എന്താണ് മെമ്പനസ് നെഫ്രോപ്പതി ? ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്...
പല പേരുകളിൽ ഓൺലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയും തുടരുകയാണെന്ന് മലപ്പുറം ആസ്റ്റർ മിംസിലെ ഡോക്ടർമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും പറഞ്ഞു.

ചർമ്മ സംരക്ഷണത്തിനായി വിവിധ ക്രീമുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക. ഇത്തരം ക്രീമുകൾ വൃക്കരോഗമുണ്ടാക്കാമെന്ന് പുതിയ കണ്ടെത്തൽ. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്‌പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേതാണ് കണ്ടെത്തൽ.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെ ചികിത്സതേടിയെത്തിയ രോഗികളിൽ മെമ്പനസ് നെഫ്രോപ്പതി (എം.എൻ.) എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. മെർക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങൾ അടങ്ങിയ ക്രീമുകളാണ് ദോഷം അറിയാതെ പലരും വാങ്ങി ഉപയോഗിക്കുന്നത്.
പല പേരുകളിൽ ഓൺലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയും തുടരുകയാണെന്ന് മലപ്പുറം ആസ്റ്റർ മിംസിലെ ഡോക്ടർമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നാണ് വ്യാജ ഫേഷ്യൽ ക്രീമുകൾ എത്തുന്നത്. ഇവയിൽ കൂടിയ അളവിൽ ലോഹ മൂലകങ്ങൾ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിൽ പതയും ശരീരത്തിൽ നീരുമാണ് അപൂർവ്വരോഗത്തിന്റെ ലക്ഷണങ്ങൾ. ജാഗ്രത വേണമെന്ന് ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചു.
എന്താണ് 'മെമ്പനസ് നെഫ്രോപ്പതി' (എം.എൻ.) രോഗം?
വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. എംഎൻ രോഗനിർണയം നടത്തിയ മിക്ക ആളുകളും ഉയർന്ന അളവിലുള്ള ചില ലോഹങ്ങളുള്ള ചർമ്മ സംരക്ഷണത്തിനായുള്ള ക്രീമുകൾ ഉപയോഗിച്ചതായി കണ്ടെത്തി. 14 വയസ്സുള്ള ഒരു കുട്ടിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതേസമയം, പെൺകുട്ടിയുടെ ബന്ധുവും ഇതേ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. ഇരുവരും നെൽ-1 എംഎൻ പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തെ പെൺകുട്ടിയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. പിന്നീട്, 29 കാരനായ ഒരു പുരുഷനും സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. രണ്ട് മാസമായി ഫെയർനസ് ക്രീമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇതോടെ സമാന ലക്ഷണങ്ങളുള്ള എല്ലാ രോഗികളിലും പരിശോധന നടത്തി. ഇതിൽ എട്ട് പേർ ക്രീം ഉപയോഗിച്ചിരുന്നു. അവർ ഉപയോഗിച്ചിരുന്നു ക്രീം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ഫെയർനെസ് ക്രീമുകൾ അപകടകാരികളാകുന്നത് ഇങ്ങനെ ; ഡോക്ടർമാർ പറയുന്നത് കേൾക്കൂ...
'മെർക്കുറി അപകടകാരിയാണ്' : ഡോ. ഡാനിഷ് സലീം...
'പല ക്രീമുകളിലും മെർക്കുറി, ലെഡ്, കാഡ്മിയം പോലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. വലിയ അളവിലാണ്
വ്യാജ ക്രീമുകളിൽ ഇവ ചേർക്കുന്നത്. മെർക്കുറിയുടെ അളവ് കിഡ്നിയുടെ തകരാറിന് കാരണമാകും...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. ഡോക്‌സ്റ്റ ലേണിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് ഇദ്ദേഹം.
'പരസ്യം കണ്ട് പറ്റിക്കപ്പെടരുത്' ; ഡോ.രാജേഷ് കുമാർ...
ശരീരത്തിൽ ലെഡ്, മെർക്കുറി, സിൽവർ പോലുള്ള മെറ്റലുകൾ അധികം എത്താൻ പാടില്ല. ഇത് നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾ പ്രത്യേകിച്ച് കരളിനകത്തും വൃക്കകയ്ക്കത്തും അടിഞ്ഞ് കൂടുകയും അവയുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ വിപണിയിൽ ഇവ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ അളവിലായിരിക്കണം അടങ്ങിയിരിക്കേണ്ടത്. മെർക്കുറി പോലുള്ളവ ക്രീമിൽ ഉയർന്ന അളവിൽ ഉപയോഗിച്ചാൽ മാത്രമേ അവ വെളുത്ത നിറം നൽകുകയുള്ളൂ. മറ്റൊന്ന് ലോഷനുകൾ, ഷാംപൂ, നെയിൽ പോഷിഷ് ഇങ്ങനെ മാർക്കറ്റിൽ ലഭ്യമായിട്ടുള്ള അംഗീകൃതമല്ലാത്ത പല ഉത്പന്നങ്ങളിലും ഉയർന്ന അളവിൽ മെറ്റലിന്റെ സാന്നിധ്യം ഉണ്ടായിട്ടുള്ളതായി തിരുവനന്തപുരം പേട്ടയിലെ ഹോമിയോപതിക് ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ എൻഎസ് പറയുന്നു.
തുർക്കി, ചെെന, ബ്രിട്ടൺ പോലുള്ള രാജ്യങ്ങളുടെ പേര് വച്ചാണ് വിപണിയിൽ ക്രീമുകൾ ഇറങ്ങുന്നത്. മിക്കതും അംഗീകൃത കമ്പനിയുടെത് ആയിരിക്കില്ല. സോഷ്യൽ മീഡിയ വഴിയാണ് പലരും ഫെയർനെസ് ക്രീമുകൾ പരസ്യം ചെയ്യുന്നതെന്നും ഡോ. രാജേഷ് കുമാർ പറഞ്ഞു.
വെളുക്കാനും സൗന്ദര്യത്തിനും ക്രീം തേക്കുന്നവരാണോ? ജാഗ്രത, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!