Asianet News MalayalamAsianet News Malayalam

വയറിലെ അര്‍ബുദം; കാരണങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങളെയും തിരിച്ചറിയാം...

ആമാശയ ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്.  വയറിലെ അര്‍ബുദ്ദത്തിന് കാരണമാകുന്ന അപകട ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

What causes stomach cancer know the risk factors
Author
First Published Nov 29, 2023, 12:29 PM IST

വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ  ഗ്യാസ്ട്രിക് ക്യാൻസർ.  ലോകമെമ്പാടുമുള്ള അഞ്ചാമത്തെ ഏറ്റവും സാധാരണമായ അർബുദമാണിത്. ആമാശയ ക്യാൻസറിന് നിരവധി കാരണങ്ങളുണ്ട്.  വയറിലെ അര്‍ബുദ്ദത്തിന് കാരണമാകുന്ന അപകട ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

പ്രായവും ലിംഗഭേദത്തിന്‍റെ വ്യത്യാസവും പല ക്യാന്‍സര്‍ സാധ്യതയെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വയറിലെ ക്യാൻസറിനുള്ള സാധ്യത കൂടുതല്‍.  50-60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് സാധ്യത ഏറെ.  

രണ്ട്...

ചില അണുബാധകളും വയറ്റിലെ ക്യാൻസറിന് കാരണമാകും. ഹെലിക്കോബാക്റ്റർ പൈലോറി അണുബാധയും വിട്ടുമാറാത്ത അട്രോഫിക് ഗ്യാസ്ട്രൈറ്റിസും അഡിനോകാർസിനോമ എന്ന ഒരു തരം ക്യാൻസറിന് കാരണമാകുന്നു. എപ്സ്റ്റൈൻ-ബാർ വൈറസ് (ഇബിവി) ഗ്യാസ്ട്രിക് ലിംഫോമയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

മൂന്ന്...

അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയും പല രോഗങ്ങളെയും വിളിച്ചുവരുത്തും. അമിതഭാരവും മോശം ജീവിതശൈലിയും വയറ്റിലെ ക്യാൻസറുമായി ശക്തമായ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ ഭാരവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിർത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

നാല്... 

ഗ്യാസ്ട്രിക് ക്യാൻസറുകളിൽ ഏകദേശം 10 ശതമാനവും ജനിതക കാരണങ്ങള്‍ മൂലമുള്ളതാണ്. 

അഞ്ച്...  

മോശം ഭക്ഷണ ശീലങ്ങളും വയറിലെ ക്യാന്‍സറിന് കാരണമാകും. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, എരിവുള്ളതും സംരക്ഷിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപഭോഗം ചിലപ്പോള്‍ ഗ്യാസ്ട്രിക് ക്യാൻസറിന് കാരണമായേക്കാം. 

ആറ്... 

അമിത പുകവലിയും വായു മലിനീകരണവും വയറിലെ അര്‍ബുദത്തിന് കാരണമാകും. പുകവലിക്കാത്തവരേക്കാൾ പുകവലിക്കാർക്ക് വയറ്റിലെ ക്യാൻസർ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങളും പറയുന്നത്. 

പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക. സ്ഥിരമായുള്ള വയറുവേദന വയറിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന മുന്നറിയിപ്പാണ്. ദഹനക്കേട്, വയറിന്റെ മുകൾ ഭാഗത്തെ നിരന്തരമായ വേദന,  ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകൾ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക, എപ്പോഴുമുള്ള അസിഡിറ്റി, ഛർദ്ദി, വയര്‍ വീര്‍ത്തിരിക്കുക, നെഞ്ചെരിച്ചിൽ, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള വസ്തുക്കളോ രക്തമോ ഛർദ്ദിക്കുക, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios