ജീവന്‍റെ നിലനില്‍പ്പിന് ഭക്ഷണം പോലെത്തന്നെ അനിവാര്യമാണ് ഉറക്കവും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉറക്കത്തിന് അത്രയും പ്രാധാന്യമുണ്ടെന്ന് സാരം. നിങ്ങളുടെ ഉറക്കം എങ്ങനെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങുന്ന സ്വഭാവമുണ്ടോ? അതോ രാത്രി ഉറങ്ങുമ്പോള്‍ കിടപ്പുമുറിയിലെ ലൈറ്റണക്കാത്തവരാണോ നിങ്ങള്‍? ആണെങ്കില്‍ ഈ ശീലങ്ങള്‍ മാറ്റണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.  

രാത്രി നിങ്ങളുടെ കിടപ്പുമുറിയില്‍ വെളിച്ചമില്ലെങ്കില്‍  നിങ്ങള്‍ക്ക് ഇത് വിശ്രമിക്കാനുള്ള സമയമാണെന്ന സിഗ്നല്‍ നിങ്ങളുടെ ശരീരം കാണിക്കും.  ലൈറ്റ് ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ ഉറക്കത്തെ അത് തടസപ്പെടുത്തും. നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ അത് പ്രേരിപ്പിക്കും. കൂടാതെ വെളിച്ചമുളള മുറിയിലെ ഉറക്കം നിങ്ങളില്‍ പ്രമേഹ രോഗം വരുത്തുമെന്നും പുതിയ പഠനം സൂചിപ്പിക്കുന്നു. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 18  മുതല്‍ 40 വയസ്സ് വരെ പ്രായമുളള 20 പേരിലാണ് പഠനം നടത്തിയത്. 

ആദ്യ ദിനം അവരോട് ഇരുട്ട് മുറിയില്‍ ഉറങ്ങാന്‍ പറഞ്ഞു. അടുത്ത ദിവസം പകുതി ആളുകളെ ഇരുട്ട് മുറിയിലും ബാക്കിയുളളവരെ വെളിച്ചത്തിലും ഉറങ്ങാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഗവേഷകര്‍ ഇവരുടെ തലച്ചോറില്‍ നിന്നുളള സിഗ്നലുകളെയും കൈ-കാലുകളുടെ ചലനങ്ങളും നിരീക്ഷിച്ചു. ഓരോ മണിക്കൂറിലും ഇവരുടെ രക്തവും പരിശോധിച്ചു. വെളിച്ചത്തില്‍ ഉറങ്ങുന്നവരില്‍ ഇന്‍സുലിനെ തടസപ്പെടുത്താനുളള കഴിവ് കൂടുതലായിരിക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മ മൂലം ഹൃദ്രോഗം വരാനും അമിത വണ്ണം ഉണ്ടാകാനും മാനസിക പ്രശ്നങ്ങള്‍ വരാനുളള സാധ്യതയും കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.