Asianet News MalayalamAsianet News Malayalam

കൊതുകു കടിച്ചാൽ കൊവിഡ് വരുമോ?

കൊവിഡ് ഭീതിയില്‍ ആളുകള്‍ വീടിനകത്തേക്ക് മാറിയെങ്കിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഇത് പല തരത്തിലുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഇന്ന് നടക്കുന്നുണ്ട്. ആളുകളുടെ സംശങ്ങളും കൂടി വരുന്നു.  

will mosquito bite cause covid 19
Author
Thiruvananthapuram, First Published Apr 6, 2020, 4:16 PM IST

കൊവിഡ് ഭീതിയില്‍ ആളുകള്‍ വീടിനകത്തേക്ക് മാറിയെങ്കിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഇത് പല തരത്തിലുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഇന്ന് നടക്കുന്നുണ്ട്. ആളുകളുടെ സംശങ്ങളും കൂടി വരുന്നു.  കൊതുകു കടിച്ചാൽ കൊവിഡ് വരുമോ എന്ന ചോദ്യത്തിനുളള വിശദീകരണം നല്‍കുകയാണ് ഡോ. മനോജ് വെള്ളനാട് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ. 

കുറിപ്പ് വായിക്കാം....

ലോകം ഇന്നൊരു ആശുപത്രിയാണ്. നിറഞ്ഞു കവിയുന്ന രോഗികളും അവർക്ക് പിന്നാലെ ഓടിനടന്ന് നട്ടം തിരിയുന്ന ആരോഗ്യപ്രവർത്തകരും ഇവരെയെല്ലാം പറ്റി ആശങ്കപ്പെട്ടിരിക്കുന്ന കുറെ മനുഷ്യന്മാരും മാത്രമുള്ള ഒരാശുപത്രി.

13 ലക്ഷത്തോളം രോഗികളും എഴുപതിനായിരത്തോളം മരണങ്ങളും ഉണ്ടായി ഇതുവരെ. ഇതിനൊരു അന്തമില്ലേയെന്ന് ലോകത്ത് ഓരോ മനുഷ്യനും നെടുവീർപ്പിട്ടു കൊണ്ട് ചിന്തിക്കുന്ന സമയമാണിത്.

അതിനിടയിൽ ഇന്നലെ കേരളത്തിൽ അങ്ങോളമിങ്ങോളം വേനൽ മഴയും പെയ്തു. മഴ വരുമ്പോൾ ഇവിടെ കൊതുകു കൂടും. ഇനി കൊതുക് കൂടി പെരുകിയാൽ? കൊതുക് കടിച്ചാൽ കൊവിഡ് ബാധിക്കുമോ എന്നതാണ് ഇന്നലെ മുതൽ മലയാളികളെ അലട്ടുന്ന ഒരു പ്രധാന സംശയം.

കൊതുകുകൾക്ക് ധാരാളം വൈറൽ രോഗങ്ങൾ പകർത്താനുള്ള കഴിവുണ്ട്. പക്ഷേ എല്ലാ വൈറസുകളെയും വഹിക്കാനോ പകർത്താനോ ഉള്ള കഴിവ് കൊതുകുകൾക്കില്ല. HIV, Hepatitis, Ebola എന്നിവ തന്നെ പ്രധാന ഉദാഹരണങ്ങൾ.

എന്തായാലും കൊവിഡിൻ്റെ കാര്യത്തിൽ ആ പേടി വേണ്ട. കൊവിഡ് രോഗം കൊതുകിലൂടെ പകരുന്നതായി ഇതുവരെയും യാതൊരുവിധ തെളിവുകളുമില്ല. അങ്ങനെ പറയുമ്പോൾ പലർക്കും സംശയം തോന്നാം, ഇതൊരു പുതിയ വൈറസ് അല്ലേ, അത് കൊതുകിലൂടെ പകരില്ലെന്നത് വിശദമായ പഠനങ്ങൾ ഇല്ലാതെ എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും എന്ന്. ശരിയാണ്, ഇനിയും വിശദമായ വർഷങ്ങൾ എടുക്കുന്ന പഠനങ്ങൾ വേണ്ടി വന്നേക്കും ഇക്കാര്യം ''100%'' ഉറപ്പിച്ച് പറയാൻ.

പക്ഷേ, ഇതുവരെയുള്ള നമ്മുടെ അറിവ് വച്ചും ഏതാണ്ടുറപ്പിച്ചു തന്നെ പറയാൻ കഴിയും. കാരണം ഇത് പ്രാഥമികമായി ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസാണ് (Respiratory virus). ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ കുടുംബത്തിൽ പെട്ട മറ്റു വൈറസുകളും റെസ്പിറേറ്ററി സിൻസീഷൽ വൈറസ് (RSV) പോലുള്ളവയും ഒന്നും തന്നെ കൊതുകിലൂടെയോ രക്തദാനത്തിലൂടെയോ പകരുന്നവയല്ലെന്ന് നമുക്ക് കൃത്യമായ അറിവുണ്ട്. ആ അറിവിൻ്റെ വെളിച്ചത്തിൽ കൊവിഡിനെയും അങ്ങനെ തന്നെ കാണാം.

പക്ഷേ നമ്മൾ മറക്കാൻ പാടില്ലാത്ത മറ്റൊരു കാര്യമുണ്ട്. കൊവിഡ് പുതിയതാണ്. പക്ഷെ നേരത്തെയിവിടുള്ള ഡെങ്കിപ്പനി, ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ ഇപ്പോഴും ഇവിടെത്തന്നെ പതുങ്ങിയിരിപ്പുണ്ട്. കൊതുക് പെരുകിയാൽ ആകെ തളർന്നിരിക്കുന്ന നമ്മുടെ ആരോഗ്യ മേഖലയിലെ പൂർണമായി തളർത്താൻ ഇവർ തന്നെ മതി. നിലവിൽ ഒരു ഡെങ്കിപ്പനി ഔട്ട് ബ്രേക്ക് കൂടി താങ്ങാൻ നമ്മുടെ ആരോഗ്യമേഖലയ്ക്ക് കെൽപ്പില്ല.

ഇപ്പോൾ എല്ലാവരും വീടുകളിൽ തന്നെയുണ്ട്. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുമുണ്ട്. ഡെങ്കിപ്പനിയൊക്കെ പരത്തുന്ന ഈഡിസ് കൊതുകിന് വളരാൻ ഒരു ടീസ്പൂൺ വെള്ളം തന്നെ ധാരാളമാണ്. അതുകൊണ്ട് നമ്മുടെ ചുറ്റുപാടുമുള്ള കൊതുകിൻ്റെ പ്രജനനം സാധ്യമാക്കുന്ന എല്ലാ ഉറവിടങ്ങളും ഇപ്പൊഴേ ഇല്ലാതാക്കണം.

പൊട്ടിയ പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടിയുടെ അടിയിൽ, ഫ്രിഡ്ജിൻ്റെ അടിയിലെ ട്രേ ഇങ്ങനെ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുളള എന്തൊക്കെയുണ്ടോ അതിനെയൊക്കെ ഇപ്പൊഴേ നശിപ്പിക്കണം. ഒപ്പം കൊതുക് കടി കൊള്ളാതിരിക്കാനുള്ള വ്യക്തിഗതമായ രക്ഷാമാർഗങ്ങളും തേടണം.

കൊതുകിനെ നമ്മൾ പേടിക്കണം. പക്ഷേ അത് കൊവിഡ് പകരുമോ എന്നാലോചിച്ചല്ല. അവർ അല്ലാതെ തന്നെ അതിഭീകരന്മാർ ആയതിനാലാണ്..

എഴുതിയത്:  മനോജ് വെള്ളനാട്

Follow Us:
Download App:
  • android
  • ios