നത് കൂടുതലാണ്. ലക്ഷണങ്ങള്‍ സംബന്ധിച്ചുണ്ടാകുന്ന ആശയക്കുഴപ്പമാണ് ഇതിലേക്കെല്ലാം നയിക്കുന്നത്. 

മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ മാറുന്നതിനും അനുസരിച്ച് ഹൃദയാഘാത ലക്ഷണങ്ങള്‍ മാറി വരാം. ഇതും പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം തളര്‍ച്ചയാകാം വരുന്നത്. അതുപോലെ ദഹനപ്രശ്നങ്ങളാകാം. പിന്നീടാകാം നെഞ്ചില്‍ അസ്വസ്ഥതയും മറ്റും തുടങ്ങുക. പക്ഷേ നേരത്തെ നേരിട്ട പ്രയാസങ്ങളെ കൂടി കണക്കിലെടുത്ത് ആശുപത്രിയിലെത്തി പരിശോധന നടത്തുക എന്നതാണ് ഉചിതം. 

ചിലരില്‍ ഹൃദയാഘാതത്തിന്‍റെ ഭാഗമായിട്ടുള്ള ദഹനപ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങാറുണ്ട്. ബാക്കി പ്രശ്നങ്ങള്‍ പിന്നീട് കാണും. ഇങ്ങനെ ലക്ഷണങ്ങളില്‍ മാറിവരുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കാം. 

അതുപോലെ പ്രായത്തിന് അനുസരിച്ചും ലക്ഷണങ്ങളിലും അതിന്‍റെ തീവ്രതയിലും വ്യത്യാസം കാണാം. പൊതുവില്‍ നെഞ്ചുവേദന, നെഞ്ചില്‍ കടുത്ത സമ്മര്‍ദ്ദം, മറ്റിടങ്ങളിലേക്ക് നെഞ്ചില്‍ നിന്ന് പടരുന്ന വേദന, അസഹനീയമായ ക്ഷീണം, വയറില്‍ പ്രശ്നങ്ങള്‍ എല്ലാം ഒരുമിച്ച് കാണുന്നപക്ഷം ആശുപത്രിയിലെത്തി പരിശോധന നടത്തുന്നതാണ് നല്ലത്. ഹൃദയാഘാതമെന്ന് പറയുമ്പോള്‍ വേദന സഹിക്കാനാകാതെ കുഴഞ്ഞുവീഴുന്ന അതേ സാഹചര്യം തന്നെ ആകണമെന്നില്ല എല്ലാവര്‍ക്കും. ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

Also Read:- മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubvideo

Latest Videos
Follow Us:
Download App:
  • android
  • ios