കുഞ്ഞ് രാത്രി ഉറങ്ങാറില്ല. എപ്പോഴും കളിയാണെന്ന് പറയുന്ന അമ്മമാർ നിരവധിയാണ്. കുഞ്ഞ് ഉറങ്ങാതിരിക്കുമ്പോൾ അമ്മയ്ക്കും ക്യത്യമായ ഉറക്കം കിട്ടാതാവുന്നു. കുഞ്ഞുങ്ങൾക്ക് ഉറക്കം കിട്ടാൻ അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ഒന്ന്...

ഉറങ്ങാനുള്ള സമയത്തിൽ കൃത്യത പാലിക്കുകയാണ് ഒന്നാമതായി വേണ്ടത്. പതിവായി ഒരു നിശ്ചിത സമയത്ത് തന്നെ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾ കൊണ്ട് കുഞ്ഞ് ഈ സമയ രീതിയുമായി പൊരുത്തപ്പെട്ട് ഉറക്കം ശീലിക്കും.

രണ്ട്...

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം നൽകുക.  കിടക്കുന്നതിന് തൊട്ടു മുൻപായി ഭക്ഷണം നൽകുന്നത് നല്ല പ്രവണതയല്ലെന്ന് ഓർക്കുക. 

മൂന്ന്...

മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ട്. ഉറക്ക സമയത്ത് അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി ചെറിയ  വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.

നാല്...

ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് ഉറങ്ങാൻ സഹായിക്കും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും. 

അഞ്ച്...

പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കാൻ ശ്രദ്ധിക്കുക . കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം.

ആറ്...

കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ച് തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാൻ അമ്മമാർ ശ്രദ്ധിക്കേണ്ടതുണ്ട്.