Asianet News MalayalamAsianet News Malayalam

ഉച്ചഭക്ഷണത്തിന് ശേഷം എപ്പോഴും ഉറക്കം വരാറുണ്ടോ?; ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്...

എന്തുകൊണ്ടാണ് ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. സാധാരണനിലയിൽ ഇത്തരത്തില്‍ കാരണങ്ങളായി വരുന്ന കാര്യങ്ങളെ കുറിച്ചൊന്ന് പങ്കുവയ്ക്കാം. 

why we are feeling sleepy after lunch here are the reasons
Author
First Published Nov 2, 2023, 3:48 PM IST

ഉച്ചഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ഉടൻ തന്നെ ഉറക്കം വരുന്നവരുണ്ട്. ജോലിസ്ഥലത്താണെങ്കില്‍ പോലും ഇത്തരത്തില്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നവരുണ്ട്. എന്നാലീ ശീലം - അല്ലെങ്കില്‍ തോന്നല്‍ തീര്‍ച്ചയായും അൽപം പ്രശ്നം തന്നെയാണ്. കഴിവതും ഇങ്ങനെയൊരു ശീലത്തിലേക്ക് എത്താതിരിക്കാനാണ് ശ്രമിക്കേണ്ടത്. 

എങ്കിലും എന്തുകൊണ്ടാണ് ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. സാധാരണനിലയിൽ ഇത്തരത്തില്‍ കാരണങ്ങളായി വരുന്ന കാര്യങ്ങളെ കുറിച്ചൊന്ന് പങ്കുവയ്ക്കാം. 

ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ഉറക്കം അനുഭവപ്പെടുന്നതിലേക്ക് നമ്മെ നയിക്കാം. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം- ഇവ ദഹിക്കാനും പ്രയാസമാണ്, കാര്‍ബോഹൈഡ്രേറ്റ് കാര്യമായ അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, മെലട്ടോണിൻ കൂടുതലായി അടങ്ങിയ നട്ട്സ് ( വാള്‍നട്ട്സ്, പിസ്തയെല്ലാം ഉദാഹരണം) എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ മയക്കം - അല്ലെങ്കില്‍ ഉറക്കച്ചടവിന് കാരണമാകുന്നവയാണ്. 

അതേസമയം ഇവ കഴിച്ചെന്ന് വച്ച് എല്ലാവരിലും ഉറക്കം അനുഭവപ്പെടണം എന്നുമില്ല. വ്യക്തികളുടെ ആരോഗ്യം സംബന്ധിച്ച പല ഘടകങ്ങളും ഇതില്‍ സ്വാധീനം ചെലുത്താറുണ്ട്. 

മറ്റ് ഘടകങ്ങള്‍...

'സിര്‍ക്കാഡിയൻ റിഥം' അഥവാ ശരീരത്തിന്‍റെ ജൈവക്ലോക്ക് (ഉറക്കം, ഉണര്‍ച്ച, ഭക്ഷണസമയം  എന്നിങ്ങനെയുള്ള ശീലങ്ങളെ അടിസ്ഥാനപ്പെടുത്തി ശരീരം സെറ്റ് ചെയ്യുന്ന ക്ലോക്ക് എന്ന് പറയാം) അനുസരിച്ചും ഇങ്ങനെ സംഭവിക്കാം. അതിനാലാണ് ഈ ശീലം കഴിവതും മാറ്റുന്നതാണ് നല്ലതെന്ന് നിര്‍ദേശിക്കുന്നത്. 

രാത്രിയില്‍ നല്ലതുപോലെ ഉറങ്ങിയില്ലെങ്കിലും ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരാം. 'ഇൻസോമ്നിയ', 'ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്‍നിയ' എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ മൂലം ഉറക്കമില്ലായ്മ നേരിടുന്നവരിലും ഇത് കാണാം. 

മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും ഇങ്ങനെ ഭക്ഷണശേഷം ഉറക്കം വരാം. പ്രമേഹം, അനീമിയ (വിളര്‍ച്ച), ഹൈപ്പോതൈറോയിഡിസം, ബിപി കുറയുന്നത്, ചില മരുന്നുകള്‍ എല്ലാം ഇതിലുള്‍പ്പെടും. 

ഉച്ചയുറക്കം ഒഴിവാക്കാൻ...

ബാലൻസ്ഡ് ആയ ഭക്ഷം കഴിക്കുന്നത് ഉച്ചയുറക്കം അനുഭവപ്പെടുന്നതൊഴിവാക്കാൻ സഹായകരമാണ്. വൈവിധ്യമുള്ള പോഷകങ്ങളാണ് ലഞ്ചിനൊപ്പം കരുതേണ്ടത്. പൊടിക്കാത്ത ധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങളോ ബ്രൗണ്‍ റൈസോ പോലുള്ള 'കോംപ്ലക്സ് കാര്‍ബ്', ചിക്കൻ- പരിപ്പ്- പയര്‍വര്‍ഗങ്ങള്‍ പോലുള്ള ലീൻ പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റിന്‍റെ സ്രോതസായ അവോക്കാഡോ, നട്ട്സ്, ഒലിവ് ഓയില്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ അല്‍പാല്‍പം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. 

നന്നായി വെള്ളം കുടിക്കുന്നതും, അമിതമായി കഴിക്കാതിരിക്കുന്നതും, കഴിക്കുന്നത് നല്ലതുപോലെ ചവച്ചരച്ച് - പതിയെ കഴിക്കുന്നതുമെല്ലാം ഭക്ഷണശേഷം ഉറക്കം വരുന്നതൊഴിവാക്കാൻ നല്ലതാണ്. ഭക്ഷണശേഷം ചെറിയൊരു നടത്തം നടക്കുന്നതും ഉറക്കം വരുന്നതൊഴിവാക്കാൻ സഹായിക്കുന്നു. 

Also Read:- കാഴ്ച മങ്ങല്‍, ഇടയ്ക്കിടെ കണ്ണ് തുടിക്കല്‍; കാരണം ഇതാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios