പ്രായം ഓര്‍മ്മശക്തിയെ ബാധിക്കുന്നത് പ്രതിരോധിക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പ്രായമേറുംതോറും അത് നമ്മുടെ ആരോഗ്യത്തെ ബാധിച്ചുകൊണ്ടിരിക്കും. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും അല്‍പം വേഗത കുറച്ച് മുന്നോട്ട് പോകുന്നത് മുപ്പതുകളെല്ലാം കടക്കുന്നത് മുതല്‍ സ്വാഭാവികമാണ്. എന്നാല്‍ ആരോഗ്യകരമായൊരു ജീവിതരീതി നമുക്ക് പാലിക്കാനായാല്‍ ഒരു പരിധി വരെയെല്ലാം ഈ പ്രശ്നങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കും.
ഇത്തരത്തില്‍ പ്രായം ഓര്‍മ്മശക്തിയെ ബാധിക്കുന്നത് പ്രതിരോധിക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പഠനം, അല്ലെങ്കില്‍ പുതിയ അറിവുകളെ മനസിലാക്കുക, പുതിയ കഴിവുകള്‍ സ്വായത്തമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഓര്‍മ്മശക്തി കൂട്ടാനും മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കാറുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം പ്രായം കൂടുന്നതിന് അനുസരിച്ച് പിരശീലിച്ചെടുക്കാവുന്നതാണ്.
രണ്ട്...
അടുക്കും ചിട്ടയും പാലിക്കുന്നതും ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താൻ സഹായിക്കും. സമയവും ചെയ്യാനുള്ള കാര്യങ്ങളും ഷെഡ്യൂള്‍ ചെയ്യുക. ആവശ്യമുള്ള കാര്യങ്ങള്‍ ഫോണിലോ അല്ലെങ്കില്‍ നോട്ട്‍പാഡിലോ എല്ലാം കുറിച്ചുവയ്ക്കുക. ഇതിലൂടെയെല്ലാം ഇടയ്ക്ക് റീഫ്രഷ് ആവുക- എന്നിവയെല്ലാം ചെയ്യാവുന്നതാണ്. അടുക്കും ചിട്ടയും ഉണ്ടെങ്കില്‍ മറവി പെട്ടെന്ന് ബാധിക്കാതിരിക്കാം.
മൂന്ന്...
ആരോഗ്യപ്രശ്നങ്ങളും നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാം. ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം (ഷുരഗ്‍), വിഷാദം (ഡിപ്രഷൻ), കേള്‍വിക്കുറവ്, അമിതവണ്ണം എന്നിങ്ങനെ പല ആരോഗ്യാവസ്ഥകളും നമ്മുടെ ഓര്‍മ്മശക്തിയെ സ്വാധീനിക്കുന്നുണ്ട്.
നാല്...
പലര്‍ക്കും പ്രായമേറുമ്പോഴുണ്ടാകുന്നൊരു പ്രശ്നമാണ് ഉറക്കക്കുറവ്. ഇതും ഓര്‍മ്മശക്തിയെ ബാധിക്കാം. അതിനാല്‍ ഉറക്കക്കുറവ് പതിവായി ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരം തേടിയേ മതിയാകൂ.
അഞ്ച്...
മാനസികാരോഗ്യത്തിനും നിര്‍ബന്ധമായും പ്രാധാന്യം നല്‍കണം. കാരണം മാനസികാരോഗ്യപ്രശ്നങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കാം. വെറുതെ ഇരിക്കാതെ മനസിനെ സജീവമാക്കി നിര്‍ത്തുംവിധത്തിലുള്ള കാര്യങ്ങളില്‍ മുഴുകാം. ഇത് ഓര്‍മ്മശക്തിക്ക് വളരെ നല്ലതാണ്.
ആറ്...
പ്രായം ഏറുന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ ആരോഗ്യവും ബാധിക്കപ്പെടാം. അതിനാല്‍ തലച്ചോറിന് ഗുണകരമാകും വിധത്തിലുള്ള ഭക്ഷണരീതി പിന്തുടരുന്നതും നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഗ്രീൻ ടീ എന്നിങ്ങനെയുള്ളവയെല്ലാം കഴിക്കാം.
Also Read:- വണ്ണം കുറയ്ക്കുകയാണോ? ഈ പിഴവുകള്‍ നിങ്ങള്‍ക്ക് സംഭവിക്കരുതേ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
