ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട  കൊറോണ വൈറസ് ഇപ്പോള്‍ ലോകമെങ്ങും ഭീതിപരത്തുകയാണ്. കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന ഈ  സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യത്തെ കുറിച്ചാണ് ഗവേഷക വിദ്യാര്‍ഥിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ അശോകന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് എന്തുകൊണ്ട് ഇത്രവേഗം പടരുന്നു ?

ഇതിനുളള ഉത്തരത്തോടൊപ്പം പുതിയ വൈറസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാനായി ശാസ്ത്രം അതിവേഗത്തിൽ ശ്രമിക്കുകയാണ് എന്നും കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് വായിക്കാം...

കൊവിഡ് എന്തുകൊണ്ട് ഇത്രവേഗം പടരുന്നു ? ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് ഇത്. ഈ ചോദ്യത്തിന് ഇനിയും വ്യക്തമായ  ഉത്തരം ഇല്ല എന്നാണ്  ശാസ്ത്രലോകം പറയുന്നത്.  അതെന്താണ് അങ്ങനെയെന്ന ചോദ്യം ഉയരാം. പക്ഷെ വൈറസുകളുടെ സ്വഭാവം അറിയുന്നവർക്ക്  ഇതിൽ വലിയ അദ്ഭുതം ഒന്നുമുണ്ടാകില്ല. ലോകത്ത് ഒരുപാട് തരം വൈറസുകളുണ്ട്. 

മനുഷ്യരെക്കാൾ കൂടുതലുള്ളത് അവരാണ്. പക്ഷെ അവർ എന്ന വാക്ക് ഇവിടെ ഉപയോഗിക്കാമോ എന്നത് സംശയമാണ്.  അതെന്ന് ആകും കൂടുതൽ ചേരുക.  ജീവനുള്ള വസ്തുക്കളെയാണല്ലോ  അവർ എന്ന് സാധാരണ വിളിക്കുക. വൈറസുകൾ ജീവനില്ലാത്തവരാണോ എന്നതാകും അപ്പോൾ ഉയരുന്ന ചോദ്യം. വൈറസുകൾ യഥാർത്ഥത്തിൽ നേർത്ത പ്രോട്ടീൻ ആവരണത്തിന് ഉള്ളിൽ ഇരിക്കുന്ന ജനിതക വസ്തുക്കളാണ്. ജീവനുള്ള ഏതെങ്കിലും കോശത്തിന് ഉള്ളിൽ കടന്ന്  പ്രവർത്തനക്ഷമമാകുകയും സ്വന്തം ജനിതക കോപ്പി നിർമ്മിച്ച് വ്യാപിക്കുകയും ചെയ്യുന്നതാണ് ഇവയുടെ രീതി.  മനുഷ്യർ, മറ്റ് ജീവികൾ , ചെടികൾ, കൂണു പോലുള്ള ഫംഗസ് സെല്ലുകളിലൊക്കെ ഇവയ്ക്ക് കടന്നുചെന്ന് പ്രവർത്തന ക്ഷമമാകാൻ കഴിയും. ഇതിന് അർത്ഥം എല്ലാ വൈറസുകളും എല്ലാ സെല്ലുകളിലും പ്രവർത്തിക്കും എന്ന് അല്ല.  എല്ലാ വൈറസുകളും കുഴപ്പക്കാരാണ് എന്നുമല്ല. അങ്ങനെയെങ്കിൽ മനുഷ്യരൊക്കെ ഭൂമിയിൽ നിന്ന് എന്നേ അപ്രത്യക്ഷരായേനെ.  ഒന്നാമത്തെ കാര്യം , ഓരോ വൈറസുകളും ചില പ്രത്യേക സെല്ലുകളോട് മാത്രമേ ചേരാറുള്ളൂ. അതിന് അനുയോജ്യമായ ചില സാഹചര്യങ്ങൾ സെല്ലിന് ഉണ്ടാകണം.

ഒരു ജീവിയുടെ ശരീരത്തിൽ കടന്നുകൂടിയാലും അതിനെ മോശമായി ബാധിക്കാതെ പല ഗുണങ്ങളും ചെയ്യുന്ന വൈറസുകളും ഉണ്ട്. നമ്മുടെ ശരീരത്തിൽ ഇങ്ങനെ കോടിക്കണക്കിന് വൈറസുകൾ സുഖമായി താമസിക്കുകയും നമ്മെ പല രീതിയിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ കൊറോണ എന്തുകൊണ്ട് പ്രശ്നക്കാരൻ ആകുന്നുവെന്നാണ് നോക്കേണ്ടത് .

