ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ളവയാണ് നട്സ്. വണ്ണം കുറയ്ക്കാന്‍ പാടുപെടുന്നവരാണെങ്കില്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള 'സ്‌നാക്ക്' ആയിട്ടാണ് നട്സ് അറിയപ്പെടുന്നത് തന്നെ. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം...

പിസ്ത...

പിസ്തയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമുക്കറിയാം, വണ്ണം കുറയ്ക്കാനുള്ള ആദ്യപടിയായി ഉറപ്പിക്കേണ്ടത് സുഗമമായ ദഹനമാണ്. ഇതിന് ഫൈബര്‍ നല്ലരീതിയില്‍ സഹായിക്കുന്നു. അതുപോലെ തന്നെ, പിസ്ത എളുപ്പത്തില്‍ വിശപ്പിനെ ശമിപ്പിക്കുന്നു. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യത്തെ ഇത് ഒഴിവാക്കുന്നു. 
പ്രോട്ടീനാല്‍ സമ്പുഷ്ടമാണ് പിസ്ത. പ്രോട്ടീനും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഘടകം തന്നെ. 100 ഗ്രാം പ്‌സിതയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കും. പിസ്തയിലടങ്ങിയിരിക്കുന്ന 'മോണോസാച്വറേറ്റഡ് ഫാറ്റ്' അഥവാ ആരോഗ്യകരമായ കൊഴുപ്പ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതുപോലെ തന്നെ കുറഞ്ഞ കലോറിയേ അടങ്ങിയിട്ടുള്ളൂ എന്നതും പിസ്തയെ ഡയറ്റില്‍ ചേര്‍ക്കാനുള്ള കാരണമാകുന്നു. സലാഡുകളിലോ ഡെസേര്‍ട്ടുകളിലോ ഷെയ്ക്ക് പോലുള്ള പാനീയങ്ങളിലോ ചേര്‍ത്ത് വ്യത്യസ്തമായി പിസ്ത കഴിക്കാവുന്നതാണ്. 

ബദാം....

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം. വൈറ്റമിൻ ഇയുടെ കലവറയാണ് ബദാം. ഇതിൽ ധാരാളം കാത്സ്യവും അയണും മോണോ സാറ്റ്യുറേറ്റഡ് ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാൻ ഭക്ഷണത്തിന് മുന്‍പ് കുറച്ചു ബദാം കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബദാം. രാവിലെ വെറും വയറ്റിൽ‌ ബദാം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഏഷ്യ പസഫിക് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

വാൾനട്ട്....

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ​യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
വാൾനട്ടിൽ ആൽഫാ ലിനോ ലെനിക്ക് ആസിഡ് വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്.