ശരീരത്തില്‍ ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവ കണ്ടാല്‍ അവഗണിക്കരുത്. ചിലപ്പോള്‍ അത് സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം ആകാം.
ശരീരത്തില്‍ ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവ കണ്ടാല്‍ അവഗണിക്കരുത്. ചിലപ്പോള്‍ അത് സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം ആകാം. ഒരു അപൂര്‍വ ത്വക്ക് രോഗമാണ് സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം. ഇത് തൊലിയേയും കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, അന്നനാളം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിൽ കാണുന്ന നനവുള്ളതും മൃദുവായതുമായ ആവരണത്തെയും ബാധിക്കാം.
ചില മരുന്നുകളോടോ മറ്റു രാസവസ്തുക്കളോടോ ഉള്ള അലർജി മൂലമോ, അപൂർവമായി ചില രോഗാണുബാധകൾ മൂലമോ ഈ രോഗം ബാധിക്കാം. അമേരിക്കയിലെ ശിശുരോഗ വിദഗ്ധരായിരുന്ന ഡോ. ആൽബർട്ട് മേസൺ സ്റ്റീവൻസ്, ഡോ. ഫ്രാങ്ക് കാംബ്ലിസ് ജോൺസൺ എന്നിവർ 1922 ൽ ഏഴും എട്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.
ലക്ഷണങ്ങള്‍
പനി, ശരീരവേദന, ചുമ, ക്ഷീണം, കണ്ണുകളിലെ പുകച്ചില്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചുവന്ന നിറത്തിൽ, ദേഹമാസകലം പടരുന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നു. അത് ക്രമേണ തൊലിപ്പുറത്തും മൂക്കിലും വായ്ക്കുള്ളിലും കണ്ണുകളിലും ജനനേന്ദ്രിയങ്ങളിലും മലദ്വാരത്തിലും പ്രത്യക്ഷപ്പെടുന്ന കുമിളകളാകുന്നു. അവസാനം ഈ ഭാഗങ്ങളിലെയെല്ലാം തൊലിയുടെയും ശ്ലേഷ്മസ്തരത്തിന്റെയും പുറം പാളി അടർന്നു മാറി, അസഹനീയമായ വേദനയും ആഹാരം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ ഉടനെ കാണണം. ചികിത്സ തുടങ്ങണം.
