കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരുന്ന് ബോറടിക്കേണ്ട. മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗാഭ്യാസം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് ഉത്തമമാണത്. 

പൂർണമായും വീട്ടിലൊതുങ്ങേണ്ടി വരുന്ന ഈ ദിവസങ്ങളിൽ യോഗയുടെ അടിസ്ഥാന പാഠങ്ങൾ കുടുംബമായി അഭ്യസിക്കാം. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. രാവിലെ ഭക്ഷണത്തിന് മുൻപ് അഭ്യസിക്കുന്നതാണ് ഉത്തമം. 

ഭക്ഷണ ശേഷമാണെങ്കിൽ അതു ദഹിക്കാനുള്ള സമയദൈർഘ്യം (2-4 മണിക്കൂർ) കഴിഞ്ഞാവണം പരിശീലനം. തുടക്കക്കാർ 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലിച്ചാൽ  മതിയാവും. മുടങ്ങാതെ എല്ലാ ദിവസവും ചെയ്താൽ മാത്രമേ ​ഗുണം ലഭിക്കൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.

2. ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. 

3. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്. 

4. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.

5. ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.

6. മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.