നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും ചർമ്മത്തെ പല തരത്തിൽ ബാധിക്കുന്നു. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിന് ചില ഭക്ഷണങ്ങൾ കഴിക്കണമെന്ന് ഡോക്ടർ പറയാറുണ്ട്.  ആരോഗ്യകരമായ ചർമ്മത്തിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും തിരഞ്ഞെടുക്കുക. 

ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും വെറും വയറ്റിൽ  ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്ന് ആസ്റ്റർ ആർ‌വി ആശുപത്രിയിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുനിൽ കുമാർ പ്രഭു പറയുന്നു. 

ഇളം ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ചർമ്മം നേടുന്നതിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ദിവസവും ഇളം ചൂടു വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചർമ്മത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

' ചെറുചൂടുള്ള വെള്ളം പതിവായി കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദഹന പ്രക്രിയ എളുപ്പമാക്കാനും ചൂടുള്ള വെള്ളം സഹായിക്കുന്നു. മലവിസർജ്ജനം, ശരീരത്തിലെ രക്തചംക്രമണം എന്നിവ പ്രോത്സാഹിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു....' - ഡോ. സുനിൽ പറഞ്ഞു. 

സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം ലഘൂകരിക്കാനും ചൂടുള്ള വെള്ളം സഹായിക്കും. സമ്മർദ്ദവും ഉത്കണ്ഠയും ചർമ്മത്തിൽ ചുളിവുണ്ടാകാനും മുഖക്കുരുവിനും രണ്ട് പ്രധാന കാരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചൂടുള്ള വെള്ളം ചർമ്മത്തിന് ഈർപ്പം നൽകുന്നു. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുക. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനം വർദ്ധിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. മലവിസർജ്ജന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടി ശീലം ഗുണം ചെയ്യും. ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നുവെന്നും വിദ​ഗ്ധർ പറയുന്നു.

ഈ കൊവിഡ് കാലത്ത് ഡെങ്കിപ്പനി പിടിപെടാതെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