മുടിയുടെ അറ്റം പിളരുന്നത് അത്ര നിസാരമായി കാണരുത്. മുടിയിൽ പലതരം കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരിലും അയണിങ്, ബ്ലോഡ്രൈയിങ് തുടങ്ങിയ ഹെയർ സ്റ്റൈലിങ് പ്രക്രിയകൾ അമിതമായി ചെയ്യുന്നവരിലുമാണ് മുടിയുടെ അറ്റം  കൂടുതലും പിളർന്നുപോകുന്നത്. മുടിയിലെ സൾഫൈഡ് ബോണ്ടുകൾ വിട്ടുപോകുന്നതുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. വീര്യമേറിയ ഷാംപൂ സ്ഥിരമായി ഉപയോഗിച്ചാലും ഇങ്ങനെ സംഭവിക്കാം.

മുടിയുടെ അറ്റം പിളർന്നു കഴിഞ്ഞാൽ, അതു മുറിക്കുക എന്നതാണു പ്രതിവിധി. വീണ്ടും ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കഴിവതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ഷാംപൂ കഴുകിക്കളഞ്ഞതിനുശേഷം നല്ല  കണ്ടീഷനർ മൂന്നു മിനിറ്റു പുരട്ടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഡീപ് കണ്ടീഷനർ 20 മിനിറ്റ് പുരട്ടി കഴുകുന്നതു നന്നായിരിക്കും. നനഞ്ഞ മുടി ചീകാതിരിക്കാൻ ശ്രദ്ധിക്കണം. അധികം മർദമേൽപിക്കാതെ വേണം മുടി ചീകാൻ. ‍‍

അധികം ഇഴയടുപ്പമില്ലാത്ത ചീപ്പ് ഉപയോഗിക്കുക. കെമിക്കൽ ട്രീറ്റ്മെന്റുകൾ അമിതമാകരുത്. മുടിയിൽ നിന്നും അഞ്ച് ഇഞ്ചെങ്കിലും അകലത്തിൽ പിടിച്ചു വേണം ഹെയർ ഡ്രയർ ഉപയോഗിക്കാൻ. സ്വാഭാവിക രീതിയിൽ മുടി 90 ശതമാനമെങ്കിലും ഉണങ്ങിയ ശേഷമേ ഡ്രയർ ഉപയോഗിക്കാവൂ. ഒരു ഭാഗത്തു മാത്രം കൂടുതൽ പ്രയോഗിക്കാതെ, മാറ്റിമാറ്റി ഉപയോഗിക്കണം.