" ഞാൻ പറയുന്നത് 1985-ൽ എനിക്കുണ്ടായ അനുഭവമാണ്. അച്ഛന് ശിലാജിത്ത് കൊണ്ട് മരുന്നുണ്ടാക്കലായിരുന്നു ഉപജീവനം. ആളുകൾ ഇതിങ്ങനെ അൽപാൽപമായി സേവിക്കുന്നത് ഞാൻ കാണാറുണ്ട് നിത്യം. ഒരു ദിവസം എനിക്ക് തോന്നി, ഇത് ഒരു കപ്പ് കഴിച്ചാൽ എന്താണ് സംഭവിക്കുക എന്നൊന്നറിയണമല്ലോ..! ഞാൻ ഒരു കപ്പെടുത്തത് കഴിച്ചതും തല ചുറ്റാൻ തുടങ്ങി. ഓടി കുളിമുറിയിലേക്ക് കേറി, തലയിലൂടെ ഒരു ബക്കറ്റ് വെള്ളമെടുത്ത് കമഴ്ത്തി. പുറത്തിറങ്ങി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ഡോക്ടറുടെ മുറിയിലെത്തിയ ഉടൻ ഞാൻ പറഞ്ഞു, " രക്ഷിക്കണം, ഒരു കപ്പ് ശിലാജിത്ത് എടുത്ത് വിഴുങ്ങിയതാണ്.." പറഞ്ഞു തീർന്നതും എനിക്ക് ബോധക്ഷയമുണ്ടായി. നാല് മണിക്കൂർ നേരം കഴിഞ്ഞാണ് പിന്നെ കണ്ണുതുറന്നത്. ബോധം തെളിഞ്ഞ് നേരെ ഇരുന്ന എനിക്ക് ആദ്യം കിട്ടിയത് ഡോക്ടറുടെ വക കാരണം പുകച്ചുകൊണ്ടുള്ള ഒരു അടിയാണ്. " ഇനി മേലാൽ ആവർത്തിക്കരുത്.." അദ്ദേഹം പറഞ്ഞു." 

ഈ കഥ ബിബിസിയോട് പങ്കുവെച്ചത് എൺപതുകളിൽ ഹുംജാ താഴ്‌വരയിൽ അച്ഛനോടൊപ്പം ശിലാജിത്തിന്റെ കച്ചവടം നടത്തിയിരുന്ന കരീമുദ്ദീൻ എന്ന വ്യാപാരിയാണ്. 

എന്താണീ ശിലാജിത്ത്.. ? 

ശിലാജിത്ത് എന്നത് മധ്യേഷ്യയിലെ മലമുകളിൽ മാത്രം കണ്ടുവരുന്ന ഒരു വസ്തുവാണ്. പാകിസ്ഥാനിൽ ഇത് ഗിൽഗിത്ത്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിലാണ് കണ്ടുവരുന്നത്. കരിമുദ്ദീൻ പറയുന്നത് മലമുകളിലെ ഗുഹകൾക്കുള്ളിൽ പലവിധം ധാതുക്കളും വൃക്ഷലതാദികളുടെ സത്തുക്കളും ചേർന്നുണ്ടാകുന്ന ഒരു മരുന്നാണ് എന്നാണ്. ഇങ്ങനെ പലവിധം കൂട്ടുകൾ ചേർത്ത് ഏറെ നാൾ സൂക്ഷിക്കുന്ന മരുന്ന് പാകമാകുമ്പോൾ കുറേശ്ശെ എടുത്ത് സേവിക്കുകയാണ് പതിവ്. 

എന്നാൽ ഈ വസ്തു കണ്ടെടുക്കുന്നത് ഏറെ ക്ലേശകരമായ ഒരു അദ്ധ്വാനമാണ് എന്നാണ് കരിമുദ്ദീൻ പറയുന്നത്.  അദ്ദേഹത്തിന്റെ കുടുംബത്തിൽ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ കൂട്ടമായി, നേരം പുലരും മുമ്പുതന്നെ മലകേറും. കുന്നായ കുന്നൊക്കെ കേറിയിറങ്ങി, ഗുഹയായ ഗുഹയെല്ലാം തപ്പിയാൽ മാത്രമാണ് ഇത് കണ്ടുകിട്ടുക. ചില യാത്രകൾ ദിവസങ്ങളോളം നീളും. രണ്ടു ഘട്ടങ്ങളാണ് ഈ മരുന്നിന്റെ ഉത്പാദനത്തിലുള്ളത്. ഒന്ന്, മലമുകളിലെ ഗുഹകളിൽ നിന്ന് അസംസ്കൃത ധാതു കണ്ടെടുക്കൽ. രണ്ട്, അതിനെ കൃത്യമായ പ്രക്രിയകളിലൂടെ ഫിൽറ്റർ ചെയ്ത് വൃത്തിയാക്കിയെടുക്കൽ.  

