ഉറങ്ങാന്‍ കിടന്നിട്ട് ഉറക്കം വരാത്തത് എന്തൊരു കഷ്ടമാണ്. ആ കഷ്ടതയുടെ കാരണം അറിയാമോ? മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും ഉത്കണ്ഠയുമാണ് അവ. നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല മൊത്തം ജീവിതരീതിയെ തന്നെ ഇവ മാറ്റി മറിക്കും. നല്ല ഉറക്കത്തിനായി ഇതാ നാല് ടിപ്സ്... 

ഒന്ന്...

രാത്രി കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പേ ഒരു പിടി ബദാം കഴിക്കാവുന്നതാണ്. നല്ല ഉറക്കത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിനായി സഹായിക്കുന്നത്. 

രണ്ട്...

നല്ല ഉറക്കം ലഭിക്കാൻ ഏറ്റവും നല്ലതാണ് വാൾനട്ട്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പേ നാലോ അഞ്ചോ വാൾനട്ട് കഴിക്കാവുന്നതാണ്.മഗ്നീഷ്യം തന്നെയാണ് ഇവിടെയും നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നത്.

മൂന്ന്...

ഇളം ചൂടുള്ള പാലാണ്, സുന്ദരമായ ഉറക്കത്തിന് മറ്റൊരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തീര്‍ച്ചയായും ഉറങ്ങുന്നതിന് അല്‍പം മുമ്പായി ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കഴിക്കാവുന്നതാണ്. 

നാല്...

സാധാരണഗതിയില്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുള്ള ഒന്നാണ് ഓട്സ്. എന്നാല്‍ ഇനി ഈ പതിവ് രാത്രിയിലേക്ക് ഒന്ന് മാറ്റിപ്പിടിച്ചുനോക്കൂ. അത്രമാത്രം ഉറക്കത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ ഓട്ട്‌സിന് കഴിവുണ്ടത്രേ. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ ഓട്ട്‌സ് സഹായിക്കുന്നു.