മത്തി കഴിച്ച് അപൂർവരോഗം ബാധിച്ച് യുവതി മരിച്ച സംഭവം ; എന്താണ് 'ബോട്ടുലിസം' എന്ന രോഗം?
' ഇത് വളരെ അപൂർവ്വമായിട്ടുള്ള രോഗമാണ്. എന്നാൽ വന്ന് കഴിഞ്ഞാൽ അപകടകാരിയുമാണ്...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.

മത്തി കഴിച്ചതിന് പിന്നാലെ അപൂർവ രോഗം ബാധിച്ച് യുവതി മരിച്ച വാർത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഫ്രാൻസിലെ പ്രമുഖ നഗരമായ ബാർഡോയിലായിരുന്നു സംഭവം. 'ബോട്ടുലിസം' എന്ന അപൂർവ ഭക്ഷ്യ വിഷബാധയേറ്റാണ് 32കാരിയുടെ മരണം. ഇതേ അസുഖം ബാധിച്ച് 12 പേർ ചികിത്സയിലാണ്.
ഹോട്ടലിൽവെച്ച് കഴിഞ്ഞയാഴ്ചയാണ് യുവതി മത്തിമീൻ കഴിക്കുന്നത്, അതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പന്ത്രണ്ട് പേർ ചികിത്സയിലാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ചിൻ ചിൻ വൈൻ ബാർ’എന്ന ഹോട്ടലിൽ നിന്നും സെപ്റ്റംബർ 4 മുതൽ 10 വരെ ഭക്ഷണം കഴിച്ചവർക്കാണ് ഈ രോഗാവസ്ഥ വന്നിരിക്കുന്നത്.
എന്താണ് ബോട്ടുലിസം (botulism) എന്ന രോഗം?
' പശ്ചാത്യരാജ്യങ്ങളിലെല്ലാം മീനുകൾ, ഇറച്ചികൾ എന്നിവ സൂക്ഷിക്കുന്നത് കാനിലാണ്. കാൻ ക്യത്യമായി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് ബാക്ടീരിയ കയറാനുള്ള സാധ്യത കൂടുതലാണ്. 'clostridium' എന്ന bacteria കാരണമാണ് 'clostridium botulinum' എന്ന വിഷവസ്തു ഉണ്ടാകുന്നത്. ഈ വിഷവസ്തു വളരെ അപകടകാരിയാണ്. ടിന്നിലടച്ച ഭക്ഷണപദാർത്ഥങ്ങളിലാണ് ഇത് കൂടുതലായി വരുന്നത്...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.
' കാനിലുള്ള ഭക്ഷണം കേടായിരിക്കുന്നത് 'ക്ലോസ്ട്രിഡിയം ബോട്ടുലിനം' (clostridium botulinum) എന്ന ബാക്ടീരിയ ഉണ്ടാകുന്നതിന് കാരണമാകുന്നു. കാനിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് വൃത്തിയോടെ സൂക്ഷിക്കുകയാണ് വേണ്ടത്. ഇത് വളരെ അപൂർവ്വമായിട്ടുള്ള രോഗമാണ്. എന്നാൽ വന്ന് കഴിഞ്ഞാൽ അപകടകാരിയുമാണ്...' ഡോ. ഡാനിഷ് സലീം പറഞ്ഞു.
കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ 10 പ്രധാനപ്പെട്ട കാരണങ്ങൾ