ദില്ലി: നഗരങ്ങളില്‍ പശുക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ്(ദേശീയ പശു കമ്മീഷന്‍). നഗരങ്ങളിലെ പശുക്കളില്‍ നിന്ന് പാല്‍ ഉല്‍പാദിപ്പിച്ച് വരുമാനം കണ്ടെത്തുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നഗരങ്ങളില്‍ പശു ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നഗര വികസന മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്യത്താകമാനം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പശു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭായ് കത്താരിയ ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

നഗരമേഖലയിലെ സ്ഥലപരിമതി പലരെയും പശുക്കളെ പരിപാലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാല്‍ 20-25 ആള്‍ക്കാര്‍ക്ക് പശു ഹോസ്റ്റല്‍ നടത്താം. അവരുടെ പശുക്കളില്‍നിന്ന് ലഭിക്കുന്ന വരുമാനം അവര്‍ക്ക് എടുക്കാം. ഹോസ്റ്റലിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭൂമി നല്‍കണം. ഗുജറാത്തില്‍ ഈ രീതി പരീക്ഷിച്ച് വിജയം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  ചാണകവും ഗോമൂത്രവും ബയോഗ്യാസ് പ്ലാന്‍റ്, കൃഷി എന്നിവക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ പശു ആലയങ്ങള്‍(കൗ ഷെല്‍ട്ടര്‍) നിര്‍മിക്കണമെന്നും കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.