യൂറോപ്യൻ ഫെഡറേഷൻ ഓഫ് അലർജി ആൻഡ് എയർവേസ് ഡിസീസസ് പേഷ്യന്റ്സ് അസോസിയേഷൻസ് പ്രകാരം, ഈ വർഷത്തെ പ്രമേയം "നമ്മുടെ ചർമ്മം, നമ്മുടെ യാത്ര" എന്നതാണ്.

ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എക്സീമ. എക്സീമയെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനാണ് സെപ്റ്റംബർ 14 ലോക എക്സീമ ദിനമായി ആചരിക്കുന്നത്. യൂറോപ്യൻ ഫെഡറേഷൻ ഓഫ് അലർജി ആൻഡ് എയർവേസ് ഡിസീസസ് പേഷ്യന്റ്സ് അസോസിയേഷൻസ് പ്രകാരം, ഈ വർഷത്തെ പ്രമേയം "നമ്മുടെ ചർമ്മം, നമ്മുടെ യാത്ര" എന്നതാണ്. രോഗികളുടെ വീക്ഷണകോണിൽ നിന്ന് അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ബോധവൽക്കരണം ലക്ഷ്യമിടുന്നത്.

പല തരത്തിലുള്ള എക്സീമകളുണ്ട്. ചൊറിച്ചിലിലേക്കും വീക്കത്തിലേക്കും നയിക്കുന്ന ഒരു ചർമ്മ അവസ്ഥയാണിത്. എക്സീമ ഉള്ളവർക്ക് ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലുമുണ്ടാവും. ചുവപ്പുനിറം, ചൊറിച്ചില്‍, വരണ്ട ചര്‍മ്മം, ചെതുമ്പൽ, തടിപ്പുകള്‍, വിണ്ടുകീറല്‍ എന്നിങ്ങനയുള്ള ലക്ഷണങ്ങളാണ് രോഗികളില്‍ കാണുന്നത്. ഇത്തരത്തില്‍ തൊലിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സൂചനകളെയും നിസാരമാക്കി എടുക്കരുത്.

എക്സീമ ഓരോ വ്യക്തിയെയും ഓരോ രീതിയിലാകാം ബാധിക്കുക. അതിന് അനുസരിച്ച് എക്സീമയുടെ പ്രകടമായ ലക്ഷണങ്ങളിലും വ്യത്യാസം വരാം. എങ്കിലും പ്രധാനമായും ചർമ്മത്തിന് വീക്കം, ചൊറിച്ചിൽ, ചുവന്ന പാടുകള്‍, ചെറിയ കുരുക്കള്‍‌, തടിപ്പുകള്‍, ദ്രാവകം നിറഞ്ഞ ചെറിയ കുമിളകൾ എന്നിവയാണ് എക്സീമയുടെ പ്രധാന ലക്ഷണങ്ങള്‍. ഇങ്ങനെ ചർമ്മം ചൊറിഞ്ഞു പൊട്ടലുകളുണ്ടാകുന്നത് അണുബാധയ്ക്കും കാരണമാകുന്നു. ചലം ഒലിക്കുക, ചര്‍മ്മം വരണ്ട് പാളികള്‍ പോലെ ചിലയിടങ്ങളില്‍ കാണുന്നത്, വീക്കം എന്നിവയെല്ലാമാണ് എക്സീമ ലക്ഷണങ്ങളാകാം. ഇത് പകർച്ച വ്യാധിയല്ല.

എക്സീമ ഗൗരവമായ അവസ്ഥയിലേക്ക് എത്തുന്നത് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ബാധിച്ചേക്കാം. അതിനാല്‍ കൃത്യമായി ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗം മനസിലാക്കുകയും ചികിത്സ തേടുകയും ചെയ്യുകയാണ് വേണ്ടത്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.