ആരോഗ്യപരമായ ചില കാരണങ്ങള്‍ കൊണ്ട് തന്നെ ചിലര്‍ക്ക് തണുപ്പുകാലത്തും ഉറക്കം ശരിയാകാതെ വരാം. ഇത് തീര്‍ച്ചയായും പകല്‍സമയത്തെ മറ്റ് കാര്യങ്ങളെയും ദോഷകരമായി ബാധിക്കാം.

പൊതുവെ തണുപ്പുകാലത്ത് ഉറങ്ങാൻ മിക്കവര്‍ക്കും പ്രിയമാണ്. കിടക്ക വിട്ട് എഴുന്നേല്‍ക്കുന്നതാണ് അധികപേര്‍ക്കും പ്രയാസം. എന്നാല്‍ ആരോഗ്യപരമായ ചില കാരണങ്ങള്‍ കൊണ്ട് തന്നെ ചിലര്‍ക്ക് തണുപ്പുകാലത്തും ഉറക്കം ശരിയാകാതെ വരാം. ഇത് തീര്‍ച്ചയായും പകല്‍സമയത്തെ മറ്റ് കാര്യങ്ങളെയും ദോഷകരമായി ബാധിക്കാം.

ഇത്തരത്തില്‍ തണുപ്പുകാലത്തെ ഉറക്കമില്ലായ്മ പരിഹരിക്കാൻ ചില കാര്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തുനോക്കാവുന്നതാണ്. അവ പങ്കുവയ്ക്കാം. 

ഒന്ന്...

തണുപ്പുകാലത്ത് വേണ്ടവിധം സൂര്യപ്രകാശമേല്‍ക്കാത്തത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഉറക്കത്തെയും ഇത് ബാധിക്കാം. അതിനാല്‍ പകല്‍സമയങ്ങളില്‍ അല്‍പനേരം സൂര്യപ്രകാശമേല്‍ക്കാൻ ദിവസവും ശ്രദ്ധിക്കണം. 

രണ്ട്...

മഞ്ഞുകാലത്ത് ദഹനക്കുറവ് ഒരു പതിവ് ആരോഗ്യപ്രശ്നമാണ്. അതിനാല്‍ തന്നെ ഉറക്കത്തിന് മുമ്പ് കനത്തിലോ, അമിതമായോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ രാത്രിയില്‍ നെഞ്ചെരിച്ചില്‍, ഓക്കാനം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം. എല്ലായ്പ്പോഴും ഈ ദഹനപ്രശ്നം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. എന്തെന്നില്ലാത്ത അസ്വസ്ഥത പോലെയും ദഹനപ്രശ്നം അനുഭവപ്പെടാം. 

മൂന്ന്...

തണുപ്പുകാലത്ത് പകല്‍സമയത്തും ഉറങ്ങാൻ മിക്കവര്‍ക്കും ഇഷ്ടമായിരിക്കും. പ്രധാനമായും രാവിലെ അധികസമയം ഉറങ്ങാൻ. എന്നാല്‍ കഴിയുന്നതും രാവിലെ അധികസമയമോ പകലോ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് രാത്രിയിലെ ഉറക്കത്തെ ബാധിക്കാം. 

നാല്...

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ശാരീരിക- മാനസികാരോഗ്യാവസ്ഥകള്‍ മാറിമറിയാം. മഞ്ഞുകാലത്ത് ചിലരില്‍ ഇത്തരത്തില്‍ ചെറിയ വിഷാദം കാണാം. ഇത് പകലുറക്കം, ഉന്മേഷമില്ലായ്മ എന്നിവയിലേക്കെല്ലാം നയിക്കാം. ഒപ്പം രാത്രിയിലെ ഉറക്കമില്ലായ്മയും അസ്വസ്ഥതയും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ തെറാപ്പിക്കോ, കൗണ്‍സിലിംഗിനോ ശ്രമിക്കാവുന്നതാണ്. അതല്ലെങ്കില്‍ വിഷാദത്തിന് തന്നെ ചികിത്സ തേടാവുന്നതാണ്. 

അഞ്ച്...

തണുപ്പുകാലമല്ലേ എന്നോര്‍ത്ത് ചിലര്‍ കിടപ്പുമുറിയെ 'ഹീറ്റ് ' ചെയ്യും. എന്നാലിത് കൂടുകയാണെങ്കിലും ഉറക്കത്തെ ബാധിക്കാം. 18 ഡിഗ്രി സെല്‍ഷ്യസ് ആണ് ആരോഗ്യകരമായി കിടപ്പുമുറിക്കായി നിര്‍ദേശിക്കപ്പെടുന്ന താപനില. 

ആറ്...

തണുപ്പുകാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത്. ഇത് അനുബന്ധമായ പല പ്രയാസങ്ങളിലേക്കും നയിക്കാം. തണുപ്പുകാലത്താണെങ്കില്‍ ശരീരത്തിന് അധികം വെള്ളം ആവശ്യമാണുതാനും. കാരണം അന്തരീക്ഷം വരണ്ടിരിക്കുകയാണല്ലോ,ഇത് ശരീരത്തെയും ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ നിര്‍ജലീകരണമുണ്ടെങ്കിലും ഉറക്കം ഭംഗപ്പെടാം. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. 

ഏഴ്...

ഉറക്കപ്രശ്നങ്ങള്‍ എപ്പോഴായാലും പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായൊരു മാര്‍ഗമാണ് വ്യായാമം ചെയ്യല്‍. ഇത് തണുപ്പുകാലത്തും ബാധകം തന്നെ. പ്രത്യേകിച്ച് തണുപ്പുകാലത്ത് ഉന്മേഷത്തിന് അല്‍പം കുറവുണ്ടായിരിക്കും. ഈ പ്രശ്നം പരിഹരിക്കുന്നതിനും കായികമായി സജീവമാകുന്നത് സഹായിക്കും. 

Also Read:- വണ്ണം കുറയ്ക്കാൻ എത്ര ശ്രമം നടത്തിയിട്ടും പരാജയപ്പെടുന്നോ? പരിശോധിക്കൂ ഇക്കാര്യങ്ങള്‍...