ദില്ലി: ജമ്മു കശ്മീരിൽ കേന്ദ്രത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതാണെന്നും കശ്മീരികൾ പതിയെ മരിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഎം നേതാവ് തരിഗാമി. 

"അവർ പറയുന്നു ആരും മരിച്ചിട്ടില്ലെന്ന്, ആളുകൾ പതിയെ മരിച്ചുകൊണ്ടിരിക്കുകയാണ്, അവർക്ക് ശ്വാസംമുട്ടുന്നുണ്ട്. ഞങ്ങൾക്കും ജീവിക്കണം. അതിനുള്ള അവസരം ഞങ്ങൾക്കും നൽകണം," സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നാൽപ്പത് ദിവസത്തിലേറെ കശ്മീരിലും ഇന്റർനെറ്റും വൈദ്യ സഹായവും ലഭ്യമായിരുന്നില്ല. "കടകൾ തുറന്നിരുന്നില്ല, സ്കൂളുകൾ അടച്ചു. പൊതുഗതാഗത സംവിധാനമില്ല... 40 ദിവസത്തോളം ജനങ്ങൾക്ക് യാതൊരു ജോലിയും ചെയ്യാനായില്ല. ഭൂരിഭാഗം പേരും ദിവസവും ജോലി ചെയ്ത് സമ്പാദിക്കുന്നവരാണ്. അവരുടെ കുടുംബങ്ങൾ അതിനെ ആശ്രയിച്ച് ജീവിക്കുന്നവരും. ആശയവിനിമയം തടസ്സപ്പെട്ടത് ജനങ്ങളെ ഒറ്റപ്പെടുത്തി," തരിഗാമി ആരോപിച്ചു.

ഫറൂഖ് അബ്ദുള്ളയും മറ്റുള്ളവരും തീവ്രവാദികളല്ല. കശ്മീരിലെ ജനങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ദുർബലമാകുകയാണെന്നും തരിഗാമി കുറ്റപ്പെടുത്തി.