 ചൈനയിലെ വുഹാനിൽ വളരെ അപ്രതീക്ഷിതവും അസാധാരണവുമായി കാണപ്പെട്ട ന്യൂമോണിയയിൽ നിന്നാണ് തുടക്കം. ഒരു സീഫുഡ് മാർക്കറ്റിൽ ജോലി ചെയ്തിരുന്നവരിലാണ് ആദ്യം രോഗം ശ്രദ്ധയിൽപ്പെട്ടത്.  അത്ര പരിചിതമല്ലാത്ത കാരണങ്ങൾ കൊണ്ട് ഉണ്ടായ ന്യുമോണിയ. സാർസ് ഉൾപ്പെടെയുള്ള അനുഭവം ഉള്ളതിനാൽ ഡോക്ടർമാർ അതിവേഗം ഗൗരവം ഉൾക്കൊണ്ടു. ഒരു വൈറസാകാം ന്യൂമോണിയയ്ക്ക് കാരണം എന്ന് മനസ്സിലാക്കിയ ഇവർ പരിശോധനകൾ ആരംഭിച്ചു. കൂടുതൽ പേർ ലക്ഷണങ്ങൾ കാണിച്ചതോടെ  ലോകാരോഗ്യ സംഘടനയെ കാര്യം അറിയുക്കകയും ചെയ്തു.  സാംഗർ സീക്വൻസിംഗ് പോലുള്ള ജനിതക പരിശോധനകളിലൂടെ സാർസും മെർസും ഉൾപ്പെടെയുള്ള വൈറസുകളുമായി ബന്ധമുള്ളതാണെങ്കിലും വൈറസ് പുതിയതാണെന്ന് കണ്ടെത്തി. നേർത്തൊരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒതുങ്ങിയിരിക്കുന്ന  ആർഎൻഎ. അതാണ്  വൈറസ്. ഇതിന്റെ മുഴുവൻ ജനിതക ഘടന കണ്ടെത്താൻ പെട്ടെന്ന് ശാസ്ത്രജ്ഞർകക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേമായ കാര്യമാണ്. ഇതുകൊണ്ടാണ് മെർസിൽ നിന്നും സാർസിൽ നിന്നും ഏതെല്ലാം ജനിതക  ഭാഗങ്ങളിലാണ് പുതിയ വൈറസ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് കണ്ടെത്താനായത്.  ഈ വ്യത്യാസം ഒരു മാർക്കറായി എടുത്തുകൊണ്ട് വേണമായിരുന്നു രോഗം തിരിച്ചറിയാനുള്ള പരിശോധനാ പദ്ധതി ഉൾപ്പെടെ തയ്യാറാക്കേണ്ടത്.  ഈ ജനിതക വ്യത്യാസം പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞതിലൂടെയാണ് ഇന്ന് നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമെറൈസ്ഡ് ചെയിൻ റിയാക്ഷൻ പോലുള്ള RT  PCR  പരിശോധനകൾ നടത്താൻ കഴിഞ്ഞത്. 

 മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ്  പകരും എന്ന് കണ്ടതോടുകൂടി സംഗതി കൂടുതൽ ഗൗരവമായി.  ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തൊരു വൈറസ് എങ്ങനെ മനുഷ്യനിൽ എത്തി. എത്തുക മാത്രമല്ല അത് ഇത്ര വേഗം എങ്ങനെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു.    വൈറസുകളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ അറിയുകയാണ് വേണ്ടത്. ഒരു വൈറസിന് മറ്റൊരു സെല്ലിന് ഉള്ളിൽ കടക്കണമെങ്കിൽ വളരെ അത്യാവശ്യം വേണ്ട ഒന്നാണ് അനുകൂല സാഹചര്യം. അതായത് ഒരു സെല്ലിൽ പറ്റിപ്പിടിക്കാൻ പറ്റിയ തരത്തിലുളള ഘടന വൈറസിനും അതിനെ പിടിച്ചിരുത്താനുള്ള ചില ഘടകങ്ങൾ സെല്ലിലും വേണം. ഇവിടെയാണ്  പുതിയ വൈറസിന്റെ കാര്യത്തിലെ ദൗർഭാഗ്യം. പുതിയ വൈറസിന് കേറിയിരിക്കാൻ  അനുയോജ്യമായ സെല്ലുകൾ മനുഷ്യനിൽ ഉണ്ട്. അതായത്  ഈ വൈറസിന്റ പുറംപാളിയിലുള്ള സ്പൈക്ക് പ്രോട്ടീനുമായി ചേരാൻ സഹായിക്കുന്ന റിസപ്റ്റർ നമ്മുടെ കോശങ്ങളിൽ ഉണ്ട്.  നമ്മുടെ സെല്ലുകളിലുള്ള ACE 2  റിസപ്റ്റർ  പുതിയ കൊറോണ വൈറസിനെ നമ്മുടെ കോശങ്ങളുടെ പുറം പാളിയിൽ പിടിച്ചിരുത്തും. അവിടെ ഇരുന്ന് ഇരുന്ന് കോശസ്തരം കടന്ന് ഇവൻ ഉള്ളിലേക്ക് പോകും. ഇവിടെ വൈറസിന്റെ ഇൻഫെക്ഷൻ സൈക്കിൾ ആരംഭിക്കുകയായി. കോശത്തിന് ഉള്ളിലേക്ക് കടക്കുന്ന ഇത് പിന്നെ  സ്വന്തം പുറം പാളി കളഞ്ഞ് ആർഎൻഎ മോചിപ്പിക്കും. പിന്നെ ആർഎൻഎ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഉണ്ടാക്കും.  അതിനെ പൊതിയാനുള്ള പ്രോട്ടീൻ പാളിയും ഉണ്ടാക്കി, അതിനെ പൊതിഞ്ഞ് പുതിയ വൈറസുകളായി പുറത്തുവരുന്നതോടെ ഇൻഫെക്ഷൻ സൈക്കിൾ പൂർത്തിയാകുന്നു. 

മറ്റ് കോശങ്ങളെ പിന്നെ ഇവൻമാർ ആക്രമിക്കും.  ഈ ഇൻഫെക്ഷൻ സൈക്കിളല്ല ഇൻകുബേഷൻ പീരിഡ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.  അതുപോലെ തന്നെ പ്രോട്ടീൻ പുറം പാളിയുണ്ടെങ്കിലേ സ്പൈക്ക് പ്രോട്ടീനും ഉള്ളൂ. അല്ലെങ്കിൽ വൈറസ് വെറും ആർഎൻഎ. സോപ്പ് ലായനിൽ ഉൾപ്പെടെ പെട്ടെന്ന് നശിച്ചുപോകുന്നതാണ് ഈ പുറം പാളി. അതുകൊണ്ടാണ് പ്രതിരോധത്തിന് കൈ എപ്പോഴും കഴുകാൻ പറയുന്നത്.

 ആരിൽ നിന്നാണ് പുതിയ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും ഇതിനകം നടന്നിട്ടുണ്ട്. മനുഷ്യന്റെ കോശത്തിൽ പറ്റിപ്പിടിക്കാൻ പുതിയ വൈറസിനെ സഹായിച്ചത്  ACE 2  റിസപ്റ്റർ ആണെന്ന് കണ്ടതോടെ പരീക്ഷണ ശാലയിലുള്ള സമാന സെൽ റിസപ്റ്ററുകളുമായി ഈ വൈറസിനെ ചേർത്ത് വച്ച് നോക്കി.  നല്ല പോലെ ചേർന്നത്  വവ്വാലിന്റെ സെല്ലുമായി. സമാനമായ ഒരുപാട് വൈറസുകളുടെ റിസർവൊയറാണ് വവ്വാൽ എന്ന്  ശാസ്ത്രലോകത്തിന് നല്ല പോലെ അറിയാം. പക്ഷെ അവിടെ നിന്ന് എന്ത് ജനിതക മാറ്റത്തിലൂടെ , ഇടനിലക്കാരനായ ഏത് ജീവി വഴി മനുഷ്യരിൽ എത്തി.  മുൻകാലങ്ങളിൽ വന്ന സാർസിന്റെയും മെർസിന്റെയും ഇടനിലക്കാർ  civet cats  , ഒട്ടകം എന്നിവരായിരുന്നു.  ഇത്തവണ പല പേരുകളും കേൾക്കുന്നുണ്ട് ,ഈനാംപേച്ചി ഉൾപ്പെടെ. പക്ഷെ അതെല്ലാം ഇനിയും ഉറപ്പിക്കേണ്ടതുണ്ട്.  പക്ഷെ  മരുന്ന് പരീക്ഷണത്തിന് ഉൾപ്പെടെ സാധാരണ ഉപയോഗിക്കുന്ന എലികളുടെ സെല്ലിലെ ACE 2  റിസപ്റ്റർ പുതിയ വൈറസിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിർണായക പരീക്ഷണങ്ങൾക്ക്  എലിയെ ഉപയോഗിക്കാമെന്ന സാധ്യതയാണ് ഇവിടെ ഇല്ലാതായതെന്നാണ് വിദഗ്ധർ പറയുന്നത്. 

