പല കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയ്ൻ ഉണ്ടാകുന്നത്. ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍ . കാലുകളിലാണ് വെരിക്കോസ് വെയ്ന്‍ അഥവാ സിരാവീക്കം കൂടുതലായി കാണപ്പെടുന്നത്. അധിക നേരം നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കാലിന് കൊടുക്കുന്നത് കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. 

ലക്ഷണങ്ങൾ...

കാലുകളിലെ നിറവ്യത്യാസം
കണങ്കാലിലുണ്ടാകുന്ന കറുപ്പ്
സിരകൾ ഉയർന്നു തടിച്ച് നീലനിറമാകുക
തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന
തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും
കാലുകൾ കഴപ്പ്
പുകച്ചിൽ

 തടയാൻ ചെയ്യേണ്ടത്...

ഒന്ന്...

ജീവിത ശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ വെരിക്കോസ് വെയിൻ ഒരു പരിധിവരെ പ്രതിരോധിക്കും. വെരിക്കോസ് വെയിൻ പൂർണമായി തടയാൻ കഴിയില്ല. എന്നാൽ രക്തയോട്ടം കൂട്ടുകവഴി കൂടുതൽ സിരകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയാൻ കഴിയും. 

രണ്ട്...

നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇതുവഴി രക്ത പ്രവാഹം സുഗമമാകുകയും സിരകളുടെ ആയാസം കുറയുകയും ചെയ്യും. 

മൂന്ന്....

ശരീരഭാരം അമിതമായി കൂടുന്നത് ഞരമ്പുകൾക്കും സിരകൾ ക്കും സമ്മർദമേൽപ്പിക്കും. ഇത് രക്തപ്രവാഹം തടസ്സപ്പെടുത്താം. അതിനാൽ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തണം. 

നാല്...

ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാം. ഉപ്പിന്റെ അളവു കുറയ്ക്കണം. ചിപ്സുകൾ, പായ്ക്കറ്റിലും ടിന്നിലുമടച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം. 

അഞ്ച്...

ഉയർന്ന ഹീലുകളുള്ള ചെരുപ്പുകൾ പാദങ്ങളിലും സിരകളിലും സമ്മർദമേൽപ്പിക്കാം. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്താം. പരന്ന പ്രതലമുള്ള പാദരക്ഷകളാണ് നല്ലത്. ജോലി ചെയ്യുമ്പോൾ ഒരേ പൊസിഷനിൽ ഇരിക്കരുത്. ഇടയ്ക്ക് കാലുകൾ നിവർത്തണം. തറയിൽ മലർന്നു കിടന്നശേഷം കാലുകൾ ഉയർത്തുന്നതും നല്ലതാണ്. രക്തയോട്ടം വർധിപ്പിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങൾ ചെയ്യാവുന്നതാണ്.