മംഗലൂരു: അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ കോംപ്ലക്സും മുസ്ലീങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ വിട്ടുകൊടുക്കാമെന്ന് പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്. മംഗലൂരു ലിറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ എക്സ്കവേറ്റിംഗ് ട്രൂത്ത് എന്ന സെഷനില്‍ ഹര്‍ഷ ഭട്ടുമായി  സംസാരിക്കുകയായിരുന്നു കെ കെ മുഹമ്മദ്.

നിയമപ്രകാരം മുസ്ലിം പള്ളികള്‍ വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. ആരാധാന സ്വാതന്ത്ര്യ നിയമ പ്രകാരം ഈ രണ്ട് പള്ളികളും മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അതേ സമയം മുസ്ലീങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വിട്ടുകൊടുക്കാമെന്നും അയോധ്യയില്‍ ഖനനം നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷകരിലൊരാളായ കെ കെ മുഹമ്മദ് അഭിപ്രായപ്പെട്ടു. 

അതേസമയം, താജ്‍മഹലും കുത്തബ് മിനാറും മുമ്പ് ക്ഷേത്രങ്ങളായിരുന്നുവെന്ന വാദം ശുദ്ധ അസംബന്ധമാണ്. ആര്‍ക്കിയോളജിയെക്കുറിച്ച് ഒന്നും അറിയാത്തവരാണ് അത്തരത്തില്‍ പറയുന്നത്. താജ്മഹലും കുത്തബ് മിനാറുമൊക്കെ സംബന്ധിച്ച് വിശദമായി പഠനം നടത്തിയിട്ടുണ്ട്. ചിലര്‍ പറയുന്നത് പോലെ അവിടെ ക്ഷേത്രമുണ്ടായിരുന്നതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അയോധ്യയോടൊപ്പം ഹിന്ദുത്വ സംഘടനകള്‍ അവകാശ വാദം ഉന്നയിക്കുന്നതാണ് വാരാണസിയിലെ ഗ്യാന്‍വാപി മുസ്ലിം പള്ളി. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്‍ ജനിച്ചുവെന്ന് പറയപ്പെടുന്ന മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ കോംപ്ലക്സിലെ മുസ്ലിം പള്ളിക്ക് മേലും ഹിന്ദുത്വ സംഘടനകള്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. അയോധ്യയിലെ ബാബ്‍രി മസ്ജിദിന് ശേഷം ഇതുരണ്ടുമായിരിക്കും ലക്ഷ്യമെന്ന് ഹിന്ദുത്വ  സംഘടനകള്‍ വ്യക്തമാക്കിയതാണ്. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷം വാരാണസി, മഥുര മുസ്ലിം പള്ളികളില്‍ അവകാശവാദമുന്നയിക്കില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. 

വാരാണസിയിലെ ഗ്യാന്‍വാപി മുസ്ലിം പള്ളി

അയോധ്യയില്‍ സത്യം പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നും കെ കെ മുഹമ്മദ് വ്യക്തമാക്കി. ഒരു മുസ്ലിം എന്ന നിലയില്‍ ഈ സത്യം പറയാന്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു . ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിട്ടും മതേതര രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത്. ഇന്ത്യന്‍ കലകളെയും സംസ്കാരത്തെയും കുറിച്ച് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. മുസ്ലിം രാജ്യങ്ങളിലേതുപോലെ, ഇന്ത്യയില്‍ ശ്രീരാമനെപ്പോലുള്ള ഹീറോകളെ നമ്മള്‍ ഏറ്റെടുക്കണം. ഇന്ത്യന്‍ പൈതൃകങ്ങളെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

അയോധ്യക്കേസില്‍ സുപ്രീം കോടതി പ്രധാന തെളിവായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനം പരിഗണിച്ചിരുന്നു. ബാബ്‍രി മസ്ജിദിന് താഴെ ഒരു നിര്‍മിതിയുണ്ടായിരുന്നുവെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയത്. 

മഥുരയിലെ മുസ്ലിം പള്ളി