പുതിയ വൈറസിനെക്കുറിച്ച് ശാസ്ത്രലോകത്തിന് എന്തറിയാം . ലോകത്തെ  പ്രശസ്തമായ വൈറോളജി ലാബുകൾ ഈ പരീക്ഷണങ്ങളിലാണ്. ഇതിനോടകം നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. പക്ഷെ എല്ലാ ചോദ്യങ്ങൾക്കും അന്തിമ ഉത്തരം നൽകാൻ ഇപ്പോഴത്തെ സ്ഥിതിയിൽ കഴിയില്ല. ഈ വൈറസും  കാലാവസ്ഥയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. സാധാരണ ഫ്ലൂ ഉൾപ്പെടെ പല രോഗങ്ങളും സീസണൽ ആണെന്ന് ശാസ്ത്ര ലോകത്തിന് അറിയാം. എന്നാൽ എന്തുകൊണ്ടാണ്  അങ്ങനെ   എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇനിയും ഇല്ല .  പോളിയോ വൈറസിന് പോലും ചില സീസണുകളുമായി ബന്ധമുണ്ടെന്ന് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലവിലെ വൈറസിന്റെ സീസണൽ സ്വഭാവം പഠിച്ചെടുക്കാനുള്ള സമയം  ആയിട്ടില്ല.  സീസണൽ ആകാമെന്ന നിഗമനത്തിൽ കൊവിഡ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരില്ലെന്ന് വിശ്വസിച്ച വൈറോളജിസ്റ്റുകൾ നിരവധിയായിരുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ ആത്മവിശ്വാസം പോലും അതായിരുന്നു. എന്നാൽ ഇത് തെറ്റിച്ചുകൊണ്ടാണ് വൈറസ് മുന്നോട്ടുപോകുന്നത്.  വൈറസുകൾ നിരന്തരമായ മ്യൂട്ടേഷന് വിധേയമാകാം.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയ വൈറസുകൾ നിലനിൽപ്പിന് അനുയോജ്യമായ രീതിയിൽ മ്യൂട്ടേറ്റ് ചെയ്യുന്നുണ്ടാകാം. ചിലരിൽ മാരകമാകുകയും ചിലരിൽ  മാരകമാകാതെയിരിക്കുകയും ചെയ്യുന്ന വൈറസിന്റെ സ്വഭാവം മ്യൂട്ടേഷന്റെ ഫലമാണോയെന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്.  വൈറസിന് ആക്ടീവായി നിലനിൽക്കാൻ അനുയോജ്യമായ അവസ്ഥയെക്കുറിച്ച് ചില പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.  എയ്റോസോൾ, കോപ്പർ  , കാർബോർഡ്, സ്റ്റീൽ പ്ലാസ്റ്റിക് എന്നീ പ്രതലങ്ങളിലെ വൈറസിന്റെ അർദ്ധായുസ് ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുണ്ട്. ആകെയുള്ള വൈറസുകളിൽ പകുതി നശിച്ച് പോകാൻ എടുക്കുന്ന സമയമാണ് ഹാഫ് ലൈഫ് അഥവാ ആർദ്ധായുസ്. കാർബോർഡ് , സ്റ്റീൽ, പ്ലാസ്റ്റിക് , എന്നിവയിൽ 8.45, 13.1, 15.9  മണിക്കൂറുകളാണ് യഥാക്രമം ഇത്.  സാർസ് ഒന്ന് വൈറസുമായി താരതമ്യം ചെയ്താൽ  അത്ര വ്യത്യാസം ഉള്ളതല്ല ഈ സമയം.  എന്നിട്ടും സാർസ് അടങ്ങിയതുപോലെ ഇപ്പോഴത്തെ വൈറസ് അടങ്ങുന്നില്ല. എന്താകാം കാരണം.

