മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. മന്ത്രി ഉത്തരേന്ത്യന്‍ യുവതയെ അപമാനിച്ചെന്ന് പ്രിയങ്ക ആരോപിച്ചു.
ദില്ലി: തൊഴിലില്ലായ്മ പ്രശ്നത്തില്‍ വിചിത്ര വാദവുമായി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗംഗ്‍വര്‍. ഉത്തരേന്ത്യയില്‍ യോഗ്യതയുള്ളവരുടെ കുറവാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്നമില്ല. ഉത്തരേന്ത്യയില്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള യോഗ്യതയുള്ളവരെ ലഭിക്കാത്തതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ മന്ത്രി കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി.
പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത്. പ്രാവീണ്യമുള്ളവരുടെ കുറവുണ്ടെന്നാണ് ഉദ്ദേശിച്ചത്. അത് നികത്താനായാണ് യുവാക്കള്‍ക്ക് തൊഴില്‍ പ്രാവീണ്യം നല്‍കാനായി പ്രത്യേക മന്ത്രാലയം തുടങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്ത് തൊഴിലവസരങ്ങളുടെ കുറവുണ്ടെന്ന് പറയുന്നത് ശരിയല്ല. ഉത്തരേന്ത്യയില്‍ തൊഴില്‍ റിക്രൂട്ട്മെന്‍റിനായി എത്തുന്ന കമ്പനികള്‍ക്ക് മതിയായ യോഗ്യതയുള്ളവരെ ലഭിക്കുന്നില്ലെന്നായിരുന്നു തന്‍റെ മണ്ഡലമായ ബറേലിയില്‍ മന്ത്രി നടത്തിയ പരാമര്‍ശം.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. മന്ത്രി ഉത്തരേന്ത്യന്‍ യുവതയെ അപമാനിച്ചെന്ന് പ്രിയങ്ക ആരോപിച്ചു. മിസ്റ്റര്‍ മന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നിങ്ങള്‍ ഭരിക്കുന്നു. ഇവിടെ തൊഴില്‍ സൃഷ്ടിച്ചിട്ടില്ല. സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെടുകയാണ്. ഉത്തരേന്ത്യക്കാരെ അധിക്ഷേപിച്ച് നിങ്ങള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു.
