തുടക്കത്തിൽ 107 കിലോ ഭാരം ഉണ്ടായിരുന്നു. ഭാരം ഉണ്ടായിരുന്ന സമയത്ത് ബിപി കൂടുകയും സ്ലീപ്പ് അപ്നിയ ഈ രണ്ട് പ്രശ്നങ്ങളും അലട്ടിയിരുന്നു. വണ്ണം ഉണ്ടായിരുന്നപ്പോൾ നന്നായി ഉറങ്ങാൻ പറ്റില്ലായിരുന്നു… - സന്തോഷ് കുരുവിള പറഞ്ഞു.
അമിതവണ്ണം നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് 30 കിലോ ഭാരം കുറച്ചതിനെ കുറിച്ച് എറണാകുളം കളമശേരി സ്വദേശി സന്തോഷ് കുരുവിള ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു.
അന്ന് ബിപിയും സ്ലീപ്പ് അപ്നിയ എന്നെ അലട്ടിയിരുന്നു
തുടക്കത്തിൽ 107 കിലോ ഭാരം ഉണ്ടായിരുന്നു. ഭാരം ഉണ്ടായിരുന്ന സമയത്ത് ബിപി കൂടുകയും സ്ലീപ്പ് അപ്നിയ ഈ രണ്ട് പ്രശ്നങ്ങളും അലട്ടിയിരുന്നു. വണ്ണം ഉണ്ടായിരുന്നപ്പോൾ നന്നായി ഉറങ്ങാൻ പറ്റില്ലായിരുന്നു. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുന്നത്.
ആദ്യം തന്നെ ഡയറ്റിനെ കുറിച്ച് പഠിക്കുകയും വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണക്രമത്തെ കുറിച്ചും ഗൂഗിളിൽ തിരക്കി. പഞ്ചസാരയും എണ്ണയും കാർബോഹൈഡ്രേറ്റും ഒഴിവാക്കിയാൽ തന്നെ വിശപ്പ് കുറയ്ക്കാനും ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് മനസിലായി. അങ്ങനെ അവ ഒഴിവാക്കുകയാണ് ആദ്യം ചെയ്തതു. ശേഷം ഒരു ജിമ്മിൽ പോകാനും തുടങ്ങിയെന്ന് സന്തോഷ് കുരുവിള പറഞ്ഞു.
ദിവസവും വെെകിട്ട് 4.30 മുതൽ 6.30 വരെ ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ സമയം മാറ്റിവയ്ക്കും. ബ്രേക്ക്ഫാസ്റ്റിന് ഒന്നും തന്നെ ഇപ്പോൾ കഴിക്കില്ല. പകരം രാവിലെ 11 മണിക്ക് ബ്രേക്ക്ഫാസ്റ്റും ഉച്ചഭക്ഷണവും ചേർത്ത് കഴിക്കാറാണ് പതിവ്. 11 മണിക്ക് 450 ഗ്രാം ചിക്കൻ മഞ്ഞളും ഉപ്പും ചേർത്ത് കഴിക്കാറാണ് പതിവ്. അതിലുള്ള വെള്ളം മാറ്റിയ ശേഷം പീസ് മാത്രം കഴിക്കും.
വെെകിട്ട് ജിമ്മിൽ പോകുന്നതിന് മുമ്പ് ഒരു ഏത്തപ്പഴം കഴിക്കും. അത്താഴത്തിന് 7.30 ന് ഒരു കവർ പാലിൽ ഒരു കപ്പ് ഓട്സും വേവിച്ചെടുത്ത് കഴിക്കും. പിന്നെ മഞ്ഞ ഉൾപ്പെടെ അഞ്ച് മുട്ടയും കഴിക്കും. ദിവസവും അഞ്ച് കപ്പ് മധുരമില്ലാതെ കട്ടൻ കാപ്പി കുടിക്കും. കാപ്പി കുടിക്കുന്നത് കൊണ്ട് അമിതമായി വിശപ്പ് വരാറില്ല.
‘വെെകിട്ടാണ് ജിമ്മിൽ പോകാറുള്ളത്. heavy intense training ആണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. കാർഡിയോയ്ക്ക് ഇപ്പോൾ പ്രധാന്യം കൊടുക്കാറില്ല. വണ്ണം ഉണ്ടായിരുന്നപ്പോൾ ബിപി, ഉറക്കക്കുറവ് , കിതപ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു പ്രയാസവുമില്ല. ആത്മവിശ്വാസം കൂടി എന്ന് തന്നെ പറയാം ' - സന്തോഷ് കുരുവിള പറയുന്നു.
ആരോഗ്യമാണ് പ്രധാനം
നമ്മുടെ ശരീരമാണ്. വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. 40 വയസ് കഴിഞ്ഞാൽ നിരവധി അസുഖങ്ങളാണ് ഇന്ന് പിടിപെടുന്നത്. ആരോഗ്യം തന്നെയാണ് പ്രധാനം എന്ന ചിന്ത വരണമെന്ന് സന്തോഷ് കുരുവിള പറയുന്നു.