 പുതിയ വൈറസിന്‍റെ ഇൻകുബേഷൻ പീരിഡ്, ആർ നോട്ട്, സീരിയൽ ഇന്റർവെൽ എന്നിവ പ്രസക്തമാകുന്നത് ഇവിടെയാണ്. വൈറസ് ഒരാളുടെ ഉളളിൽ എത്തി അതിന്റെ ലക്ഷണങ്ങൾ പുറത്തുകണ്ടു തുടങ്ങാൻ എടുക്കുന്ന സമയമാണ് ഇൻകുബേഷൻ പീരിഡ്. ലക്ഷണങ്ങൾ പുറത്തുവരികയെന്ന് പറഞ്ഞാൽ രോഗി തന്നെ അത് അറിയുന്ന സമയം എന്നാണ് അർത്ഥം. പുതിയ വൈറസിനെ സംബന്ധിച്ചിടത്തോളം ഇത് ഒന്ന് മുതൽ പതിനാല് ദിവസം വരെയാണ്.  ആർ നോട്ട് അഥവാ റിപ്രോഡക്ടീവ് നമ്പർ എന്നാൽ ഒരു രോഗിയിൽ നിന്ന് ശരാശരി എത്ര പേരിലേക്ക് കൂടി രോഗം പകരാം എന്ന സാധ്യതാ സംഖ്യയാണ്. പുതിയ വൈറസിന്റെ കൃത്യമായ റിപ്രോഡക്ടീവ് നമ്പർ ഇനിയും ലഭ്യമല്ല. രണ്ട് മുതൽ നാല് വരെയുള്ള റെയിഞ്ച് ആണ് പറയുന്നത്. റിപ്രൊഡക്ടീവ് നമ്പർ ഒന്നിൽ താഴെയായിരുന്നാൽ രോഗത്തിന്റെ വ്യാപനം ഉണ്ടാകുമായിരുന്നില്ല. ഒന്നിൽ കൂടുതൽ എന്ന് പറഞ്ഞാൽ അതിന്റെ റിസ്ക് അത്രയും കൂടുകയാണ്. അതായത്  ഈ നമ്പർ രണ്ടാണെന്ന് ഇരിക്കട്ടെ ഒരാളിൽ നിന്ന് രണ്ട് പേരിലേക്കും ആ രണ്ട് പേരിൽ നിന്ന് നാലു പേരിലേക്കും ആ നാലു പേരിൽ നിന്ന് വേറെ എട്ടുപേരിലേക്കും അങ്ങന പോകും. ഈ നമ്പർ മൂന്നും നാലുമാണെങ്കിൽ പറയേണ്ടതുമില്ലല്ലോ. എന്നാൽ ഇക്കാര്യത്തിൽ സീരിയൽ ഇന്റർവെല്ലും പ്രധാനമാണ്. അതായത് ഒരു രോഗിയിൽ നിന്ന് രണ്ടാമന് രോഗം കിട്ടാൻ സാധ്യതയുള്ള ഇടവേളയാണ് സീരിയൽ ഇന്റർവെൽ. പഠനങ്ങളിൽ യോജിപ്പില്ല. യോജിപ്പുണ്ടാകാനും കഴിയില്ല. കാരണം പല സ്ഥലത്തെയും സാഹചര്യങ്ങൾ അനുസരിച്ച് ഇത് മാറാം. നാലു ദിവസം മുതൽ എട്ട് ദിവസം വരെയൊക്കെ പഠനം കാണിക്കുന്നുണ്ട്.  അതായത് രോഗം പടരാതിരിക്കാൻ ഇതിനിടയിൽ രോഗിയെ ക്വാറന്റൈൻ ചെയ്യണം. രോഗം കൂടുതൽ പകരുന്നത് തടയാൻ കിട്ടുന്ന സമയമാണ് ഇത്. ഒരു രോഗം അതിവേഗത്തിൽ പടരാതിരിക്കാൻ ആർ നോട്ട് പരമാവധി കുറയുകയും സീരിയൽ ഇന്റർവെൽ പരമാവധി കൂടിയിരിക്കുകയുമാണ് വേണ്ടത്. എബോളയുടെ കാര്യത്തിൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ ആർനോട്ട് 1.4 മുതൽ 4.7 വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ ഗുണമായിരുന്നത്  14–15 ദിവസം വരെയുള്ള ഇന്റർവെൽ സമയമായിരുന്നു. അതായത് മുൻകരുതലുകൾ എടുത്ത് അടുത്തയാളിലേക്ക് രോഗം പകരാതിരിക്കാൻ അത്രയും സമയം കിട്ടും.

