മുഖത്ത് നേർത്ത വരകളും ചുളിവുകളും ഉണ്ടാവുന്നതാണല്ലോ വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ. മുഖത്തെ കറുത്ത പാടുകളും ചുളിവുകളും മാറാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിക്കുന്നവരുണ്ട്. കെമിക്കലുകൾ അടങ്ങിയ ക്രീമങ്ങൾ ചർമ്മത്തിന് മറ്റ് പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കാം. കറുത്ത പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ പുരട്ടേണ്ട. പകരം വീട്ടിൽ തന്നെ ചില എളുപ്പ വഴികളുണ്ട്. ഏതൊക്കെയാണെന്നല്ലേ...

നാരങ്ങ നീരും മുട്ടയും...

മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ളയും നാരങ്ങ നീരും. ഒരു മുട്ടയുടെ വെള്ളയും അരടീസ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ഈ മിശ്രിതം 20 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്. മുട്ടയിലെ പ്രോട്ടീനുകളാണ് മുഖത്തെ ഇരുണ്ട നിറം ഇല്ലാതാക്കാൻ സഹായിക്കുന്നത്. 

തേനും പഞ്ചസാരയും...

സ്ത്രീകള്‍ നേരിടുന്ന ചർമ്മപ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ് പഞ്ചസാര. എണ്ണമയമുള്ള ചര്‍മ്മം ചിലർക്ക് ഒരു തലവേദനയാണ്. ഇതിന് പരിഹാരമായി ഒരു കപ്പ് പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ ഓറഞ്ച്‌നീരും ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം  ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും. എന്നാൽ, ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് മുഖം സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു.

ഒലീവ് ഓയിലും പഴവും....

നേർത്ത വരകളും ചുളിവുകളും മാറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ഒലീവ് ഓയിലും പഴവും. ഒരു പഴുത്ത പഴം മിക്സിയിൽ അടിച്ചോ അല്ലാതെയോ പേസ്റ്റാക്കി എടുക്കുക. ശേഷം അതിലേക്ക് ഒലീവ് ഓയിൽ ചേർക്കുക. ഈ പാക്ക് 20 മിനിറ്റ് മുഖത്തിടുക. ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ഒലീവ് ഓയിൽ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. ഇത് ചർമ്മത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടുന്നു.

റോസ് വാട്ടറും മുന്തിരി നീരും...

റോസ് വാട്ടറും മുന്തിരി നീരും മിക്ക വീടുകളിലും ഉണ്ടാകും. മുഖം തിളങ്ങാൻ ഏറ്റവും മികച്ചൊരു പാക്കാണ് ഇത്. രണ്ട് ടീസ്പൂൺ റോസ് വാട്ടും ഒരു ടീസ്പൂൺ മുന്തിരി നീരും ചേർത്ത് മുഖത്തിടുക. 20 മിനിറ്റ് ഇട്ട ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.