എൻഡോസ്കോപിയെന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു വെറി മനസ്സിലേക്ക് വരും, ആ ദുരിതപ്രക്രിയക്ക് ഒരിക്കലെങ്കിലും വിധേയരാവേണ്ടി വന്നിട്ടുള്ള ഹതഭാഗ്യർക്ക്. എന്നാൽ ഇതാ ഉദരസംബന്ധിയായ രോഗങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നവർക്ക് ആശ്വാസമേകുന്ന ഒരു കണ്ടുപിടുത്തവുമായി വന്നിരിക്കുകയാണ് മെഡിക്കൽ രംഗത്തുള്ള ഗവേഷകർ. സോണോപിൽ എന്നാണ് പേര്. ഒരു ഇത്തിരിക്കുഞ്ഞൻ റോബോട്ടാണത്. 

നമ്മുടെ വൻകുടലിന്റെ ഉള്ളിലേക്ക് എൻഡോസ്‌കോപ്പിയുടെ പ്രോബുകൾ കയറ്റുന്ന, നിലവിലുള്ള അൾട്രാ സൗണ്ട് ഇമേജിങ്ങ് മാർഗങ്ങൾ, നമുക്ക് വേദനയും അസ്വസ്ഥതയും പകരുന്നവയാണ്.  ഇനിയും കാലം മൈക്രോ അൾട്രാ സൗണ്ട് ഇമേജിങ് ടെക്‌നോളജിയുടേതാണ്. നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടന്നു ചെന്ന് ഈ ചിത്രങ്ങളെടുക്കാൻ പോന്നതാണ് ഈ ഇത്തിരിക്കുഞ്ഞൻ റോബോട്ടുകൾ. 

അന്താരാഷ്ട്രതലത്തിൽ ഈ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു വലിയ സംഘത്തിന്റെ ഏകദേശം ഒരു ദശാബ്ദം നീണ്ടു നിൽക്കുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഈ ടെക്‌നോളജി. സോനോപിൽ എന്ന ഈ റോബോട്ടുകളെപ്പറ്റിയുള്ള  ഒരു സാധ്യതാപഠനമാണ്  കഴിഞ്ഞ ദിവസമിറങ്ങിയ സയൻസ് റോബോട്ടിക്‌സ് മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 

ഈ സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നസാങ്കേതികവിദ്യ അറിയപ്പെടുന്നത് 'ഇന്റലിജന്റ് മാഗ്നറ്റിക് മാനിപ്പുലേഷൻ' എന്ന പേരിലാണ്. പരസ്പരം ആകർഷിക്കാനും വികർഷിക്കാനുമുള്ള  കാന്തങ്ങളുടെ ശേഷിയെ ആശ്രയിച്ചാണ് ഇതിന്റെ പ്രവർത്തനം.  രോഗിയുടെ ശരീരത്തിലൂടെ കൊണ്ടുപോവുന്ന ഒരു റോബോട്ടിക് ആർമിലുള്ള കാന്തങ്ങളുടെ ഒരു നിറയും,കുടലിനുള്ളിലൂടെ കടന്നു പോവുന്ന കാപ്സ്യൂളിൽ ഉള്ള കാന്തവുമായി നിയന്ത്രിതമായ രീതിയിൽ പ്രതിപ്രവർത്തിക്കുമ്പോൾ നാം ആഗ്രഹിക്കുന്ന രീതിയിൽ ഈ കുഞ്ഞൻ റോബോട്ടുകൾ വൻകുടലിനുള്ളിലൂടെ ചലിക്കും. മനുഷ്യ ശരീരത്തിലൂടെ കടന്നുപോയാലും കാര്യമായ ദോഷമൊന്നും ഇല്ലാത്തത്ര കുറഞ്ഞ ശക്തിയുള്ളവയാണ് ഈ കാന്തിക തരംഗങ്ങൾ. അവ റോബോട്ടിക് ആർമിൽ നിന്നും പുറപ്പെട്ട്,  ശരീരത്തിലെ കോശങ്ങളിലൂടെ കടന്നു പോയി അകത്തുള്ള റോബോട്ടിക് കാപ്‍സ്യൂളിനെ നിയന്ത്രിച്ചോളും. അവ തമ്മിൽ പ്രത്യേകിച്ച് കണക്ഷനുകളൊന്നും തന്നെ പിന്നെ വേണ്ടി വരില്ല.

ഈ കാപ്സ്യൂളിന്റെ സുഗമമായ ചലനം ഉറപ്പുവരുത്തുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം തന്നെ അതിനുള്ളിൽ ഉണ്ടാവും. അത് ഈ കാപ്സ്യൂളിനെ കുടലിന്റെ ഉൾഭിത്തിയിൽ വേണ്ടിടത്ത് നിർത്തി കൃത്യമായ മൈക്രോ അൾട്രാ സൗണ്ട് ഇമേജ് റെക്കോർഡ് ചെയ്‌തെടുക്കും. എന്തെങ്കിലും തകരാർ സംഭവിച്ചാലും ഇതേ സിസ്റ്റത്തിന് ഓട്ടോമാറ്റിക്കായി തന്നെ ഈ കാപ്സ്യൂളിനെ തിരിച്ച് വേണ്ടിടത്തേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിവുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ റോബോട്ടിക്‌സ് വിദഗ്ധനായ പ്രൊഫസർ പിയട്രോ വാൽഡസ്ട്രി പറയുന്നത്, " നമ്മുടെ നാട്ടിലെ ഗ്യാസ്ട്രോ സ്പെഷ്യലിസ്റ്റുകൾ രോഗപരിശോധന നടത്തുന്ന മാർഗങ്ങളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്താൻ പോന്ന ഒരു സാങ്കേതികവിദ്യയാണ് സോനോപിൽ" എന്നാണ്. 