ഗുഹകളിൽ നിന്ന് ധാതു ചാക്കുസഞ്ചികളിൽ ശേഖരിക്കും. എന്നിട്ട് അതും ചുമന്ന് അവർ തിരിച്ച് വീടുകളിലേക്ക് പോരും. ഫിൽറ്ററിങ്ങ് പ്രക്രിയയുടെ ആദ്യ പടി ഈ കല്ലുകൾ ചെറുതായി പൊടിച്ചെടുക്കുകയാണ്. എന്നിട്ട് നിശ്ചിതമാത്രയിൽ വെള്ളം ചേർത്ത് അവർ ഇതിനെ ഒരു തവി കൊണ്ട് ഇളക്കിഇളക്കി കൂട്ടിച്ചേർക്കും. ഉപരിതലത്തിൽ അടിയുന്ന പൊടി ഇടയ്ക്കിടെ മാറ്റിക്കൊടുക്കും. എന്നിട്ട് ഈ മിശ്രിതം ഏതാനും ദിവസം അങ്ങനെ സൂക്ഷിക്കും. അപ്പോഴേക്കും നല്ല കറുത്ത നിറത്തിലുള്ള ഒരു പേസ്റ്റ് പരുവത്തിനുള്ള സാധനം തയ്യാറാകും. 

ഇനിയും വിഷഫലമുള്ള വസ്തുക്കൾ ഈ മിശ്രിതത്തിൽ അവശേഷിക്കുന്നുണ്ടാവും. അതിനെക്കൂടി നന്നായി അരിച്ചരിച്ച് വേർതിരിച്ച് കളയണം. വെറുതേ തുണിയോ അരിപ്പയോ മാത്രം വെച്ച് അരിച്ചതുകൊണ്ടോ, വെള്ളത്തെ തിളപ്പിച്ചതുകൊണ്ടോ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. കരിമുദ്ദീൻ ഫിൽറ്ററിങ്ങ് പ്രക്രിയ നാല്പതോളം ദിവസമാണ് നടത്തുന്നത്. അതിന്റെ രീതികളും, അതിനുപയോഗിക്കുന്ന യന്ത്രവും എല്ലാം തന്നെ രഹസ്യമാണ്. വിപണിയിൽ നിലനിൽക്കുന്ന മത്സരം തന്നെ കാരണം. ഇങ്ങനെ സവിശേഷമായ രീതിയിൽ തയ്യാർ ചെയ്യുന്നതുകൊണ്ട് ഏറ്റവും ശുദ്ധമായ ശിലാജിത്ത് തങ്ങളുടേതാണെന്നാണ് കരിമുദ്ദീന്റെ അവകാശവാദം. ആഫ്താബി ശിലാജിത്ത് എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. മാസങ്ങളുടെ പ്രയത്നമുണ്ടത്രെ ഓരോ ബാച്ച് ശിലാജിത്തിന്റെയും നിർമാണത്തിൽ. 

ശിലാജിത്തിന്റെ ഗുണഫലങ്ങൾ 

ഇത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മരുന്നാണ് എന്നാണ് കരിമുദ്ദീൻ പറയുന്നത്. പലരും പറയുന്നത് ഇത് വയാഗ്രയുടെ ഫലം ചെയ്യുമെന്നാണ്. അത് തികച്ചും വാസ്തവരഹിതമായ ഒരു അവകാശവാദമാണ്. ഇതിലടങ്ങിയിരിക്കുന്ന ധാതുക്കൾ ശരീരത്തിന്റെ കുറവുകൾ പരിഹരിക്കും. ശരീരത്തിന്റെ ചൂട് ഏറ്റും. രക്തസഞ്ചാരത്തിന് വേഗതയേറും. അതൊക്കെ ശരിയാണ്. എന്നാൽ, പലരും പറയുന്നപോലെ ഇതിന് ഒരു നിമിഷം കൊണ്ട് വയാഗ്രയുടെ ഫലം ചെയ്യാനുള്ള കഴിവൊന്നുമില്ല. 

ഇതിൽ അയേൺ, സിങ്ക്, മഗ്നീഷ്യം അടക്കമുള്ള 85  ധാതുക്കളുടെ ഗുണം അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമാണ് ശിലാജിത്ത്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഇത് ഗുണകരമാണത്രെ. അതുകൊണ്ടുതന്നെ അൽഷിമേഴ്‌സ്, ഡിപ്രഷൻ തുടങ്ങി പലതിന്റെയും ചികിത്സയ്ക്ക് ഇത് നല്ലതാണെന്ന് ഇസ്ലാമാബാദിലെ ഡോക്ടർ വഹീദ് മീരാജ് പറഞ്ഞു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഷുഗർ ലെവൽ നിയന്ത്രിക്കുന്നതിലും ശിലാജിത്ത് വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലുകൾക്കും സന്ധികൾക്കും ഇത് ഗുണകരമാണ്. നല്ല രീതിയിൽ ഫിൽറ്റർ ചെയ്യാതെ നിർമ്മിക്കപ്പെടുന്ന ശിലാജിത്ത് സേവിച്ചാൽ ഗുണത്തേക്കാൾ ദോഷമാവും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. 

ചെറിയ പരലുകളായി എടുത്ത് നേരിയ ചൂടുള്ള പാലിൽ കലക്കി വേണം ഇത് സേവിക്കാൻ. പ്രായമായവർക്ക് നിത്യേന രണ്ടു നേരവും ചെറുപ്പക്കാർക്ക് ആഴ്ചയിൽ പരമാവധി രണ്ടു വട്ടവും. രക്താതിമർദ്ദമുള്ളവർ യാതൊരു കാരണവശാലും ഇത് ഉപയോഗിക്കരുത് എന്നൊരു വിലക്കും അദ്ദേഹം പറയുന്നുണ്ട്. ഹൃദ്രോഗികൾ ഇത് സേവിക്കുന്നത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കും എന്നുള്ള മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.