സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന്  ദില്ലി അതീവ ജാഗ്രതയിലാണ്. 200 ദ്രുത കർമ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോൺ നീരീക്ഷണം തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ സി പി ദിപേന്ദ്ര പഥക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ പൊലീസുകാരനടക്കം ഏഴുപേർക്ക് പരിക്കേറ്റു. ദില്ലി പൊലീസ് സബ് ഇൻസ്പെക്ടർ മേഖലാൽ മീണക്കാണ് പരിക്കേറ്റത്. വെടിയുണ്ടയേറ്റാണ് പരിക്ക്. എന്നാൽ വെടിയേറ്റതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന് ദില്ലി അതീവ ജാഗ്രതയിലാണ്. 200 ദ്രുത കർമ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോൺ നീരീക്ഷണം തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ സി പി ദിപേന്ദ്ര പഥക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റു പ്രശ്നങ്ങളിലേക്ക് പോകാതെ നോക്കാനാണ് ശ്രമം. ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മേഖലയിൽ കൂടൂതൽ പൊലീസിനെ വ്യന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കു പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. 

എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെ ഇതുവഴി ഘോഷയാത്ര നടന്നിരുന്നു. ഇതിന് നേരെ കല്ലേറ് നടന്നതായാണ് വിവരം. കർശന സുരക്ഷയൊരുക്കാൻ ദില്ലി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.