എന്നെ രക്ഷിക്കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും നാല് കുട്ടികളുടെ അച്ഛനാണ് താനെന്നും യുവാവ് ട്വീറ്റ് ചെയ്തു.

ദില്ലി: രാജ്യത്തേക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന പ്രവാസി യുവാവിന്‍റെ ട്വീറ്റിന് മറുപടിയുമായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവാണ് തന്നെ രക്ഷപ്പെടുത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. 
'കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ എംബസിയോട് സഹായമഭ്യര്‍ഥിക്കുകയാണ്. ഒരു കാര്യവുമുണ്ടായിട്ടില്ല. എന്നെ രക്ഷിക്കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും നാല് കുട്ടികളുടെ അച്ഛനാണ് താനെന്നും യുവാവ് ട്വീറ്റ് ചെയ്തു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. ആവശ്യമായ നടപടികള്‍ എംബസി സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് റിയാദിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടി. 

തൊഴില്‍ ഭാരം താങ്ങാനാകുന്നില്ലെന്നാണ് യുവാവിന്‍റെ പരാതി. 21 മാസമായി ഒരു അവധി പോലും എടുക്കാനായിട്ടില്ലെന്നും യുവാവ് പറയുന്നു. വിസയുടെ കോപ്പിയും ഫോണ്‍ നമ്പറും നല്‍കാന്‍ എംബസി ആവശ്യപ്പെട്ടെങ്കിലും വിസ കൈയിലില്ലെന്നും ഇഖാമ(താമസാനുമതി) യാണ് കൈയിലുള്ളതെന്നും യുവാവ് ട്വിറ്ററില്‍ അറിയിച്ചു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അലി എന്ന് മാത്രമാണ് ഇയാള്‍ ട്വറ്ററില്‍ നല്‍കിയിരിക്കുന്നത്.

Scroll to load tweet…