കരള്‍വീക്കം (ഫാറ്റി ലിവര്‍) പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്ന് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, രണ്ട് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആല്‍ക്കഹോള്‍ അഥവാ മദ്യം മൂലം ഉണ്ടാകുന്ന കരള്‍വീക്കമാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിലൂടെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. 

മോശം ജീവിതരീതി, ഡയറ്റ്, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള കാരണങ്ങളാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത്. രണ്ട് തരം കരള്‍വീക്കവും സൂക്ഷിച്ചില്ലെങ്കില്‍ അപകടം തന്നെയാണ്. സമയത്തിന് ചികിത്സയും ജീവിതരീതികള്‍ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ജീവന്‍ വരെ ഇതുമൂലം നഷ്ടമാകാം. 

കരള്‍വീക്കത്തെ അകറ്റിനിര്‍ത്താന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അത്തരത്തില്‍ കരുതലെടുകേകണ്ട മൂന്ന് പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

മുമ്പേ സൂചിപ്പിച്ചത് പോലെ, ഭക്ഷണരീതി അഥവാ ഡയറ്റിന് കരള്‍വീക്കവുമായി വലിയ ബന്ധമാണുള്ളത്. ചില ഭക്ഷണങ്ങള്‍ കരള്‍വീക്കത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഇലക്കറികള്‍, കൊഴുപ്പ് കൂടിയ മീനുകള്‍, ഓട്ട്‌സ്, വാള്‍നട്ട്‌സ്, ഒലിവ് ഓയില്‍, വെളുത്തുള്ളി, നട്ടസ്, പയറുവര്‍ഗങ്ങള്‍, ബെറികള്‍, മുന്തിരി എന്നിവയ അവയില്‍ ചിലതാണ്. 

രണ്ട്...

ഭക്ഷണം മാത്രമല്ല, പാനീയങ്ങളും കരള്‍വീക്കത്തിനെ സ്വീധീനിച്ചുനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് വെള്ളം. നിര്‍ബന്ധമായും ശരീരത്തിന് ആവശ്യമായത്രയും വെള്ളം ദിവസവും കുടിക്കുക. ശരീരത്തിലെ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളി, കരളിനെ അമിതമായി ജോലി ചെയ്യിക്കാതെ കാത്തുസൂക്ഷിക്കാനും ഇത് സഹായിക്കും. ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കാതെ ഇടവിട്ട് കുടിക്കുകയാണ് വേണ്ടത്. 

ഇതിന് പുറമെ ഗ്രീന്‍ ടീ, കോഫി എന്നിവയും കഴിക്കാം. ഇവ രണ്ടും കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. 

മൂന്ന്...

ഇനി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായും ഉണ്ട്. കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍, ഫ്രൈഡ് ഫുഡ്‌സ്, വൈറ്റ് ബ്രഡ്, ഒരുപാട് ഉപ്പ്, റിഫൈഡ് ധാന്യങ്ങള്‍, റെഡ് മീറ്റ് എന്നിവയെല്ലാം കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന ഭക്ഷണമാണ്. ഇവയെല്ലാം ഒഴിവാക്കുന്നതാണ് ഉചിതം. ഇതോടൊപ്പം തന്നെ മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ അതും പരിപൂര്‍ണ്ണമായി ഉപേക്ഷിക്കുക. 

Also Read:- പുരുഷന്മാര്‍ക്ക് ലൈംഗികതയോട് താല്‍പര്യം കുറയുന്നത് കരള്‍വീക്കത്തിന്റെ ലക്ഷണമോ?...