ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. എങ്കിലും അർബുദം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. 

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് പുരുഷന്മാരില്‍ ക്യാൻസർ കൂടുതലായി കാണപ്പെടുന്നത് എന്ന വിഷയത്തെ കുറിച്ച് പഠനങ്ങളും നടന്നു. ഒരു ഗർഭസ്ഥശിശുവിന്‍റെ ലിംഗം നിർണയിക്കുന്ന വൈ ക്രോമസോമുകളിലെ ചില ജീനുകളിലെ പ്രവർത്തനം നഷ്ടമാകുന്നതാണ് പുരഷന്മാരില്‍ ക്യാൻസർ കൂടാൻ കാരണമാകുന്നതെന്നാണ് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. 

പല തരം അർബുദങ്ങൾ പിടിപെട്ട 9000 വ്യക്തികളുടെ ജീനുകളുടെ പ്രവർത്തനം വിശകലനം ചെയ്താണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ക്യാൻസർ ബാധിച്ച കോശങ്ങളിലെ ആറ് വൈ ക്രോമസോം ജീനുകളുടെ പ്രവർത്തനം നഷ്ടമായിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. സെൽ സൈക്കിൾ റെഗുലേഷനുമായി ബന്ധമുള്ള ആറ് വൈ ക്രോമസോമുകളിലാണ് പ്രശ്നം കണ്ടെത്തിയത്.

ഇവയുടെ പരാജയം കോശങ്ങളിൽ ട്യൂമർ രൂപപ്പെടാൻ കാരണമാകുന്നു. ക്രമേണ ഇത് ക്യാൻസറായി മാറുന്നു എന്നും പഠനം പറയുന്നു. അതേസമയം ക്യാൻസർ പുരുഷൻമാരിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് മാത്രമല്ല പുരുഷന്മാരിലെ ക്യാന്‍സര്‍ തിരിച്ചറിയാൻ വൈകുന്നത് കാരണം ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ക്യാൻസർ നേരത്തെ തിരിച്ചറിയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.