2017 -ലാണ് ഇംഗ്ളണ്ടിലെ ഓക്സ്ഫോർഡ് സ്വദേശിയായ ജോസഫ് കെല്ലി ഹുക്ക് എന്ന ഇരുപത്തൊമ്പതുകാരൻ തന്റെ ദീർഘകാല കാമുകിയും സിവിൽ സർവന്റുമായ റേച്ചലിനെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത്. ഒരു പ്രാദേശിക ദിനപത്രത്തിന്റെ സ്ഥിരം ലേഖകനായി ജോലി നേടിയപ്പോഴാണ് തന്റെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കാൻ ജോസഫ് തീരുമാനിക്കുന്നത്. ജീവിതത്തിൽ ദൈവകൃപ നിറഞ്ഞിരിക്കുകയാണ് എന്നുതന്നെ അയാൾക്ക് തോന്നിയ ദിനങ്ങളായിരുന്നു അത്. എല്ലാം, താൻ പ്ലാൻ ചെയ്തപടി നടക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ജോസഫ്. 

വിവാഹം അടുത്തിരുന്ന ദിനങ്ങളിൽ ഒന്നിലാണ് ജോസഫിന് തന്റെ വൃഷണങ്ങളിൽ അതികലശലായ വേദന അനുഭവപ്പെടാൻ തുടങ്ങുന്നത്. രാവിലെ ജോഗിംഗിന് പോയി തിരിച്ചുവരുന്ന വഴിക്കാണ് അയാൾ അതാദ്യമായി ശ്രദ്ധിച്ചത്. കുളിക്കുന്നതിനിടെ പരിശോധിച്ചപ്പോൾ വലത്തേ വൃഷണം ഒരല്പം വീങ്ങിയിരിക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. എന്തോ പന്തികേടുണ്ട് എന്നയാൾക്ക് തോന്നി. 

ആരെയും അറിയിക്കാൻ പോയില്ല. നേരെ ഒരു ക്ലിനിക്കിലേക്ക് ചെന്നു. പ്രാഥമിക പരിശോധന നടത്തിയ നഴ്‌സും ആദ്യനോട്ടത്തിൽ താനെന്ന പറഞ്ഞു, "എന്തോ പ്രശ്നമുണ്ട്" അവർ വേഗം ചെന്ന് ഒരു ഡോക്ടറെ വിളിച്ചുവരുത്തി. അദ്ദേഹം വിശദമായ പരിശോധനകൾ നടത്തി. എന്തോ ഇൻഫെക്ഷനാണ് എന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക നിഗമനം. അദ്ദേഹം അണുബാധമാറാനുള്ള ആന്റിബയോട്ടിക്കുകൾ നൽകി ആദ്യ സന്ദർശനത്തിൽ ജോസഫിനെ മടക്കിയയച്ചു. ആന്റിബയോട്ടിക് ഒരു കോഴ്സ് കഴിച്ചിട്ടും വേദനയോ വീക്കമോ മാറിയില്ല. അനുദിനം രണ്ടും വർധിച്ചു വരികയും ചെയ്തു.

അതോടെ ജോസഫ് വീണ്ടും ഡോക്ടറെ തേടിച്ചെന്നു. ഇത്തവണ ഡോക്ടർ അയാളെ റെഫർ ചെയ്തുവിട്ടത് ഒരു യൂറോളജിസ്റ്റിന്റെ അടുത്തേക്കാണ്.  അയാൾ ജോസഫിനെ ഒരു ടെസ്റ്റിക്കുലാർ അൾട്രാ സൗണ്ട് സ്കാനിനു വിധേയനാക്കി. അതിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു വലത് വൃഷണത്തിനുള്ളിൽ വളര്ന്നുകൊണ്ടിരുന്ന ആ ട്യൂമർ.  അതിൽ നിന്ന് ഒരു സാമ്പിൾ ബയോപ്സി ചെയ്തെടുത്തയച്ചു ഡോക്ടർ. എന്തായാലും, വൃഷണം നീക്കം ചെയ്യുന്നതാണ് അഭികാമ്യമെന്നായി ഡോക്ടർ. ട്യൂമർ വന്നു എന്നതിനേക്കാൾ ജോസഫിനെ അലട്ടിയത് വൃഷണം നീക്കം ചെയ്യണം എന്ന ഡോക്ടറുടെ ഉപദേശമായിരുന്നു. ഒടുവിൽ മറ്റൊരു വഴിയും ഇല്ലാതിരുന്നതിനാൽ ഒരു മണിക്കൂർ നീണ്ടു നിന്ന ഒരു ഓപ്പറേഷനിലൂടെ ഡോക്ടർമാർ അയാളുടെ വലതു വൃഷണം നീക്കം ചെയ്തു. ഒരാഴ്ച കഴിഞ്ഞാണ് ബയോപ്സിയുടെ ഫലം വന്നത്. അത് ജോസഫിനെ ഞെട്ടിക്കുന്നതായിരുന്നു. മാലിഗ്നന്റ് ആയിരുന്നു ആ ട്യൂമർ. മിക്കവാറും അത് മറ്റുഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടാകാനും സാധ്യതയുണ്ട് എന്നായി ഡോക്ടർ. കീമോ തെറാപ്പി ആയിരുന്നു കാൻസർ ചികിത്സയുടെ അടുത്ത പടി. 