കുടലിന്റെ ഉള്ളിലെ ഏറ്റവും നേർത്ത മുറിവുകളെപ്പോലും ഇമേജ് ചെയ്തെടുത്ത്, അതുവഴി കാൻസർ പോലുള്ള രോഗങ്ങളെ വളരെ നേരത്ത തന്നെ തിരിച്ചറിയാൻ മൈക്രോ അൾട്രാ സൗണ്ട് ടെക്‌നോളജി ഡോക്ടർമാരെ സഹായിക്കും.  ഇന്റലിജന്റ് മാഗ്നറ്റിക് മാനിപുലേഷൻ എന്ന സാങ്കേതികവിദ്യ വഴി മൈക്രോ അൾട്രാ സൗണ്ട് കാപ്സ്യൂൾ റോബോട്ടുകളെ വളരെ ഫലപ്രദമായി നിയന്ത്രിക്കാനും അവയെ ഉപയോഗപ്പെടുത്തി വളരെ ഉയർന്ന റെസൊല്യൂഷൻ ഉള്ള മൈക്രോ അൾട്രാ സൗണ്ട് ഇമേജുകൾ എടുക്കാനും കഴിയുമെന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണ്. മാത്രവുമല്ല, ഈ പ്രക്രിയയുമായി ബന്ധപ്പെട്ട്   ഇതുവരെ ഉണ്ടായിരുന്ന ദുരനുഭവങ്ങളിൽ നിന്നും ഇനി രോഗികൾക്ക് മോചനം കിട്ടുകയും ചെയ്യും.  

ഈ സാധ്യതാ പഠനത്തിന്റെ ഫലങ്ങൾ ഏറെ ആശാവഹമാണെന്ന്, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ അൾട്രാ സൗണ്ട് മെറ്റീരിയൽസ് പ്രൊഫസറായ സാൻഡി കോക്രാൻ പറഞ്ഞു. കൂടുതൽ കൃത്യമായ ഇമേജുകൾ, ഒട്ടും വേദനയില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് ഒരു പടികൂടി നമ്മൾ അടുത്തുകഴിഞ്ഞു എന്നും അവർ പറഞ്ഞു. അധികം താമസിയാതെ, പരീക്ഷണ ഘട്ടങ്ങൾ പിന്നിട്ട് നാട്ടിലെ എല്ലാ ആശുപത്രികളിലും ഈ ഇത്തിരിക്കുഞ്ഞൻ റോബോട്ടുകളുടെ  സേവനം ലഭ്യമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  ഇപ്പോഴത്തെ ഡിസൈൻ പ്രകാരം ഈ റോബോട്ടിനു 21 മില്ലീമീറ്റർ വ്യാസവും, 39 മില്ലീമീറ്റർ നീളവുമുണ്ട്. നാനോടെക്‌നോളജിയിൽ വന്നിട്ടുള്ള പുരോഗതി ഇതിനെ ഇനിയും ചുരുക്കാൻ സഹായകമാവും എന്ന് ഗവേഷകർ പറയുന്നു. ഇതിനകത്ത് ഒരു മൈക്രോ അൾട്രാ സൗണ്ട് ട്രാൻസ്ഡ്യൂസർ, ഒരു എൽഇഡി ലൈറ്റ്, ഒരു കാമറ, ഒരു കാന്തം എന്നിവയാണ് അടങ്ങിയിട്ടുള്ളത്. 

തീരെ ഘനം കുറഞ്ഞ ഒരു ഫ്ളക്സിബിൾ കേബിളും ഈകാപ്സ്യൂളിന്റെ കൂടെ കുടലിനുള്ളിലേക്ക് പ്രവേശിക്കും. ഈ കേബിളിലൂടെയാവും റെക്കോർഡ് ചെയ്യപ്പെടുന്ന ഇമേജുകൾ കമ്പ്യൂട്ടറിലേക്ക് കൈമാറ്റം ചെയ്യപ്പെടുക. സാധ്യതാ പഠനത്തിന്റെ ഭാഗമായി ഇതിനകം തന്നെ ലബോറട്ടറി മോഡലുകളിലും, മൃഗങ്ങളിലും പരീക്ഷണങ്ങൾ നടന്നു കഴിഞ്ഞു. 

ഗ്യാസ്‌ട്രോ സംബന്ധിയായ അസുഖങ്ങൾ ലോകത്ത് വർഷാ വര്ഷം എൺപതു ലക്ഷം പേരുടെ ജീവൻ അപഹരിക്കുന്നുണ്ട് എന്നതാണ് കണക്ക്. അതിൽ കുടലിനെ ബാധിക്കുന്ന കാൻസറുകളും മറ്റും കൃത്യമായ രോഗ നിർണയം സമയസമയത്ത് നടക്കാത്തതിന്റെ പേരിലാണ് മരണകാരണമായ മാറുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ 'സോണോപിൽ' എന്ന ഈ ഇത്തിരിക്കുഞ്ഞൻ റോബോട്ടുകൾക്ക് കഴിയുമെന്ന പ്രത്യാശയിലാണ് ശാസ്ത്രലോകം.