'ഹൈപ്പോതൈറോയിഡിസം' തീര്‍ച്ചയായും ചികിത്സ ലഭ്യമായ അവസ്ഥയാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നമുക്ക് മരുന്ന് കഴിക്കുക സാധ്യമല്ലല്ലോ, അതിനാല്‍ ജോലിയില്‍ നിന്നോ പുറത്തുനിന്നോ ആകട്ടെ, 'സ്‌ട്രെസ്' വരുന്ന വഴികള്‍ മനസിലാക്കി, അതിനെ അതിജീവിക്കാനുള്ള മിടുക്കാണ് നമ്മള്‍ നേടേണ്ടത്

ഇന്ന് ലോക തൈറോയ്ഡ് ദിനമാണ്. ലോകത്താകമാനം കോടിക്കണക്കിന് തൈറോയ്ഡ് രോഗികളുണ്ട്. തൈറോയ്ഡ് രോഗികളുടെ എണ്ണത്തിലാണെങ്കില്‍ വര്‍ധനവ് മാത്രമാണ് സമീപകാലങ്ങളില്‍ സംഭവിക്കുന്നത്. ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാനമായും കാരണമായി വരുന്നത്. 

നമ്മുടെ കഴുത്തിന് മുന്‍വശത്തായി സ്ഥിതി ചെയ്തിരിക്കുന്ന ഒരു ഗ്രന്ഥിയാണ് 'തൈറോയ്ഡ്'. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന 'തൈറോയ്ഡ്' എന്ന ഹോര്‍മോണ്‍ ഇതില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൃദയസ്പന്ദനത്തിനും ദഹനപ്രവര്‍ത്തനത്തിനുമുള്‍പ്പെടെ നിരവധി ആന്തരീകാവയവങ്ങള്‍ 'തൈറോയ്ഡി'നെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ശരീരത്തിന് മതിയായ അത്രയും ഹോര്‍മോണ്‍, ഗ്രന്ഥി ഉത്പാദിപ്പിക്കാതെ വരും. ഈ അവസ്ഥയെ ആണ് 'ഹൈപ്പോതൈറോയിഡിസം' എന്ന് പറയുന്നത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ ആകെ ശരീരത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി മാറും.

പല കാരണങ്ങള്‍ കൊണ്ടും 'ഹൈപ്പോതൈറോയിഡിസം' സംഭവിച്ചേക്കാം. അതില്‍ ഒരു സുപ്രധാന കാരണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ദീര്‍ഘനേരം ജോലി ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 'ഹൈപ്പോതൈറോയിഡിസം' പിടിപെടാന്‍ ഇരട്ടി സാധ്യതയാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 

ദക്ഷിണ കൊറിയയിലെ ഗൊയാങ് സീയിലുള്ള 'നാഷണല്‍ ക്യാന്‍സര്‍ സെന്ററി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ 53 മുതല്‍ 83 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരില്‍ 'ഹൈപ്പോതൈറോയിഡിസ'ത്തിന്റെ സാധ്യത ഇരട്ടിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ലിംഗ-പ്രായ- സാമൂഹിക- സാമ്പത്തിക വ്യതിയാനങ്ങളൊന്നുമില്ലെന്നും പഠനം അവകാശപ്പെടുന്നു. 

എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് വ്യക്തമായിപ്പറയാന്‍ പഠനത്തിനായിട്ടില്ല. ദീര്‍ഘനേരം ജോലി ചെയ്യുമ്പോള്‍ അതില്‍ നിന്ന് മാനസിക സമ്മര്‍ദ്ദമുണ്ടാകുമെന്നും ഈ സമ്മര്‍ദ്ദമാകാം തൈറോയ്ഡിനെ ബാധിക്കുന്നതെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. 

മാനസിക സമ്മര്‍ദ്ദം 'ഹൈപ്പോതൈറോയിഡിസ'ത്തിലേക്ക് നയിക്കുന്ന ഒരു സുപ്രധാന കാരണമാണ്. ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതോടെ സ്ഥിരോത്സാഹവും ഊര്‍ജ്ജവും നഷ്ടപ്പെടുന്നു. ഇതുമൂലം അമിതവണ്ണം ഉണ്ടാകാം. അതുപോലെ തന്നെ വിഷാദം- ഉത്കണ്ഠ എന്നീ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാം.

ഇന്ത്യയിലെ സാഹചര്യം നോക്കുമ്പോള്‍ ഓഫീസ് ജോലിയിലേര്‍പ്പെടുന്നവരെല്ലാം ശരാശരി 40 മണിക്കൂറാണ് ജോലി ചെയ്യുന്നത്. അങ്ങനെയെങ്കില്‍ പുതിയ പഠനപ്രകാരം അവര്‍ താരതമ്യേന സുരക്ഷിതരാണെന്ന് പറയാം. എന്നാല്‍ നമ്മുടെ രാജ്യത്തെ വലിയൊരു ജനവിഭാഗം സമയബന്ധിതമല്ലാതെ ജോലി ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ്. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍, വീട്ടുജോലി ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, വ്യവസായികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവര്‍ ഉദാഹരണങ്ങള്‍ മാത്രം. 

Also Read:- ലോക്ക്ഡൗണ്‍ കാലത്ത് വ്യാപകമാകുന്ന ആരോഗ്യപ്രശ്‌നം; പരിഹാരം വീട്ടിലുണ്ട്...

'ഹൈപ്പോതൈറോയിഡിസം' തീര്‍ച്ചയായും ചികിത്സ ലഭ്യമായ അവസ്ഥയാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നമുക്ക് മരുന്ന് കഴിക്കുക സാധ്യമല്ലല്ലോ, അതിനാല്‍ ജോലിയില്‍ നിന്നോ പുറത്തുനിന്നോ ആകട്ടെ, 'സ്‌ട്രെസ്' വരുന്ന വഴികള്‍ മനസിലാക്കി, അതിനെ അതിജീവിക്കാനുള്ള മിടുക്കാണ് നമ്മള്‍ നേടേണ്ടത്. അതിലൂടെ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, ഇന്ന് നേരിടുന്ന പകുതിയിലധികം രോഗങ്ങളും നമുക്ക് ഒഴിവാക്കാനാകും.

Also Read:- എപ്പോഴും ക്ഷീണം തോന്നാറുണ്ടോ; നിസാരമായി കാണരുതേ...