 എബോളയുടെ കാര്യത്തിൽ മറ്റൊന്ന് കൂടിയുണ്ട്. രോഗലക്ഷണങ്ങൾ പുറത്തുവന്ന ശേഷം മാത്രമെ രോഗം അടുത്തയാളിലേക്ക് പകരുകയുള്ളൂ.  എന്നാൽ നിലവിലെ വൈറസിന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ചില സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ട്. വൈറസ് കയറിക്കൂടുന്നവരിൽ ഒരു വലിയ ശതമാനവും ഒരു ലക്ഷണവും കാട്ടാതെ അതിജീവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.  അത് നല്ല കാര്യമാണ്.  എന്നാൽ ഇങ്ങനെ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരിൽ പത്ത് ശതമാനം പേർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നുണ്ടോയെന്ന് സംശയം ചില പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്നു . അതായത് ഈ നിശബ്ദവാഹകരാണോ രോഗം ഇങ്ങനെ അനിയന്ത്രിതമായി പകരാൻ കാരണം എന്നും സംശയിക്കുന്ന എപ്പിഡമിയോളജിസ്റ്റുകളുണ്ട്.   ലോകത്തിന് മുന്നിലുള്ള വഴി  കിട്ടുന്ന സമയം കൊണ്ട് രോഗവ്യാപനത്തിന്റെ തോത് ആർ നോട്ട് പരമാവധി കുറയ്ക്കുകയെന്നതാണ്. പക്ഷെ അതിന് പരിശോധനകൾ വൻതോതിൽ കൂട്ടേണ്ടിവരും.   രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാത്തവർക്കും രോഗം ഉണ്ടായിരിക്കാം. അത് അവർക്ക് ദോഷം ചെയ്തില്ലെങ്കിലും അവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകർന്നാൽ  വലിയ പ്രശ്നമാകും.  ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻതോതിൽ പരിശോധനകൾ നടത്തിയത് ഇങ്ങനെ ആരെയും ഒഴിവാക്കാതിരിക്കാനാണ്.

ഇന്ത്യയിൽ ഇത്തരത്തിൽ വൻതോതിലുള്ള പരിശോധനകൾ നടക്കുന്നില്ല. പരിശോധനകൾ നടക്കാത്തതിനുള്ള പ്രധാന കാരണം സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ റാൻഡം പരിശോധനകൾ മതിയെന്ന് ഐസിഎംആർ തീരുമാനിക്കുകയും പരിചെയ്തിരുന്നു.  എന്നാൽ ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്.  നിയന്ത്രണങ്ങളും അതിശക്തമാക്കിയിരിക്കുകയാണ്.

  പുതിയ വൈറസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാനായി ശാസ്ത്രം അതിവേഗത്തിൽ ശ്രമിക്കുകയാണ്. രോഗം ഭേദമാക്കാൻ നിലവിലുള്ള പല മരുന്നുകളും പരീക്ഷണാടിസ്ഥാനത്തിൽ രോഗികൾക്ക് നൽകി നോക്കുകയാണ് . ചൈന, ഇന്ത്യ  ഫ്രാൻസ് , അമേരിക്ക ഒക്കെ ഇത് പരീക്ഷിക്കുന്നുണ്ട്.  വാക്സിനുകൾ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നു. അതിന്റെ പരീക്ഷണം തുടങ്ങിയ വാർത്തകളും വരുന്നുണ്ട്. പക്ഷെ അതിനെല്ലാം ശാസ്ത്രത്തിന് സ്വാഭാവികമായ സമയം വേണം. ചെയ്യാൻ പറ്റുന്നത് നിലവിലെ സോഷ്യൽ ഡിസ്റ്റൻസിംഗ് ആണ്. ചൈന ഫലപ്രദമായി പരീക്ഷിച്ചത് ഇത് തന്നെയാണ്.  
ഭൂമിയിൽ ഇത് നിലനിൽപ്പിനുള്ള സമയമാണ്.  മനുഷ്യരുടെ കോശത്തിൽ കയറി നിലനിൽക്കാൻ ഒരു  വൈറസ് ശ്രമിക്കുന്നു.  അതിന് അനുവദിക്കാതെ നിലനിൽക്കാൻ നമ്മളും ശ്രമിക്കുന്നു. ഭൂമിയിലെ ശക്തനാരെന്നൊരു മത്സരമായി ഇത് മാറിയിട്ടുണ്ട്.  പരിണാമത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയും അങ്ങേയറ്റത്തെ മറ്റൊരു കണ്ണിയും തമ്മിലുള്ള പോരാട്ടം.