ദില്ലി: രണ്ട് കാലുകളും ഒടിഞ്ഞാണ് പതിനൊന്ന് മാസം പ്രായമുള്ള സിക്ര മാലിക് എന്ന പെൺകുട്ടി ആശുപത്രിയിലെത്തുന്നത്. കുട്ടിയ്ക്ക് ചികിത്സ നൽകാൻ ഡോക്ടർമാർ ഏറെ പ്രായസപ്പെട്ടു. മകളെ ചികിത്സിക്കാൻ ഒരു വഴിയുണ്ട്. ഡോക്ടർ അത് ചെയ്യുമോയെന്ന് സിക്രയുടെ അമ്മ ഡോക്ടറോട് ചോദിച്ചു.

 അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയെ ആദ്യം ചികിത്സിക്കൂ, അപ്പോള്‍ അവളും സഹകരിക്കും. കാരണം അവള്‍ക്ക് അത്രയേറെ പ്രിയപ്പെട്ട പാവക്കുട്ടിയാണത്. അമ്മയുടെ ഐഡിയ ഡോക്ടര്‍മാര്‍ പരീക്ഷിച്ചു. നൂറു ശതമാനം വിജയം. രണ്ടുകാലുകളും കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയും അവളുടെ പാവക്കുട്ടിയും ഇപ്പോൾ. 

ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. ഓര്‍ത്തോപീഡിക് വിഭാഗം പ്രൊഫസര്‍ ഡോ.അജയ് ഗുപ്തയാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യം സിക്രയുടെ പ്രിയപ്പെട്ട പാവക്കുട്ടിയായ പാരിയുടെ കാലുകൾ പ്ലാസ്റ്റർ ഉപയോ​ഗിച്ച് കെട്ടിവച്ചു. ശേഷമാണ് സിക്രയെ ചികിത്സിക്കാൻ തുടങ്ങിയതെന്ന് ഡോക്ടർ പറഞ്ഞു.