ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് ഡയറ്റ് തന്നെയാണ്. തടി കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകളാണ് ഇന്നുള്ളത്. കിറ്റോ ഡയറ്റ്, സീറോ ഡയറ്റ്, ഹെെ പ്രോട്ടീൻ ഡയറ്റ്, എൽസിഎച്ച്എഫ് ഡയറ്റ് ഇങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. ക്യത്യമായി ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. 

രണ്ട് ദിവസം ഡയറ്റ് ചെയ്ത ശേഷം മൂന്നാമത്തെ ദിവസം വലിച്ച് വാരി ആഹാരം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂവെന്നത് പലർക്കും അറിയില്ല. ഡയറ്റ് ചെയ്യാതെ എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ സന്ധ്യാ ഗുഗ്നിയാനി പറയുന്നു. 

വെള്ളം ധാരാളം കുടിക്കുക...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന്  ന്യൂട്രീഷനിസ്റ്റ് സന്ധ്യാ പറയുന്നു. വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും സ​ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.

മധുരം വേണ്ടേ വേണ്ട...

ഇത്രയും നാൾ മധുരം ചേർത്തല്ലേ നിങ്ങൾ ചായ കുടിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കാൻ‌ ആ​ഗ്രഹിക്കുന്നുവെങ്കിൽ മധുരം നിർബന്ധമായും ഒഴിവാക്കുക. ചായയിൽ മധുരം ചേർക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ന്യൂട്രീഷനിസ്റ്റായ സന്ധ്യാ ഗുഗ്നിയാനി പറയുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഡാൽ, മുട്ട, പനീർ, സോയ പോലുള്ള ഭക്ഷണങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. 

നടത്തം....

ദിവസവും 45 മിനിറ്റ് നടക്കാൻ നിങ്ങൾ സമയം മാറ്റിവയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അൽപമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെയും വെെകിട്ടും നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നും യൂണിവേഴ്സിറ്റി ഓഫ് ഒടാഗോയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അൽപമൊന്ന് നടന്ന ശേഷം ഉറങ്ങാൻ പോവുന്നത് ദഹനത്തിനും ​ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും.

ഫെെബർ ഭക്ഷണങ്ങൾ കഴിക്കൂ...

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഫെെബർ ഭക്ഷണങ്ങൾ. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. നിലക്കടല, നടസ്( പിസ്ത, അണ്ടിപരിപ്പ്, ബദാം), ഓട്സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ദിവസവും ശരീരത്തിൽ 30 ​ഗ്രാം ഫെെബർ എത്തേണ്ടത് അത്യാവശ്യമാണ്. വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് ന്യൂസിലാന്റിലെ ഒട്ടാഗോ സർവകലാശാലയിലെ ​​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

ചവച്ചരച്ച് കഴിക്കുക....

ഭക്ഷണങ്ങൾ എപ്പോഴും ചവച്ചരച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  20-30 മിനിറ്റ് ചവച്ചരച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല  വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനും സഹായിക്കും. ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും. ഓരോ നേരവും ആഹാരം ചവച്ചരച്ച് കഴിക്കുന്നതു കൊണ്ട് ഉന്മേഷം വര്‍ധിക്കും. നന്നായി ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനം സുഗമമാകുന്നു.

സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിവാക്കാം...

പുറത്ത് പോയാൽ കോള, വ്യത്യസ്ത നിറങ്ങളിലുള്ള പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവ പതിവായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ആണു ചേർക്കുന്നത്.

ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. ഇതുവഴി ധാരാളം കാലറിയും കൊഴുപ്പും ഉള്ളിലെത്താൻ കാരണമാകും. അമ്പത് കടന്ന സ്ത്രീകള്‍ ദിവസത്തില്‍ രണ്ട് തവണയിലധികം ശീതളപാനീയങ്ങള്‍ കഴിച്ചാല്‍ അവര്‍ക്ക് ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. കൃത്രിമമധുരം ചേര്‍ത്ത ശീതളപാനീയങ്ങള്‍ കഴിക്കുന്നത്-  ഹൃദയാഘാതം, പക്ഷാഘാതം, അല്‍ഷിമേഴ്‌സ്, ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമെന്നും ​പഠനത്തിൽ പറയുന്നു.