ഭാവി ഭർത്താവിനെ അവിചാരിതമായി ബാധിച്ച ഈ കാൻസർ റേച്ചലിനെ  സങ്കടപ്പെടുത്തിയെങ്കിലും, അത് ആ പെൺകുട്ടിയുടെ മനഃസ്ഥൈര്യത്തെ ഉലച്ചില്ല. തന്റെ ഭാവി ജീവിതപങ്കാളിയെ റേച്ചൽ കപ്പലിന് നങ്കൂരമെന്ന പോലെ കൂടെ നിന്ന് പിന്തുണച്ചു. അവർ വിവാഹിതരായി. വിവാഹശേഷം കാൻസറിന്റെ ചികിത്സ നടന്ന കാലമത്രയും റേച്ചൽ കൂടെത്തന്നെ നിന്ന് ജോസഫിനെ പരിചരിച്ചു.

കീമോതെറാപ്പി ജോസഫിനെ മാനസികമായി ഏറെ തളർത്തിയ ഒന്നായിരുന്നു. ' കീമോ വന്ധ്യതക്ക് കാരണമായേക്കും ' എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു അയാൾ മുമ്പ്. അല്ലെങ്കിൽ തന്നെ വലതു വൃഷണം നീക്കം ചെയ്തിരിക്കുന്നു, അതിനു പുറമെ ഇനി കീമോയും കൂടി ചെയ്‌താൽ എങ്ങനെ കുഞ്ഞുങ്ങളുണ്ടാകും എന്ന ആശങ്ക അയാളെ അലട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് കീമോക്ക് മുതിരും മുമ്പുതന്നെ ജോസഫിന്റെ ശുക്ലത്തിന്റെ സാമ്പിളുകൾ ചിലത് ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ശേഖരിച്ചു വെക്കാൻ അവർ തീരുമാനിച്ചു. 

 

 

ഒടുവിൽ, മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം കാൻസർ എന്ന ശത്രുവിനെ ജോസഫ് കീഴ്‌പ്പെടുത്തി എന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു. അയാൾക്ക് സന്തോഷമായി, റേച്ചലിനും.  കുഞ്ഞുങ്ങളുടെ കാര്യത്തിലും   പ്രതീക്ഷ കൈവെടിയാൻ ആ ദമ്പതികൾ ഒരുക്കമായിരുന്നില്ല. കാൻസർ തീർത്തും മാറി എന്നുറപ്പായ ജനുവരി 2018 മുതൽ അവർ ഒരു കുഞ്ഞിക്കാലു കാണാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു.  ഭാഗ്യവശാൽ, ഫെർട്ടിലിറ്റി ക്ലിനിക്കിൽ സൂക്ഷിച്ച ശുക്ളത്തിന്റെയോ, IVF ചികിത്സയുടെയോ ഒന്നും ആവശ്യം അവർക്കുണ്ടായില്ല. ഒടുവിൽ, സ്വാഭാവികമായ പരിശ്രമങ്ങളിലൂടെ തന്നെ റേച്ചൽ ഗർഭം ധരിച്ചു. ഈ മാർച്ചിൽ അവർക്ക് 2.5  കിലോ ഭാരമുള്ള ഒരു ആൺകുഞ്ഞ് ജനിച്ചു. അവർ അവനെ 'ജേക്കബ്' എന്ന് പേരിട്ടുവിളിച്ചു. ഇന്ന്  ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അച്ഛനമ്മമാരാണ് ജോസഫും റേച്ചലും.